വില്ലേജ് ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന; ക്രമക്കേടുകള്‍ കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട വില്ലേജ് ഓഫിസുകളില്‍ വിജിലന്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. വസ്തു പോക്കുവരവ് ചെയ്യുന്നതിലെ ക്രമക്കേട്, സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിലെ കാല താമസം, റവന്യൂ റിക്കവറി നടപടികളിലെ ക്രമക്കേട് എന്നിവയെക്കുറിച്ചാണ് ഓപറേഷന്‍ ഗ്രാമം എന്ന പേരില്‍ പരിശോധന നടത്തിയത്.
ലക്ഷക്കണക്കിന് രൂപയുടെ റവന്യൂ റിക്കവറിയില്‍ യാതൊരു നടപടികളും സ്വീകരിക്കാതെ ക്രമക്കേട് നടത്തിയതായി പരിശോധനയില്‍ കണ്ടെത്തി. നികുതി ഇനത്തില്‍ പിരിഞ്ഞു കിട്ടിയ തുക കാഷ് ബുക്കില്‍ രേഖപ്പെടുത്താതെയും ട്രഷറിയില്‍ അടയ്ക്കാതെയും ആയിരക്കണക്കിന് രൂപ ഉദ്യോഗസ്ഥരുടെ കൈവശം സൂക്ഷിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന നല്‍കിയതിലുള്ള രസീതുകളില്‍ പലതിലും വ്യക്തതയില്ലായിരുന്നു. പല അപേക്ഷകള്‍ക്കും രസീത് നല്‍കുന്നില്ലെന്നും കണ്ടെത്തി. പലയിടങ്ങളിലും അഴിമതിയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിജിലന്‍സിന് വിവരങ്ങള്‍ നല്‍കുന്നതിനുള്ള ഫോണ്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നില്ല. ഉദ്യോഗസ്ഥര്‍ ഓഫിസില്‍ ഹാജരാവാത്തതും കണ്ടെത്തി.
വരുമാന സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവക്കു വേണ്ടിയുള്ള അപേക്ഷകളില്‍ കാലതാമസം വരുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ ക്രമക്കേടുകളില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് വിജിലന്‍സ് അധികൃതര്‍ വ്യക്തമാക്കി. വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡിയുടെ നിര്‍ദേശാനുസരണം എഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബാണ് പരിശോധനയ്ക്ക് മേല്‍നോട്ടം വഹിച്ചത്. വിവിധ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട വില്ലേജ് ഓഫിസുകളില്‍ അതാത് ജില്ലകളിലെ വിജിലന്‍സ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it