thiruvananthapuram local

വില്ലേജ് ഓഫിസ് സ്‌ഫോടനം: പ്രദേശവാസികള്‍ ഭീതിയില്‍; പിന്നില്‍ ക്വാറി മാഫിയയെന്ന് ആരോപണം

വെള്ളറട: വെള്ളറട നിവാസികളെ ഭീതിയുടെ നിഴലില്‍ നിന്നു വിമുക്തമാക്കാതെ വില്ലേജ് ഓഫിസിലെ സ്‌ഫോടനം. വില്ലേജ് ഓഫിസ് ആക്രമണത്തിനു പിന്നില്‍ ക്വാറി മാഫിയയാണെന്ന് ആരോപണവും ശക്തിപ്പെടുന്നു. വെള്ളറട വില്ലേജ് പരിധിയില്‍ 100ല്‍പരം അനധികൃത ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നതില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഒരെണ്ണം മാത്രമാണ്. ബാക്കി എല്ലാ ക്വാറികളും അടച്ചുപൂട്ടിയതിനാല്‍ വില്ലേജ് അധികൃതര്‍ക്കെതിരെ ക്വാറി മാഫിയയുടെ എതിര്‍പ്പ് ശക്തമായിരുന്നു.
രണ്ടുദിവസം മുമ്പ് പ്ലാംകുടി കാവിലെ ക്വാറി മാഫിയ നേതാവ് സാജന്‍ മാണിയുടെ നേതൃത്വത്തിലുള്ള സംഘം വില്ലേജിലെത്തി വിജിലന്‍സ് എന്‍ക്വയറി അവര്‍ക്ക് അനുകൂലമായി റിപോര്‍ട്ട് ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നതായി ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് റിസിലയ്യന്‍ ആരോപിച്ചു. അതിന്റെ പ്രതികാരമാണ് ആക്രമണമമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.
അനധികൃത ഖനനം ലക്ഷ്യമിട്ട് കോട്ടയം സ്വദേശി സാജന്‍ മാണി വന്‍തോതില്‍ പാറമടകള്‍ വാങ്ങിക്കൂട്ടിയെങ്കിലും ഖനനം ചെയ്യാനുള്ള ശ്രമം നാട്ടുകാരും ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും ചേര്‍ന്നു തടഞ്ഞിരുന്നു. ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്ന ഖനനം പുനരാരംഭിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വകാര്യവ്യക്തിയുടെ കൈവശം 15 സെന്റിലധികം സര്‍ക്കാര്‍ ഭൂമിയുമുണ്ടെന്നു കാണിച്ച് വിജിലന്‍സിനു പരാതി നല്‍കിയിരുന്നു. വിജിലന്‍സ് അന്വേഷണ ചുമതല വെള്ളറട വില്ലേജ് അധികൃതര്‍ക്ക് കൈമാറി. വിജിലന്‍സ് അന്വേഷണരേഖകള്‍ നശിച്ചാല്‍ ക്വാറി മാഫിയക്ക് ഗുണം ചെയ്യുമെന്നതാവാം വില്ലേജ് ഓഫിസ് സ്‌ഫോടനത്തിനു പിന്നിലെന്ന് സഹ്യപര്‍വത സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.
വില്ലേജ് ഓഫിസ് കത്തിച്ച് നാശനഷ്ടം സൃഷ്ടിച്ച ആക്രമിയെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സിപിഐ വെള്ളറട മണ്ഡലം സെക്രട്ടറി അഡ്വ.കള്ളിക്കാട് ചന്ദ്രന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it