വിലത്തകര്‍ച്ച: റബര്‍ സ്ഥിരതാ ഫണ്ടില്‍നിന്ന് കേന്ദ്രം 500 കോടി അനുവദിക്കണമെന്ന് സുധീരന്‍

തിരുവനന്തപുരം: റബറിന്റെ വില സര്‍വകാല റെക്കോഡിലേക്ക് കൂപ്പുകുത്തിയ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനം എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. നാളികേരം, റബര്‍, ഏലം വിലത്തകര്‍ച്ചയില്‍ നിന്നു കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
150 രൂപ വച്ച് സംഭരിക്കാനുള്ള പദ്ധതി ഫലപ്രദമായി നടപ്പാക്കണമെങ്കില്‍ കേന്ദ്രം റബര്‍ സ്ഥിരതാ ഫണ്ടില്‍ നിന്ന് 500 കോടി അനുവദിക്കണമെന്നും തീരുവ 40 ശതമാനം ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും 40 ശതമാനം വിലയിടിഞ്ഞു. കൊപ്രയുടെ താങ്ങുവില ഉല്‍പാദന ചെലവിന് ആനുപാതികമായി വര്‍ധിപ്പിക്കണം. ഏലം കര്‍ഷകരുടേയും തൊഴിലാളികളുടേയും ജീവിതം ദുസ്സഹമാണ്. കേന്ദ്രവും സ്‌പൈസസ് ബോര്‍ഡും ഈ മേഖലയിലെ തൊഴിലാളികളോട് കാണിക്കുന്നത് തികഞ്ഞ അവജ്ഞയാണ്. ആഗോള ഇന്ധനവിലയുടെ അടിസ്ഥാനത്തില്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കണമെന്നും ഒപ്പം മല്‍സ്യമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
മ്യൂസിയം ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് ബിഷപ്പ് ഹൗസിന് മുന്നില്‍ പോലിസ് തടഞ്ഞു. നേതാക്കളായ എം എം ഹസന്‍, എം പി പീതാംബരക്കുറുപ്പ്, തമ്പാനൂര്‍ രവി, ലതികാ സുഭാഷ്, വിവിധ ഡിസിസി പ്രസിഡന്റുമാര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it