വിരേന്ദ്രകുമാര്‍ ശത്രുപക്ഷത്തെ ബന്ധുവാണെന്ന് കോടിയേരി

തിരുവനന്തപുരം: വിരേന്ദ്രകുമാര്‍ ശത്രുപക്ഷത്തെ ബന്ധുവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബന്ധുക്കളുമായുള്ള പിണക്കങ്ങള്‍ ഏതെങ്കിലും ഘട്ടത്തില്‍ പരിഹരിക്കപ്പെടും. വീരേന്ദ്രകുമാറിന്റെ നിലപാടുകള്‍ യുഡിഎഫുമായി യോജിക്കുന്നതല്ല. വീരേന്ദ്രകുമാര്‍ ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ക്ക് കടകവിരുദ്ധമായ നിലപാടുകളാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ആശയപരമായി അദ്ദേഹത്തിന് അവരുമായി പൊരുത്തപ്പെട്ട് പോവാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനതാദള്‍ വീരേന്ദ്രകുമാര്‍ എന്ന വ്യക്തിയല്ല, ഒരു പാര്‍ട്ടിയാണ്. ആ പാര്‍ട്ടിക്ക് ഒരു മന്ത്രിസ്ഥാനമുണ്ട്. മന്ത്രി സ്ഥാനം വിട്ടുവന്നാല്‍ മാത്രമല്ലേ ഞങ്ങള്‍ക്ക് പരിശോധിക്കാനാവൂ. മറ്റൊരു മുന്നണിയില്‍ നിന്നുകൊണ്ട് മുന്നണി മാറ്റം ചര്‍ച്ചചെയ്യാനാവില്ല. ആര്‍എസ്പി എല്‍ഡിഎഫില്‍ വരുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യം ഇപ്പോളില്ല. പൂര്‍ണമായും യുഡിഎഫിന്റെ ഭാഗമായാണ് ആര്‍എസ്പി നിലനില്‍ക്കുന്നത്. മുസ്‌ലിം ലീഗിനോട് എല്ലാക്കാലത്തും ഒരേ സമീപനമണുള്ളത്. അവരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമില്ല.
പിണറായി വിജയന്‍ സുകുമാരന്‍ നായരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അറിയില്ല. ഞങ്ങള്‍ ആരെയെങ്കിലും കണ്ടാല്‍ അത് പ്രീണനമാണെന്ന് പ്രചരിപ്പിക്കുകയാണ്. കുമ്മനം രാജശേഖരന്‍ ബിഷപ്പിനെ കണ്ട് സാഷ്ടാംഗപ്രണാമം നടത്തി. മഹാത്മാ ഗാന്ധിയെ വെടി വച്ചു കൊല്ലുന്നതിനു മുമ്പ് നാഥുറാം ഗോഡ്‌സെ കാല്‍ തൊട്ട് വന്ദിച്ചു. കല്‍ബുര്‍ഗിയെ വെടി വച്ചു കൊന്ന ആര്‍എസ്എസ്സുകാര്‍ നമസ്‌കരിച്ചിട്ടാണ് വെടിവച്ചത്. അതുകൊണ്ട് നമസ്‌കാരത്തിന് വിധേയരാവുന്നവര്‍ക്ക് ഒരു കരുതല്‍ വേണമെന്നും കോടിയേരി പരിഹസിച്ചു.
Next Story

RELATED STORIES

Share it