വിഴിഞ്ഞം പദ്ധതിക്കെതിരായ ഹരജി: ഹരിത കോടതിയുടെ ഡല്‍ഹി ബെഞ്ച് പരിഗണിക്കും; സ്റ്റേ സുപ്രിംകോടതി നീക്കി

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ഹരജികള്‍ പരിഗണിക്കാന്‍ ദേശീയ ഹരിത കോടതിക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ സുപ്രിംകോടതി നീക്കി. ആറാഴ്ചയ്ക്കുള്ളില്‍ കേസില്‍ വാദം കേട്ട് വിധി പറയാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഹരിത കോടതിയുടെ ഡല്‍ഹി ബെഞ്ചിനോട് ഹരജികള്‍ പരിഗണിക്കാന്‍ ഉത്തരവിട്ട സുപ്രിംകോടതി, ഹരിതകോടതിയുടെ തീരുമാനം വരുന്നതു വരെ നിര്‍മാണവുമായി മുന്നോട്ടുപോവാമെന്നും വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിക്കെതിരായ കേസുകളില്‍ ഇടപെടാന്‍ ഹരിത കോടതിയുടെ ചെന്നൈ ബെഞ്ചിനാണ് അധികാരമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളിയാണ് സുപ്രിംകോടതിയുടെ നടപടി.
കേസിനെ മുന്‍വിധിയോടെ സമീപിക്കരുതെന്നും ഇടക്കാല വിധി പുറപ്പെടുവിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഡല്‍ഹി ബെഞ്ചില്‍ കേസ് നടത്താന്‍ കേരളാ സര്‍ക്കാരും തുറമുഖ നിര്‍മാണക്കരാറിന്റെ ചുമതലയുള്ള അദാനിയും സാമ്പത്തികശേഷിയില്ലാത്തവരല്ലെന്നും കോടതി നിരീക്ഷിച്ചു. കേസിലെ പ്രധാനപ്പെട്ട വിഷയത്തിലേക്ക് കടക്കണമെങ്കില്‍ തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്യേണ്ടി വരും. അതിനാല്‍ ഹരിത കോടതിയിലെ കേസില്‍ തീര്‍പ്പുണ്ടാകട്ടെ എന്ന് സുപ്രിംകോടതി നിലപാട് സ്വീകരിക്കുകയായിരുന്നു.
പരിസ്ഥിതി നിയമങ്ങള്‍ പാലിച്ചാണോ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് അന്തിമ അനുമതി നല്‍കിയതെന്നാവും പ്രധാനമായും ഹരിത കോടതിയുടെ ഡല്‍ഹി ബെഞ്ച് പരിശോധിക്കുക. വിഴിഞ്ഞം പദ്ധതിക്കു നല്‍കിയ പാരിസ്ഥിതിക അനുമതി തെറ്റാണെന്ന് ഭാവിയില്‍ കണ്ടെത്തിയാല്‍ വിഴിഞ്ഞത്തെ കടല്‍തീരം പൂര്‍വസ്ഥിതിയിലാക്കാമെന്ന് നേരത്തെ നല്‍കിയ ഉറപ്പ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തില്‍ സുപ്രിംകോടതി നീരസം പ്രകടിപ്പിച്ചു. വിഴിഞ്ഞത്തെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ച് വാദംകേള്‍ക്കാന്‍ തയ്യാറുണ്ടോയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.
പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ തീരദേശ നിയന്ത്രണ മേഖലയുടെ പരിധിയില്‍ പെടുന്നതാണോ എന്ന് പരിശോധിക്കേണ്ടെതുണ്ടെന്ന് ചൂണ്ടിക്കാട്ടി 2014 ജൂലൈ 17നാണ് ഹരിത കോടതി പദ്ധതിക്കുള്ള അനുമതി നിഷേധിച്ചത്. വിഴിഞ്ഞം സ്വദേശികളായ വില്‍ഫ്രഡ് ജെ, മേരിദാസന്‍ എന്നിവരാണ് ഹരിത കോടതിയെ സമീപിച്ചിരുന്നത്. വിധി ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച് കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് വിഴിഞ്ഞം പദ്ധതി സംബന്ധിച്ച ഹരജികളില്‍ ഇടപെടുന്നതിന് ഹരിതകോടതിയെ സുപ്രിംകോടതി വിലക്കിയത്. വിഴിഞ്ഞം പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിക്കാനിടയായ 2011ലെ തീരദേശ പരിപാലന നിയമ ഭേദഗതിയില്‍ ഇടപെടാന്‍ ഹരിത കോടതിക്ക് അധികാരമില്ലെന്ന കേസില്‍ പിന്നീട് വാദംകേള്‍ക്കും.
Next Story

RELATED STORIES

Share it