വിലക്കയറ്റം: ലക്ഷദ്വീപില്‍ റമദാന്‍ പൊള്ളുന്നു; തക്കാളിക്ക് കിലോ നൂറു രൂപ, മാട്ടിറച്ചി കിലോ 300

വിലക്കയറ്റം: ലക്ഷദ്വീപില്‍ റമദാന്‍ പൊള്ളുന്നു; തക്കാളിക്ക് കിലോ നൂറു രൂപ, മാട്ടിറച്ചി കിലോ 300
X
vegitables

തേഞ്ഞിപ്പലം: സംസ്ഥാനത്ത് തക്കാളി വില 60 രൂപയോളമെത്തി നില്‍ക്കുമ്പോള്‍ റമദാന്‍ മാസത്തില്‍ ലക്ഷദ്വീപുകാര്‍ വിലക്കയറ്റത്താല്‍ ദുരിതമനുഭവിക്കുന്നു. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മതിയായ യാത്രാസൗകര്യംപോലും ഇല്ലാതായതിനാല്‍ ദ്വീപിലെത്തുന്ന സാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയാണ്. ആന്ത്രോത്ത്, അമീനി, കടമത്ത്, കവരത്തി ഉള്‍പ്പെടെയുളള ദ്വീപുകളില്‍ തക്കാളിയുടെ ഇപ്പോഴത്തെ വില നൂറു രൂപയാണ്.
എത്തിയ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ദ്വീപുകാര്‍. നോമ്പുകാലത്ത് പഴങ്ങളും പച്ചക്കറികളുമില്ലാതെ പ്രയാസപ്പെടേണ്ടിവരുമെന്നതിനാല്‍ ചരക്കുകപ്പലുകള്‍ കാത്തുനില്‍ക്കുകയാണ് ജനങ്ങളെന്ന് കടമത്ത് ദ്വീപിലെ മുന്‍ പോര്‍ട്ട് ഓഫിസ് ഉദ്യോഗസ്ഥനായ സൈദാലി പറഞ്ഞു.
സൊസൈറ്റി വഴി ലഭിച്ചിരുന്ന 12 കിലോ അരി കേന്ദ്രസര്‍ക്കാര്‍ ആറു കിലോയാക്കി വെട്ടിക്കുറച്ചതിലൂടെ ആവശ്യത്തിന് അരിപോലും ലഭിക്കാത്ത അവസ്ഥയാണ്. നോമ്പിനുള്ള പുതിയാപ്ല സല്‍ക്കാരങ്ങളില്‍ മണവാളനൊപ്പം അമ്പതിലേറെ പേര്‍ എത്തുമെന്നതിനാല്‍ അരിപ്പൊടി കൊണ്ടുള്ള വിഭവങ്ങള്‍ തയ്യാറാക്കാന്‍ വന്‍ ചെലവാണ് ഉണ്ടാവുന്നതെന്നും വിലക്കയറ്റം ദ്വീപില്‍ രൂക്ഷമാണെന്നും വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ യു സി കെ തങ്ങള്‍ പറഞ്ഞു. മംഗളൂരുവില്‍നിന്നും കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്നും എത്തിക്കുന്ന നാല്‍ക്കാലികളെയാണ് മാംസാവശ്യത്തിന് ഉപയോഗിക്കുന്നത്.
എന്നാല്‍, ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇതിന് നിയന്ത്രണങ്ങള്‍ നടപ്പാക്കി തുടങ്ങിയതിനാല്‍ ഈ തവണ നോമ്പിനും പെരുന്നാളിനും ബിഫ് കിട്ടാതാവുമെന്നാണ് ദ്വീപുകാരുടെ ആശങ്ക. മാട്ടിറച്ചി 300 രൂപയ്ക്ക് മുകളിലാണ് വില്‍പന നടത്തുന്നത്.
ദ്വീപിനു പുറത്തുപോയി സാധനങ്ങള്‍ ശേഖരിക്കാമെന്നു വച്ചാല്‍ തന്നെ യാത്രാസൗകര്യം കുറഞ്ഞത് ഇതിനും തിരിച്ചടിയാവുകയാണ്. വിവിധ ദ്വീപുകളിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ആവശ്യത്തിന് കപ്പലുകള്‍ ഇറക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാത്തതിനാല്‍ രണ്ടും മൂന്നും ദിവസം കാത്തുനിന്നാണ് കൊച്ചിയില്‍നിന്ന് ദ്വീപിലേക്കുള്ള ടിക്കറ്റ് കരസ്ഥമാക്കുന്നത്. നോമ്പിനാവശ്യമായ സാധനങ്ങള്‍ കേരളത്തിലെത്തി വാങ്ങിയെങ്കിലും ദ്വീപുകാരില്‍ പലരും കപ്പലിന് ടിക്കറ്റ് കിട്ടാത്തതിനാല്‍ എറണാകുളത്തു തന്നെ തമ്പടിച്ച് ടിക്കറ്റിനായി കാത്തിരിക്കുകയാണ്.
Next Story

RELATED STORIES

Share it