വിലക്കയറ്റത്തിനു പിന്നില്‍ ചില കേന്ദ്രങ്ങള്‍: തിലോത്തമന്‍

ആലപ്പുഴ: സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പച്ചക്കറി വില ഇരട്ടിയായി വര്‍ധിച്ചതിന് പിന്നില്‍ ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ആലപ്പുഴ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പച്ചക്കറിവില അനിയന്ത്രിതമായി കുതിച്ചുയരുകയാണ്. ചില ഉല്‍പന്നങ്ങളുടെ വില അനുദിനം വര്‍ധിക്കുന്നു. ഇതില്‍ ദുരൂഹതയുണ്ട്. ഇത്തരം കാര്യങ്ങളെപ്പറ്റി പഠിക്കാനായി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞതായും റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിലെ അഴിമതി പൂര്‍ണമായും ഇല്ലാതാക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പില്‍ അഴിമതി കൊടികുത്തിവാണു. ഇതിനെപ്പറ്റി സര്‍ക്കാര്‍ അന്വേഷിക്കും. അഴിമതിയും വിലക്കയറ്റവും ഇല്ലാതാക്കുമെന്ന എല്‍ഡിഎ—ഫിന്റെ വാഗ്ദാനം സര്‍ക്കാര്‍ നടപ്പാക്കും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ വിലക്കയറ്റം തടയാനായി മാറ്റിവച്ചത് 75 കോടി രൂപ മാത്രമായിരുന്നു. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ കാബിനറ്റ് യോഗത്തില്‍തന്നെ ഇതിനായി 150 കോടി മാറ്റിവച്ചു.
ഉല്‍പന്നങ്ങള്‍ ഉല്‍പാദന കേന്ദ്രത്തില്‍ നിന്നുതന്നെ സംഭരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. മാര്‍ക്കറ്റ് ഇടപെടലും കൂടുതല്‍ ശക്തമാക്കും. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള റേഷന്‍കാര്‍ഡ് പുതുക്കല്‍ കേരളത്തില്‍ പ്രതിസന്ധിയിലാണ്. ഒട്ടേറെ പണം ഇതിനായി യുഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചെങ്കിലും ഫലംകണ്ടില്ല. ഭക്ഷ്യസുരക്ഷാ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി റേഷന്‍കാര്‍ഡ് വിതരണവും പൂര്‍ത്തിയാക്കും. നിലവിലെ ബിപിഎല്‍ ലിസ്റ്റില്‍ ഒട്ടേറെ അനര്‍ഹരും എ പിഎല്‍ ലിസ്റ്റില്‍ ഒട്ടേറെ ബിപിഎല്‍കാരും കടന്നുകൂടിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ തിരുത്തിയ ശേഷമായിരിക്കും റേഷന്‍കാര്‍ഡ് വിതരണം ചെയ്യുക. നെല്‍കര്‍ഷകര്‍ക്കുള്ള കുടിശ്ശിക വിതരണം ചെയ്യാനും ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് വി എസ് ഉമേഷ് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it