വില്‍പനശാലകള്‍ക്കു സമീപംമദ്യം കുടിക്കാന്‍ സൗകര്യം വേണമെന്ന ഹരജി തള്ളി

കൊച്ചി: ബിവറേജസ് വില്‍പനശാലകള്‍ക്കു സമീപം മദ്യം കുടിക്കാന്‍ സൗകര്യമൊരുക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. മദ്യം ഉപയോഗിക്കുന്നതിന് സൗകര്യമൊരുക്കാന്‍ സര്‍ക്കാരിനെ ബാധ്യതപ്പെടുത്തുന്ന നിയമങ്ങളോ ചട്ടങ്ങളോ നിലവിലില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്. ബിവറേജസിന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും വില്‍പനശാലകളില്‍ നിന്നു നിയമപ്രകാരം വാങ്ങുന്ന മദ്യം മാന്യമായി കുടിക്കാന്‍ സൗകര്യം വേണമെന്നാവശ്യപ്പെട്ട് എറണാകുളം നോര്‍ത്ത് പറവൂര്‍ വടക്കേക്കര സ്വദേശി പാച്ചു എന്ന പി ആര്‍ സജീവ് നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

പൊതുസ്ഥലത്ത് മദ്യപിക്കുന്നത് കുറ്റകരമായ സാഹചര്യമാണ്. കുടുംബത്തിനുള്ളില്‍ വച്ച് കുടിക്കുന്നത് സമാധാനവും സന്തോഷവും തകര്‍ക്കും. ചിലപ്പോഴൊക്കെ ക്രിമിനല്‍ കേസിനോ ഗാര്‍ഹിക പീഡന നിയമപ്രകാരമുള്ള കേസിനോ വഴിയൊരുക്കും. ഇതൊക്കെ ഒഴിവാക്കാനും മാന്യമായി മദ്യം കഴിക്കാനും ഔട്ട്‌ലെറ്റുകള്‍ക്ക് അടുത്തു തന്നെ സൗകര്യം വേണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്ത് ബിയര്‍പാര്‍ലറിനോടു ചേര്‍ന്നുള്ള ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ടച്ചിങ്‌സ് ആയി അച്ചാറും മറ്റും വില്‍ക്കുന്നുണ്ട്. ബിയര്‍ കഴിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഇതു നല്‍കുന്നത്. ഇത്രയും സൗകര്യം ഒരുക്കാമെങ്കില്‍ ഇരുന്നു കഴിക്കാനുള്ള സൗകര്യം കൂടി നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it