വിരേന്ദ്ര താവ്‌ഡെയ്ക്ക് മഡ്ഗാവ് സ്‌ഫോടനത്തിലും പങ്ക്: സിബിഐ

മുംബൈ: യുക്തിവാദി ഡോ. നരേന്ദ്ര ദബോല്‍ക്കറുടെ കൊലപാതകത്തില്‍ സിബിഐ അറസ്റ്റ് ചെയ്ത ഡോ. വിരേന്ദ്ര താവ്‌ഡെയ്ക്ക് 2009 ഒക്ടോബറിലെ മഡ്ഗാവ് സ്‌ഫോടനത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും പങ്ക്. കൂടാതെ, പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ സാംഗ്ലി-മിറാജ് മേഖലയില്‍ 2009 സപ്തംബറിലുണ്ടായ സംഘര്‍ഷത്തിനിടെ താവ്‌ഡെ വര്‍ഗീയ മുതലെടുപ്പിനു ശ്രമം നടത്തിയെന്നതിലേക്കു വിരല്‍ചൂണ്ടുന്ന തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചു.
തീവ്ര വലതുപക്ഷ ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ഥയില്‍ അംഗമായ താവ്‌ഡെയെ വെള്ളിയാഴ്ചയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. ഇയാളുടെ കോള്‍ ഡാറ്റാ റിക്കാര്‍ഡ്‌സുകള്‍ (സിഡിആര്‍) പരിശോധനാവിധേയമാക്കുന്നതിലൂടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്നു കരുതുന്നു. മഡ്ഗാവ് സ്‌ഫോടനക്കേസിലെ പ്രതികളായ സാരങ് അകോല്‍ക്കര്‍, രുദ്രാ പാട്ടീല്‍, മരിച്ച മല്‍ഗോണ്ട പാട്ടീല്‍ എന്നിവരുമായി 2009ല്‍ ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി പേരു വെളിപ്പെടുത്താത്ത സിബിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഒളിവില്‍ കഴിയുന്ന അകോല്‍ക്കര്‍, രുദ്രാ പാട്ടീല്‍ എന്നിവര്‍ക്കെതിരേ തിരച്ചില്‍ നോട്ടീസ് നിലവിലുണ്ട്.
സ്‌ഫോടനദിവസം താവ്‌ഡെയുടെ ഫോണിലേക്ക് 25 കോളുകളും പുറത്തേക്ക് 18 കോളുകളും പോയതായി സിഡിആര്‍ രേഖകള്‍ വ്യക്തമാക്കുന്നു. കൂടാതെ മല്‍ഗോണ്ട പാട്ടീലിന് എസ്എംഎസും ഇയാള്‍ അയച്ചിട്ടുണ്ട്. മഡ്ഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും പിന്നീട് കോടതി വെറുതെവിടുകയും ചെയ്ത ഗണേഷ് അഷ്‌തേക്കറുമായി താവ്‌ഡെ ബന്ധപ്പെട്ടതിനും തെളിവ് ലഭിച്ചിട്ടുണ്ട്. സ്‌ഫോടനക്കേസില്‍ ഇയാളെ ചോദ്യംചെയ്തിരുന്നുവെങ്കില്‍ മറ്റു സ്‌ഫോടനങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ദേശീയ അന്വേഷണ ഏജന്‍സിയാണ് (എന്‍ഐഎ) ഇപ്പോള്‍ സ്‌ഫോടനക്കേസ് അന്വേഷിക്കുന്നത്. സാരങ് അകോല്‍ക്കര്‍, രുദ്ര പാട്ടീല്‍, പ്രവീണ്‍ ലിംകാര്‍, ജയപ്രകാശ് എന്നിവരെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇനിയും പിടികൂടാനുണ്ട്. ബാക്കിയുള്ള നാലുപേരെ വെറുതെവിട്ട കോടതി നടപടിക്കെതിരേ എന്‍ഐഎ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it