വിരമിക്കുന്ന തോട്ടം തൊഴിലാളികള്‍ക്ക് ഭവനപദ്ധതി

തിരുവനന്തപുരം: തോട്ടങ്ങളില്‍നിന്ന് വിരമിക്കുന്ന തൊഴിലാളികള്‍ക്ക് ഗ്രാമപ്പഞ്ചായത്തുകളുമായി ആലോചിച്ച് തോട്ടത്തിന് പുറത്തോ അകത്തോ അധികഭൂമി കണ്ടെത്തി പ്രത്യേക ഭവനപദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ നിയമസഭയെ അറിയിച്ചു. ചെറുകിട തോട്ടംതൊഴിലാളികള്‍ക്കായുള്ള ക്ഷേമനിധി ബോര്‍ഡ് കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അതിനെ ലയിപ്പിക്കുമെന്ന് കെ കെ ജയചന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി.
തോട്ടംതൊഴിലാളികളുടെ ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി. തോട്ടംമേഖലയില്‍ മുന്‍കാലങ്ങളില്‍ തൊഴിലാളികള്‍ക്കുണ്ടായിരുന്ന ആകര്‍ഷണം, പിന്തുടര്‍ച്ചാവകാശംപോലെ അടുത്ത തലമുറയ്ക്കും തൊഴില്‍ ലഭിക്കുമെന്നതായിരുന്നു. ഇന്ന് പക്ഷേ, ആ സാഹചര്യം മാറിയെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവില്‍ വിരമിച്ച തൊഴിലാളികള്‍ വീടില്ലാത്തതു കാരണം അവര്‍ ജോലിചെയ്തിരുന്ന സ്ഥലങ്ങളിലെ ലയങ്ങളില്‍ തന്നെയാണ് താമസിക്കുന്നതെന്ന് തൊഴില്‍മന്ത്രി ചൂണ്ടിക്കാട്ടി. താമസസൗകര്യം നഷ്ടപ്പെടാതിരിക്കാന്‍ അവര്‍ ഗ്രാറ്റിവിറ്റി പോലും കൈപ്പറ്റുന്നില്ല. ഇതു കണക്കിലെടുത്ത് ഇത്തരം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ മാനേജ്‌മെന്റുകള്‍ നന്നാക്കാതിരിക്കുകയും ലയങ്ങള്‍ ചോര്‍ന്നൊലിച്ച് നശിക്കുകയുമാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് ഭവനപദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it