വിമോചനയാത്രയ്ക്ക് ദയനീയ അന്ത്യം; ആര്‍എസ്എസ്- ബിജെപി ഭിന്നത മറനീക്കുന്നു

പി എച്ച് അഫ്‌സല്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ വിമോചനയാത്രയ്ക്ക് ആളുകുറഞ്ഞതുമായി ബന്ധപ്പെട്ട് ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ക്കിടയില്‍ പോര് മുറുകുന്നു. കേരളചരിത്രം മാറ്റിയെഴുതുമെന്ന പ്രഖ്യാപനത്തോടെ കാസര്‍കോട് നിന്നാരംഭിച്ച വിമോചനയാത്ര തലസ്ഥാനത്ത് സമാപിക്കുമ്പോള്‍ ജനപങ്കാളിത്തം തീരെ കുറവായിരുന്നു. ഒന്നര ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച സമാപന സമ്മേളനത്തിന് പൂജപ്പുര മൈതാനത്ത് ആകെ എത്തിയത് പതിനായിരത്തില്‍ താഴെ ആളുകള്‍ മാത്രം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രസംഗം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ഇവരില്‍ ഭൂരിഭാഗവും സ്ഥലം കാലിയാക്കിയിരുന്നു.
വൈകീട്ട് മൂന്നിന് പൂജപ്പുര മൈതാനത്ത് സമാപന സമ്മേളനം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, നാലരയായിട്ടും കസേരകളില്‍ കാല്‍ഭാഗംപോലും നിറഞ്ഞില്ല. അഞ്ചുമണിക്കുശേഷം ജാഥാ ക്യാപ്റ്റന്‍ കൂടിയായ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വേദിയിലേക്ക് എത്തിയപ്പോള്‍ പതിവ് ആവേശം പോലും പ്രവര്‍ത്തകരില്‍ കാണാനായില്ല. വളരെ ചെറിയ മൈതാനമായിട്ടുപോലും പൂജപ്പുര സ്‌റ്റേഡിയം നിറയ്ക്കാനാവാത്തത് സംസ്ഥാന നേതൃത്വത്തിനും ജില്ലാ നേതൃത്വത്തിനും കനത്ത തിരിച്ചടിയായി.
അതേദിവസം തന്നെ തിരുവനന്തപുരത്ത് സമാപിച്ച മുസ്‌ലിം ലീഗിന്റെ കേരളയാത്രയുടെ അത്രപോലും ജനപങ്കാളിത്തം വിമോചനയാത്രയ്ക്ക് ഉണ്ടായില്ലെന്നതും ഏറെ ചര്‍ച്ചയായി.
ബിജെപിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ആര്‍എസ്എസ് നേതൃത്വം നേരിട്ട് ഇടപെടുന്നതിലുള്ള അമര്‍ഷമാണ് വിമോചനയാത്രയുടെ സമാപന സമ്മേളനത്തിന്റെ പൊലിമ കുറയ്ക്കാനിടയാക്കിയതെന്നാണ് വിലയിരുത്തല്‍.
ആര്‍എസ്എസ് തീരുമാനപ്രകാരം കുമ്മനം ബിജെപി നേതൃസ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യപരിപാടിക്കാണ് ഈ നിറംകെട്ട പരിസമാപ്തി. ജില്ലാതലത്തില്‍ പോലും ബിജെപിയുടെ സംഘടനാ ചുമതലയില്‍ ഇല്ലാതിരുന്ന ഒരു വ്യക്തിയെ അപ്രതീക്ഷിതമായി സംസ്ഥാന പ്രസിഡന്റായി ചുമതലയേല്‍പ്പിച്ചതിന് പിന്നില്‍ ആര്‍എസ്എസ് തീരുമാനമായിരുന്നു. ഇതിനെതിരേ ബിജെപിയിലെ ഒരുവിഭാഗം നേതാക്കള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കുമ്മനം സംസ്ഥാന പ്രസിഡന്റായതിന് ശേഷം ആര്‍എസ്എസ് സംഘടനാ സംവിധാനം നേരിട്ട് ഇടപെട്ടാണ് ബിജെപി പൊതുപരിപാടികളില്‍ ആളെ കൂട്ടുന്നത്. ഇതില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ ബിജെപി പരിപാടികളില്‍ ആളില്ലാത്ത അവസ്ഥയാണുള്ളത്.
നടന്‍ സുരേഷ് ഗോപി സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നതും ശ്രദ്ധേയമായി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ താരത്തെ മല്‍സരിപ്പിക്കാമെന്ന് കരുതിയ പാര്‍ട്ടിക്ക് ഈ നിലപാട് തിരിച്ചടിയായിരിക്കുകയാണ്. ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ചതെന്നാണ് സൂചന.
Next Story

RELATED STORIES

Share it