malappuram local

വില കുത്തനെ ഇടിഞ്ഞു; വിളവെടുപ്പ്‌പോലും നഷ്ടത്തിലായി രാമച്ചം കൃഷി

പൊന്നാനി: വിപണിയില്‍ രാമച്ചത്തിന് വില കുത്തനെ ഇടിഞ്ഞതോടെ കര്‍ഷകര്‍ ദുരിതത്തിലായി. പലരും നഷ്ടത്തിന്റെ ഭീകരതയോര്‍ത്ത് വിളവെടുപ്പ് പോലും നടത്തിയിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രാമച്ചം കൃഷി ചെയ്യുന്ന പുതുപൊന്നാനി മുതല്‍ തൃശൂര്‍ ജില്ലയിലെ ചാവക്കാട് വരെയുള്ള തീരദേശമേഖലയിലെ കര്‍ഷകരാണ് ദുരിതത്തിലായത്. മൊത്ത വിപണിയില്‍ കിലോയ്ക്ക് 140 രൂപവരെ ഉണ്ടായിരുന്ന മുന്തിയ ഇനം രാമച്ചത്തിന് ഇപ്പോള്‍ 60 രൂപയാണ് ലഭിക്കുന്നത്.
തമിഴ്‌നാട്ടിലെ കടലൂരില്‍ നിന്ന് വ്യാപകമായി രാമച്ചം സംസ്ഥാനത്തെ വിപണിയിലേക്കെത്തിയതാണ് വില കുത്തനെ ഇടിയാന്‍ കാരണം. പാലപ്പെട്ടി, പൊന്നാനി ,പെരിയമ്പലം ,അണ്ടത്തോട് ,മന്ദലാംകുന്ന്, ചാവക്കാട് മേഖലയിലെ രാമച്ചത്തിന് ദേശീയ മാര്‍ക്കറ്റിലും അന്തര്‍ദേശീയ മാര്‍ക്കറ്റിലും ആവശ്യക്കാര്‍ ഏറെയായിരുന്നു. കര്‍ണാടക, ഡല്‍ഹി, ഹരിയാന, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലേക്കാണ് ഇവിടെ നിന്ന് രാമച്ചം പ്രധാനമായും കയറ്റിപ്പോയിരുന്നത്. ഇതിന് പുറമെ ശ്രീലങ്ക, അറേബ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും കയറ്റിപ്പോയിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് വ്യാപകമായി രാമച്ചം കുറഞ്ഞ വിലയ്ക്ക് എത്തിത്തുടങ്ങിയതോടെ ഈ മേഖലയിലെ കര്‍ഷകര്‍ ദുരിതത്തിലായി. തീരദേശ മേഖലയില്‍ മുന്നൂറോളം ഏക്കറിലാണ് രാമച്ചം കൃഷി നടക്കുന്നത്. ഒരേക്കറില്‍ കൃഷിയിറക്കാന്‍ രണ്ട് ലക്ഷം രൂപയോളം ചിലവ് വരും. പലരും പാട്ടത്തിന് ഭൂമിയെടുത്താണ് കൃഷിയിറക്കുക. ഒരേക്കര്‍ ഭൂമിക്ക് വര്‍ഷത്തില്‍ അമ്പതിനായിരം രൂപയോളം പാട്ടത്തുക നല്‍കണം.
രാമച്ചം കിലോയ്ക്ക് 100 രൂപയ്ക്ക് മുകളില്‍ ലഭിച്ചാല്‍ മാത്രമെ കൃഷി ലാഭകരമാവൂ. വിദേശത്ത് ഏറെ ആവശ്യക്കാരുള്ള രാമച്ചത്തൈലം, രാമച്ച ഉല്‍പ്പന്നങ്ങളായ ചവിട്ടി, കിടക്ക, ചെരുപ്പ്, എന്നിവയുടെ നിര്‍മാണത്തിന് പ്രധാനമായും പാലപ്പെട്ടി മേഖലയില്‍ നിന്നുള്ള രാമച്ചമാണ് ഉപയോഗിച്ചിരുന്നത്. രാമച്ച വിലയില്‍ സ്ഥിരത ഉണ്ടാവാത്ത സാഹചര്യത്തില്‍ വിപണിയില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഇങ്ങോട്ടെത്തുന്ന രാമച്ചത്തിന്റെ കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
Next Story

RELATED STORIES

Share it