വിലയിലെ വൈരുധ്യങ്ങള്‍ സ്വര്‍ണവ്യാപാര രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി ആക്ഷേപം

കോഴിക്കോട്: സ്വര്‍ണവിലയിലെ വൈരുധ്യങ്ങള്‍ വ്യാപാരംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതായി ആക്ഷേപമുയരുന്നു. അനധികൃത വ്യാപാരവും സ്വര്‍ണകള്ളക്കടത്തും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വൈരുധ്യങ്ങള്‍ക്ക് കാരണമാവുന്നതായി മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം പി അഹ്മദ് പറഞ്ഞു.
കേരളത്തിലെ അടിസ്ഥാന മാര്‍ക്കറ്റ് വില അല്ലെങ്കില്‍ ബോര്‍ഡ് റേറ്റിന്റെ യഥാര്‍ഥ മാനദണ്ഡം ബാങ്കില്‍ നിന്ന് സ്വര്‍ണം വ്യാപാരികള്‍ വാങ്ങുന്ന വിലയാണെന്നിരിക്കെ കേരളത്തില്‍ കുറെ മാസങ്ങളായി ബാങ്ക് റേറ്റിലും ബോര്‍ഡ് റേറ്റിലും കാണപ്പെടുന്ന വ്യത്യാസം നിരക്കുകളുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നതായി അദ്ദേഹം കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വ്യത്യാസത്തിന് കാരണമാവുന്നത്, ബാങ്ക് റേറ്റിലും കുറഞ്ഞ റേറ്റില്‍ കേരളത്തില്‍ കള്ളക്കടത്ത് സ്വര്‍ണം ലഭ്യമാവുന്നതുകൊണ്ടാണ്. ഇത് ബാധിക്കുന്നത് സത്യസന്ധമായി വ്യാപാരം നടത്തുന്നവരെയാണ്. കനത്തനഷ്ടം സഹിച്ചും ഇവര്‍ വ്യാപാരം ചെയ്യേണ്ട അവസ്ഥവരും. അണ്‍ അക്കൗണ്ടഡ് ബിസിനസ് മാഫിയയാണ് ഇതിനു പിന്നില്‍. ഉപഭോക്താക്കള്‍ മുടക്കുന്ന തുകയ്ക്ക് യഥാര്‍ഥ മൂല്യം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തണമെങ്കില്‍ സ്വര്‍ണത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള കൃത്യമായ ബില്ലോടുകൂടി തന്നെ സ്വര്‍ണം വാങ്ങേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ആദായവകുപ്പില്‍ നിന്നും സെന്‍ട്രല്‍ എക്‌സൈസില്‍ നിന്നും മറ്റും ഭാവിയില്‍ വരാവുന്ന ഏത് വിധത്തിലുള്ള അന്വേഷണങ്ങളിലും ഉപഭോക്താവിന് സംരക്ഷണം നല്‍കും.
കേരളത്തിലെ സ്വര്‍ണ വ്യാപാരരംഗത്തിന് തന്നെ ഭീഷണിയാവുന്ന നികുതിവെട്ടിപ്പ്, കള്ളക്കടത്ത്, അനധികൃത വ്യാപാരം എന്നിവ ഇല്ലാതാക്കാനും സ്വര്‍ണത്തിന്റെ ബോര്‍ഡ് റേറ്റ് ഏകോപിപ്പിക്കാനും അധികൃതര്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it