വില്ലേജ് ഓഫിസില്‍ അജ്ഞാതന്‍ തീയിട്ടു: വില്ലേജ് ഓഫിസറുള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വെള്ളറട വില്ലേജ് ഓഫിസില്‍ അജ്ഞാതന്‍ ജീവനക്കാരെ പൂട്ടിയിട്ടശേഷം തീയിട്ടു. വില്ലേജ് ഓഫിസറുള്‍പ്പെടെ അഞ്ചുജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫിസിലെ ഫയലുകളും മറ്റു രേഖകളും കംപ്യൂട്ടര്‍ ഉള്‍പ്പെടെ ഫര്‍ണിച്ചറും കത്തിനശിച്ചു.
ഇന്നലെ രാവിലെ 11.30നാണ് നാടിനെ ഞെട്ടിച്ച സംഭവം. വെള്ളറട ആനപ്പാറ ജങ്ഷനില്‍ ശിശുമന്ദിരത്തിനും ഹോമിയോ ആശുപത്രിക്കും സമീപമുള്ള താല്‍ക്കാലിക കെട്ടിടത്തിലാണ് വില്ലേജ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. വില്ലേജ് ഓഫിസര്‍ മോഹനന്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ കൃഷ്ണകുമാര്‍, ഫീല്‍ഡ് അസിസ്റ്റന്റുമാരായ വേണുഗോപാല്‍, പ്രഭാകരന്‍ നായര്‍, കരമടയ്ക്കാനും മറ്റാവശ്യങ്ങള്‍ക്കുമെത്തിയ മണിയന്‍, ഇസഹാക്ക്, വിഷ്ണു, സുന്ദരേശ ബാബു, ചിത്രലേഖ, ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹോമിയോ ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് മിനി എന്നിവര്‍ക്കാണ് പരിക്കേറ്റത്. രക്ഷാ പ്രവര്‍ത്തനത്തിനിടെ ബോധരഹിതയായ സുധയും വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. വേണുഗോപാലിനാണ് ഗുരുതരമായി പൊള്ളലേറ്റത്. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍നിന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 11.30ഓടെ വില്ലേജ് ഓഫിസിലേക്ക് ഹെല്‍മെറ്റ് ധരിച്ചുകയറിവന്ന അജ്ഞാത യുവാവ് കൈയില്‍ കരുതിയിരുന്ന ബാഗില്‍നിന്നും കുപ്പിയില്‍ സൂക്ഷിച്ചിരുന്ന പെട്രൊള്‍ പോലുള്ള ഒരു ദ്രാവകം മുറിയില്‍ ഒഴിക്കുകയും തീ കത്തിക്കുകയുമായിരുന്നു.
രക്ഷപ്പെടാനും തീയണയ്ക്കാനുമുള്ള ശ്രമത്തിനിടെയാണ് ജീവനക്കാരില്‍ പലര്‍ക്കും പൊള്ളലേറ്റത്. സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനും കരമൊടുക്കാനും മറ്റുമെത്തിയ നിരവധിപേര്‍ സംഭവസമയത്ത് വില്ലേജ് ഓഫിസിലുണ്ടായിരുന്നു. സംഭവം കണ്ടയുടന്‍ ഇവര്‍ പുറത്തേക്കോടി. ജീവനക്കാര്‍ ഓഫിസിലെ ടോയ്‌ലറ്റില്‍ അഭയം തേടുകയും വെള്ളം തുറന്നുവിടുകയും ചെയ്തു. നാട്ടുകാര്‍ വാതില്‍ തുറന്ന് ജീവനക്കാരെ രക്ഷിച്ചാണ് ആശുപത്രിയിലെത്തിച്ചത്. ഹെല്‍മെറ്റ് ധരിച്ചതിനാല്‍ പ്രതിയെ നാട്ടുകാര്‍ക്കു തിരിച്ചറിയാനായില്ല. സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും റൂറല്‍ എസ്പി ഷഹീന്‍ അഹമ്മദ് പറഞ്ഞു. വില്ലേജ് ഓഫിസിന്റെയോ ജീവനക്കാരുടെയോ പ്രവര്‍ത്തനത്തോടുള്ള അതൃപ്തിയോ മറ്റ് ഏതെങ്കിലും കാരണങ്ങളാണോയെന്ന് പോലിസും രഹസ്യാന്വേഷണവിഭാഗങ്ങളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it