Pathanamthitta local

വില്ലേജുകള്‍ സ്മാര്‍ട്ടാവുന്നു: ഓണ്‍ലൈന്‍ പോക്കുവരവ് സമയബന്ധിതമായി നടപ്പാക്കും

പന്തളം/വള്ളിക്കോട്: സ്മാര്‍ട്ട് വില്ലേജ് ഓഫിസ് എന്ന ആശയം വില്ലേജുകള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കുന്നതായി മന്ത്രി അടൂര്‍ പ്രകാശ്. പന്തളത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനവും വള്ളിക്കോട് സ്മാര്‍ട്ട് വില്ലേജ് ഓഫിസിനുള്ള ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്മാര്‍ട്ട് വില്ലേജുകള്‍ യാഥാര്‍ഥ്യമാവുന്നതോടെ സംസ്ഥാനത്ത് ഓണ്‍ലൈന്‍ പോക്കുവരവ് സമയബന്ധിതമായി നടപ്പാക്കാനാവും.
രജിസ്‌ട്രേഷന്‍ നടന്നുകഴിഞ്ഞാല്‍ അപ്പോള്‍തന്നെ പോക്ക് വരവ് നടപ്പാക്കുന്നതാണ് പദ്ധതി. പോക്ക് വരവിന് കാലതാമസം നേരിടുന്നതു സംബന്ധിച്ച് പരാതി ലഭിച്ച സാഹചര്യത്തിലാണ് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നതിന് ഉദ്ദേശിച്ചത്. പദ്ധതി തിരുവനന്തപുരം ജില്ലയില്‍ ആദ്യമായി നടപ്പാക്കി. പന്തളം വില്ലേജ് ഓഫിസ് നിര്‍മാണത്തിനായി 36.25ലക്ഷം രൂപ വകയിരുത്തിയിരുന്നു. വള്ളിക്കോട് സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്റെ നിര്‍മാണത്തിന് 34.5 ലക്ഷം രൂപയും സംസ്ഥാനത്തുടനീളം 32ല്‍പരം സ്മാര്‍ട്ട് വില്ലേജ് ഓഫിസുകള്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. അടുത്ത ഘട്ടത്തില്‍ തണ്ണിത്തോട് വില്ലേജ് ഓഫിസിനെ സ്മാര്‍ട്ട് വില്ലേജ് ഓഫിസാക്കി ഉയര്‍ത്തും. സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ പുഴ മുതല്‍ പുഴവരെയ്ക്കായി അച്ചന്‍കോവിലാര്‍, പമ്പാനദി, നിളനദി എന്നിവയെ തിരഞ്ഞെടുത്തതായി മന്ത്രി അറിയിച്ചു. പുഴയുടെ തീരങ്ങള്‍ വൃത്തിയാക്കി സംരക്ഷിച്ച് ആളുകള്‍ക്ക് വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തൃപ്പാറയില്‍ നിന്ന് ഓമല്ലൂര്‍ പഞ്ചായത്തിനെ യോജിപ്പിക്കുന്നതിന് പാലവും കൈപ്പട്ടൂരില്‍ നിന്ന് ചെന്നീര്‍ക്കര പഞ്ചായത്തിനെ യോജിപ്പിക്കുന്നതിന് മറ്റൊരു പാലവും നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.
ലക്ഷംവീട് കോളനികളില്‍ താമസിക്കുന്നവര്‍ അവിടെ എത്രവര്‍ഷം താമസമാക്കി എന്നതു സംബന്ധിച്ച് പഞ്ചായത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ അവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ജില്ലയില്‍ 700 ല്‍ അധികം പേര്‍ക്ക് ഭൂമി നല്‍കി. ആധുനിക സംവിധാനങ്ങളുടെ ഉപയോഗത്തിലൂടെ റവന്യൂ വകുപ്പ് ജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ എളുപ്പമാക്കിയെന്നും മന്ത്രി പറഞ്ഞു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷ വഹിച്ചു. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരുന്നു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി കെ സതി, വാര്‍ഡ് കൗണ്‍സില്‍ കെ ആര്‍ രവി സംസാരിച്ചു. വള്ളിക്കോട് നടന്ന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസിമോള്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, അംഗങ്ങളായ എലിസബേത്ത് അബു, എഡിഎം എം സുരേഷ്‌കുമാര്‍, ആര്‍ഡിഒ ആര്‍ രഘു, തഹസില്‍ദാര്‍ വി ടി രാജന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി കെ, വൈസ് പ്രസിഡന്റ് റോസമ്മ ബാബുജി, അംഗങ്ങളായ കെ വിശ്വംഭരന്‍, ജയശ്രീ സുരേഷ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈ മണിലാല്‍, വാര്‍ഡംഗം ആര്‍ ശ്രീരേഖ സംസാരിച്ചു.
Next Story

RELATED STORIES

Share it