വിരമിക്കലിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന് ധോണിയുടെ ഉഗ്രന്‍ മറുപടി

മുംബൈ: ട്വന്റി ലോകകപ്പിലെ പുറത്താവലോടെ എപ്പോള്‍ വിരമിക്കുമെന്ന് ചോദിച്ച ആസ്‌ത്രേലിയന്‍ മാധ്യമപ്രവര്‍ത്തകന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ ഉഗ്രന്‍ മറുപടി. മല്‍സരശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സാം ഫെരിസെന്ന മാധ്യ മപ്രവര്‍ത്തകനെ ധോണി ഉത്തരം മുട്ടിച്ചത്.
വിരമിക്കുന്നുണ്ടോയെന്ന് ഫെരിസ് ചോദ്യം ചോദിച്ചപ്പോള്‍ ആദ്യമൊന്നു ചിരിച്ച ധോണി അദ്ദേഹത്തെ തനിക്കരികിലേക്കു ക്ഷണിച്ചു. ധോണി തമാശ പറയുകയാണെന്നാണ് അദ്ദേഹം ആദ്യം കരുതിയത്. എന്നാല്‍ താന്‍ തമാശയായി പറഞ്ഞതല്ലെന്നും തന്റെ അരികില്‍ ഒഴിച്ചിട്ടിരിക്കുന്ന കസേരയില്‍ ഇരിക്കണമെന്നും ഇന്ത്യന്‍ നായകന്‍ ആവശ്യപ്പെട്ടു. തെല്ലൊന്നു പകച്ചുപോയ ഫെരിസ് ധോണിക്ക് അരികില്‍ ഇരുന്നു. ഞാന്‍ വിരമിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോയെന്നായിരുന്നു ധോണിയുടെ ചോദ്യം. ഇല്ലെന്നും വിരമിക്കുന്നുണ്ടോയെന്ന് അറിയുക മാത്രമായിരുന്നു തന്റെ ഉദ്ദേശ്യമെന്നും മാധ്യമപ്രവര്‍ത്തകന്റെ മറുപടി.
ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനില്‍ നിന്നാണ് താന്‍ ഇത്തരമൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നതെന്ന് ധോണി ചിരിയോടെ പറഞ്ഞു. മല്‍സരം കണ്ടിട്ട് താന്‍ ഫിറ്റല്ലെന്ന് തോന്നിയിട്ടുണ്ടോയെന്ന് ധോണി ഇല്ലെന്നു മാധ്യമപ്രവര്‍ത്തകന്‍. വിക്കറ്റുകള്‍ക്കിടയിലെ ഓട്ടം എങ്ങനെയുണ്ടെന്ന അടുത്ത ചോദ്യത്തിന് വളരെ വേഗമെന്ന് ഫെരിസിന്റെ മറുപടി.
2019ലെ ലോകകപ്പ് വരെ ടീമില്‍ തുടരാനുള്ള ശേഷി തനിക്കുണ്ടോയെന്ന ധോണിയുടെ അടുത്ത ചോദ്യത്തിനു തീര്‍ച്ചയായും ഉണ്ടെന്നും അതുവരെ കളിക്കണമെന്നും വിളറിയ മുഖത്തോടെ മാധ്യമപ്രവര്‍ത്തകന്‍ മറുപടി നല്‍കി.
താങ്കളുടെ ചോദ്യത്തിന് താങ്കള്‍ തന്നെ മറുപടി നല്‍കിക്കഴിഞ്ഞെന്ന് ധോണി ചിരിച്ചുകൊണ്ട് പറഞ്ഞു. ഒടുവില്‍ പുറത്ത് തട്ടി ധോണി പറഞ്ഞച്ചപ്പോള്‍ ഇളിഭ്യനായ ഫെരിസ് തന്റെ കസേരയില്‍ വന്നിരുന്നു.
Next Story

RELATED STORIES

Share it