kannur local

വിളയാങ്കോട് കവര്‍ച്ച: നാലുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: ദേശീയപാതയില്‍ വിളയാങ്കോട് സദാശിവപുരം ക്ഷേത്രത്തിനു സമീപത്തെ നിഹാല്‍ ട്രേഡേര്‍സ് ഉടമ കെ വി തമ്പാന്റെ വീട് കുത്തിതുറന്ന് കവര്‍ച്ച നടത്തിയ നാലംഗസംഘം അറസ്റ്റില്‍. കാസര്‍കോട് പള്ളിക്കരയിലെ കല്ലിങ്കീല്‍ തോട്ടീക്കല്‍ ഇംതിയാസ്(26), പെരിയടുക്കം ബിസ്മില്ല മന്‍സിലില്‍ മുഹമ്മദ് യാസിന്‍(25), പെരിയടുക്കം തായംമൊട്ടമ്മലില്‍ അബ്ദുല്‍ ഖാദര്‍(25), പള്ളിക്കര ബിലാല്‍ നഗറില്‍ സാദിഖ്(22) എന്നിവരെയാണ് തളിപ്പറമ്പ് സിഐ കെ വിനോദ് കുമാര്‍ അറസ്റ്റ് ചെയ്തത്.
വിളയാങ്കോട് സംഘം എത്തിയ കെഎല്‍ 60കെ 3073 നമ്പര്‍ മാരുതി സ്വിഫ്റ്റ് കാറും പോലിസ് കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട്ട് നിന്നു കാര്‍ വാടകയ്‌ക്കെടുത്താണ് സംഘം കവര്‍ച്ച നടത്തിയത്. ആഭരണങ്ങള്‍ ബേക്കല്‍, മംഗലാപുരം, മൈസൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു പോലിസ് കണ്ടെടുത്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് ഞായറാഴ്ച രാവിലെയാണ് വിളയാങ്കോട്ടെ വീട്ടില്‍ കവര്‍ച്ച നടന്നത്.
തമ്പാനും ഭാര്യ അനിതയും ചുമടുതാണ്ടി മുത്തപ്പന്‍ ക്ഷേത്രത്തില്‍ പോയ സമയത്താണ് കവര്‍ച്ച നടന്നത്. മൂന്ന് അലമാരകളില്‍ നിന്നായി 28 പവനും 54000 രൂപയും ഒപ്പം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കാര്‍ഡും മോഷ്ടിച്ചിരുന്നു. ഇത് ഉപയോഗിച്ച് ചിറവക്കില്‍ നിന്ന് പണം കവര്‍ന്നതാണ് പ്രതികളെ പിടികൂടാന്‍ വഴിയൊരുക്കിയത്.
സംഘത്തലവനായ ഇംതിയാസ് ആറോളം കേസിലെ പ്രതിയാണ്. ഇംതിയാസും മുഹമ്മദ് യാസിനും മംഗലാപുരത്ത് നിന്നാണ് പോലിസ് പിടിയിലായത്. മറ്റ് രണ്ടു പേരെ തളിപ്പറമ്പിനടുത്ത് നിന്നു കസ്റ്റഡിയിലെടുത്തു.
ജില്ലാ പോലിസ് മേധാവി പി ഹരിശങ്കറിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് പ്രതികളെ ദിവസങ്ങള്‍ക്കകം പിടികൂടിയത്.
Next Story

RELATED STORIES

Share it