thiruvananthapuram local

വില്‍പ്പനയ്ക്ക് കൊണ്ടുവന്ന ഒന്നരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കാട്ടാക്കട: വില്‍പ്പനയ്ക്ക് കൊണ്ടുവന്ന ഒന്നരക്കിലോ കഞ്ചാവുമായി രണ്ടു പേര്‍ പോലിസ് പിടിയില്‍. തിരുവനന്തപുരം മണക്കാട് അട്ടകുളങ്ങര കരിമഠം കോളനിയില്‍ ടിസി 39/1832 ല്‍ നിയാസ് (25), ഇതേ കോളനിയില്‍ ടിസി 39/1833ല്‍ 12ാം നമ്പര്‍ വീട്ടില്‍ സുഭാഷ് എന്നിവരെയാണ് വിളപ്പില്‍ശാല പോലിസ് പിടികൂടിയത്.
തമിഴ്‌നാട്ടില്‍ നിന്ന് കഞ്ചാവ് വാങ്ങി ഗ്രാമീണ മേഖലകളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ചില്ലറ കച്ചവടക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന വിതരണക്കാരാണ് ഇവരെന്ന് പോലിസ് പറഞ്ഞു. ആവശ്യക്കാരുമായി ഫോണ്‍ മുഖേന ഇടപാട് ഉറപ്പിച്ച ശേഷം ഇരുവരും ചേര്‍ന്ന് സ്‌കൂട്ടറില്‍ കഞ്ചാവ് എത്തിച്ചു നല്‍കുകയാണ് രീതി. ഇന്നലെ പുലര്‍ച്ചെ കഞ്ചാവുമായി രണ്ടു പേര്‍ സ്‌കൂട്ടറില്‍ പേയാട് വഴി വരുന്നുണ്ടെന്ന് നെടുമങ്ങാട് ഡിവൈഎസ്പി സെയ്ഫുദീന് രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്ന് കാട്ടാക്കട സിഐ എ ഒ സുനിലിന്റെ നേതൃത്വത്തില്‍ വിളപ്പില്‍ശാല എസ്‌ഐ ഹേമന്ത്കുമാര്‍, എഎസ്‌ഐ ഉദയകുമാര്‍, എസ്‌സിപിഒ ബിജു എന്നിവരടങ്ങുന്ന പോലിസ് സംഘം പേയാട് കാത്തുനിന്നു. വെളുപ്പിന് ആറു മണിയോടെ സ്‌കൂട്ടറില്‍ അമിതവേഗത്തില്‍ വരികയായിരുന്ന പ്രതികള്‍ പോലിസിനെകണ്ട് വാഹനം വെട്ടിച്ച് വെള്ളനാട് റോഡിലൂടെ വിളപ്പില്‍ശാല ഭാഗത്തേക്ക് പാഞ്ഞു. പിന്നാലെ പാഞ്ഞ പോലിസ് വിളപ്പില്‍ സിഎച്ച്‌സിയ്ക്ക് സമീപത്തു വച്ച് ഇരുവരെയും സാഹസികമായി പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന ഒന്നരക്കിലോ കഞ്ചാവ് പോലിസ് കണ്ടെടുത്തു.
നഗരത്തിലെ വിവിധ പോലിസ് സ്‌റ്റേഷനുകളിലായി കഞ്ചാവ് വില്‍പ്പന, പിടിച്ചുപറി, മോഷണം, അടിപിടി തുടങ്ങിയ കേസുകളില്‍ ഇവര്‍ പ്രതികളാണ്. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണിവരെന്നും പോലിസ് സംശയിക്കുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it