വിമുക്ത ഭടന്മാര്‍ മെഡലുകള്‍ തിരികെ നല്‍കി

ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിക്കായി സമരം ചെയ്യുന്ന വിമുക്തഭടന്‍മാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. പ്രതിഷേധക്കാരുടെ പ്രവര്‍ത്തന രീതി സൈനികര്‍ക്കു ചേര്‍ന്നതല്ലെന്ന് പരീക്കര്‍ കുറ്റപ്പെടുത്തി. സമരം ചെയ്യുന്ന സൈനികരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കുമ്പോള്‍ വിമുക്ത ഭടന്‍മാര്‍ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്ന് ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം ശനിയാഴ്ച മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ, സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച സമരക്കാര്‍ തങ്ങള്‍ക്കു ലഭിച്ച സര്‍വീസ് മെഡലുകള്‍ തിരിച്ചു നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. സമരക്കാരുടെ ഈ സമര രീതിയെയാണ് ഇന്നലെ പ്രതിരോധമന്ത്രി രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ചത്. പദ്ധതി പ്രഖ്യാപിച്ച ശേഷവും സൈനികര്‍ പ്രതിഷേധം തുടരുന്നത് അംഗീകരിക്കാനാവില്ല. ഇത് സൈനികര്‍ക്കു ചേര്‍ന്ന പെരുമാറ്റമല്ല. അവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പദ്ധതിയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കില്‍ സൈനികര്‍ക്ക് ജുഡീഷ്യല്‍ കമ്മീഷനെ സമീപിക്കാമെന്നും പരീക്കര്‍ പറഞ്ഞു. സൈനികര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ ഉന്നയിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍, എല്ലാ ആവശ്യങ്ങളും നടപ്പാക്കണമെന്നു വാശി പിടിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, പ്രതിരോധ മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെ പദ്ധതി പൂര്‍ണമായും അംഗീകരിക്കാന്‍ തയ്യാറാവാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ വിമുക്ത ഭടന്മാര്‍ മെഡലുകള്‍ തിരികെനല്‍കി.
പഞ്ച്കുള, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍നിന്നുള്ള വിമുക്ത ഭടന്മാര്‍ പഞ്ച്കുള ഡപ്യൂട്ടി കമ്മീഷണര്‍ക്കാണ് മെഡലുകള്‍ തിരികെനല്‍കിയത്. നരേന്ദ്ര മോദി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത പെന്‍ഷന്‍ പദ്ധതി തങ്ങള്‍ തള്ളുകയാണെന്നും മെഡലുകള്‍ തിരികെ നല്‍കിയ വിമുക്ത ഭടന്മാര്‍ പറഞ്ഞു. സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന വിജ്ഞാപനം പാര്‍ലമെന്റ് പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണ്. ദേശീയ സുരക്ഷയ്ക്ക് എതിരായതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വിമുക്ത ഭടന്‍മാരുടെ സമരത്തിനു നേതൃത്വം നല്‍കുന്ന മേജര്‍ ജനറല്‍ സത്ഭീര്‍ സിങ് പറഞ്ഞു. അതേസമയം, വിമുക്തഭടന്‍മാരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യന്‍ എക്‌സ്‌സര്‍വീസ്മാന്‍ ലീഗ് പുതിയ സമരത്തില്‍ പങ്കാളികളായിട്ടില്ല.
സൈനിക മെഡലുകള്‍ തിരികെനല്‍കുന്നതു പോലെയുള്ള സൈനികവിരുദ്ധ നടപടികളില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് സര്‍വീസ്മാന്‍ ലീഗ് നേതാവ് വിരമിച്ച ലഫ്. ജനറല്‍ ബല്‍ബീര്‍ സിങ് പറഞ്ഞു.
Next Story

RELATED STORIES

Share it