palakkad local

വിളഞ്ഞ നെല്ല് കൊയ്യാനാവാതെ കര്‍ഷകര്‍

ചളവറ: കാഞ്ഞിരപ്പുഴ കനാല്‍ പദ്ധതിയില്‍ അകാലത്തില്‍ വെള്ളം തുറന്നുവിട്ടത് മൂലം ചളവറയില്‍ അറുപത് ഏക്കര്‍ നെല്‍കൃഷി വെള്ളത്തിനടിയിലായി. നെല്ല് കൊയ്‌തെടുക്കാനാവാതെ കര്‍ഷകര്‍ ദുരിതത്തിലായി. ചളവറ പാലാട്ടുപടി പാടശേഖരത്തിലെ അറുപത് ഏക്കറോളം നെല്‍കൃഷിയാണ് വെള്ളം കെട്ടി നില്‍ക്കുന്നത് നിമിത്തം കൊയ്‌തെടുക്കാനാവാതെ നശിക്കുന്നത്.
നാലു ദിവസങ്ങള്‍ക്കു മുമ്പാണ് കാഞ്ഞിരപ്പുഴ കനാലിന്റെ ചളവറ പ്രദേശത്തൂടെയാണ് വെള്ളം വന്നു തുടങ്ങിയത്. ഇതോടെ കനാലില്‍ നിന്നും താഴെ കിടക്കുന്ന പാലാട്ടുപടി പാടശേഖരത്തിലെ പാടങ്ങളില്‍ വെള്ളം നിറഞ്ഞു. ഇതോടെ കോഴിതൊടി ജനാര്‍ദ്ദനന്‍ നായര്‍, കാളിയത്ത് ഗോപാലകൃഷ്ണന്‍, ദാമോദരന്‍, പമ്പാവാസന്‍ തുടങ്ങി പതിനഞ്ചോളം കര്‍ഷകരുടെ നെല്‍കൃഷിയാണ് കൊയ്‌തെടുക്കാനാവാതെ നശിക്കുന്നത്. വെള്ളം തുറന്നു വിടുന്നത് ഒരാഴ്ച വൈകിയ്ക്കണമെന്ന് കനാല്‍ അധികൃതരോട് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പായില്ല എന്ന് കര്‍ഷകര്‍ പറയുന്നു. ഇതോടെ ഒരാഴ്ചയ്ക്കകം വിളവെടുക്കാന്‍ പാകമായ നെല്ലാണ് വെള്ളത്തിനടിയിലായത്. കനാല്‍ വെള്ളം തുറന്ന് വിടുന്നത് കര്‍ഷകരുടെ ആവശ്യമനുസരിച്ചല്ല എന്ന് കര്‍ഷകര്‍ പറയുന്നു.
നടീല്‍ നടത്തേണ്ട സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ജലക്ഷാമം മൂലം കനാല്‍ തുറക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല. ഇതിനാല്‍ വന്‍ സാമ്പത്തിക ബാധ്യത സഹിച്ച് മോട്ടോറും മറ്റും ഉപയോഗിച്ചാണ് ഇവിടുത്തെ കര്‍ഷകര്‍ നടീല്‍ പൂര്‍ത്തിയാക്കിയത്. ഈ നെല്ല് വിളവെടുക്കാന്‍ പാകമായപ്പോഴാണ് കനാല്‍ വെള്ളം തുറന്നുവിട്ടത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായത്. നെല്ല് വേഗത്തില്‍ കൊയ്‌തെടുക്കുന്നതിനായി തമിഴ്‌നാട്ടില്‍ നിന്നും രണ്ട് കൊയ്ത്തുയന്ത്രങ്ങള്‍ കൊണ്ടുവന്നുവെങ്കിലും വെള്ളത്തിന്റെ ആധിക്യം നിമിത്തം ഇവ വയലില്‍ പുതഞ്ഞു പോവുകയാണുണ്ടായത്.
മണിക്കൂറുകളുടെ അശാന്ത പരിശ്രമം മൂലമാണ് ഇവയെ ചേറില്‍ നിന്നും പുറത്തെടുത്തത്. ഇവയുടെ വാടകയും മറ്റു ചെലവുകളും ഇതോടെ കര്‍ഷകരുടെ ചുമലിലായി. കൂടാതെ വെള്ളം നനഞ്ഞ നെല്ല് കൊയ്‌തെടുത്തിട്ടും ഉപയോഗിക്കാനാവില്ലെന്ന് കര്‍ഷകര്‍ പറയുന്നു. സാധാരണ വൈക്കോല്‍ വില്‍ക്കുന്നതിലൂടെ ചെറിയ വരുമാനം കര്‍ഷകര്‍ക്ക് ലഭിക്കാറുണ്ട്. എന്നാല്‍ വെള്ളം നനഞ്ഞ് കുതിര്‍ന്ന വൈക്കോലിന് ആവശ്യക്കാരുണ്ടാകില്ല എന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. ഇതു കൊണ്ടൊക്കെ നെല്ല് കൊയ്‌തെടുക്കാനില്ലെന്ന് തീരുമാനത്തിലാണ് ഇവരില്‍ ചിലര്‍. ചെറുകിട നാമമാത്ര കര്‍ഷകരാണ് ഈ മേഖലയില്‍ ഏറെയും.
വായ്പയെടുത്തും പലിശക്ക് പണം വാങ്ങിയുമാണ് ഏറെ പേരും കൃഷി നടത്തുന്നത്.നെല്‍കൃഷിയുടെ സാമ്പത്തിക ബാധ്യതയേറുന്നതിനാല്‍ അടുത്ത വിള ഇറക്കേണ്ടെന്ന തീരുമാനത്തിലാണ് ഇവര്‍. ഇത്രയും നഷ്ടമുണ്ടായിട്ടും അധികൃതരാരും ഇവരെ തിരിഞ്ഞു നോക്കിയിട്ടില്ല.
കാഞ്ഞിരപ്പുഴകനാല്‍ തുറക്കുന്നത് കാര്‍ഷിക കലണ്ടര്‍ അനുസരിച്ചാകണമെന്നത് വര്‍ഷങ്ങളായി ചളവറയിലെ കര്‍ഷകരുടെ ആവശ്യമാണ്. അകാലത്തില്‍ ഇത്തരത്തില്‍ കനാല്‍ വെള്ളം തുറന്ന് വിടുന്നത് ദോഷകരമായി ബാധിക്കുന്നത് മേഖലയിലെ കര്‍ഷകരുടെ ജീവിതങ്ങളെയാണ്.
Next Story

RELATED STORIES

Share it