thiruvananthapuram local

വിഴിഞ്ഞം തുറമുഖ പദ്ധതി നഷ്ടപരിഹാരം; കട്ടമരങ്ങളും മല്‍സ്യബന്ധന ഉപകരണങ്ങളും തുറമുഖ കമ്പനി ഏറ്റെടുത്തു

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ആദ്യഘട്ട നഷ്ടപരിഹാര വിതരണ പാക്കേജിന് അര്‍ഹരായവരുടെ കട്ടമരങ്ങളും മല്‍സ്യബന്ധന ഉപകരണങ്ങളും തുറമുഖ കമ്പനി ഏറ്റെടുത്തു. മുല്ലൂര്‍ പദ്ധതിപ്രദേശത്തുവച്ച് ഇന്നലെയാണ് മുല്ലൂരിലെ ചിപ്പി, ലോബ്സ്റ്റര്‍ തൊഴിലാളികളുടെ കട്ടമരങ്ങള്‍ തുറമുഖ കമ്പനി ഏട്ടെടുത്തത്. കൈമാറിയ കട്ടമരങ്ങള്‍ പദ്ധതിപ്രദേശത്തുനിന്ന് മാറ്റി. ആദ്യഘട്ട പാക്കേജ് വിതരണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കോട്ടപ്പുറം വലിയ കടപ്പുറത്തെ കരമടി മല്‍സ്യബന്ധന ഉടമകളുടെയും തൊഴിലാളികളുടെയും മല്‍സ്യബന്ധന ഉപകരണങ്ങള്‍ കൈമാറുന്നത് സമയക്കുറവ് മൂലം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.
തുറമുഖ കമ്പനിയുടെ എക്‌സ്‌റ്റേണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ജിനീയര്‍ എ എസ് പ്രദീപ്, സെക്രട്ടറി ഉമാശങ്കര്‍, അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ വിനോദ്, എസ്‌റ്റേറ്റ് ഓഫിസര്‍ കെ ഗോപിനാഥന്‍, ഉപജീവനാഘാത നിര്‍ണയ സമിതി, അപ്പീല്‍ കമ്മിറ്റി അംഗങ്ങള്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സലിം, വിഴിഞ്ഞം ഫിഷറീസ് ഓഫിസര്‍ റൊണാള്‍ഡ്, പള്ളം ഫിഷറീസ് ഓഫിസര്‍ ലിജിന്‍ ജോലികള്‍ക്ക് നേതൃത്വം നല്‍കി.
കട്ടമരം തീരത്തുനിന്ന് മാറ്റിയതോടെ പദ്ധതിപ്രദേശത്തെ റോഡ് നിര്‍മാണം അദാനി ഗ്രൂപ്പ് വേഗത്തിലാക്കി. വിഴിഞ്ഞം കരിമ്പള്ളിക്കരയില്‍ ആരംഭിച്ച് മുല്ലൂര്‍ തുറമുഖ കവാട റോഡുമായി ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെയാണ് തുറമുഖ നിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നത്. പാക്കേജ് നിര്‍ണയം നീണ്ടു പോയതിനാല്‍ ഇവിടത്തെ റോഡുപണി തടസ്സപ്പെട്ടിരുന്നു. റോഡുനിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വാഹനങ്ങള്‍ക്ക് പദ്ധതിപ്രദേശത്ത് പ്രവേശിക്കാനാവും. പാക്കേജ് വിതരണം ഇന്നും നാളെയും തൈക്കാട് ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
Next Story

RELATED STORIES

Share it