വിമാന ടിക്കറ്റ് റദ്ദാക്കല്‍: പുതിയ മാര്‍ഗനിര്‍ദേശം വരുന്നു

ന്യൂഡല്‍ഹി: വിമാനയാത്ര മുടങ്ങുന്നതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് പരിഹാരവുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശം കൊണ്ടുവരുമെന്ന് വ്യോമയാന മന്ത്രാലയം. ടിക്കറ്റ് റദ്ദാക്കുന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് സാമ്പത്തിക നഷ്ടം സംഭവിക്കുന്നുവെന്ന പരാതി വര്‍ധിച്ചതോടെയാണ് നടപടിയെന്ന് വ്യോമയാന മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. യാത്ര മുടങ്ങുകയോ, വൈകുകയോ ചെയ്യുന്നതുമൂലം ഉണ്ടാവുന്ന സാമ്പത്തിക നഷ്ടത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വിമാന യാത്രക്കാരുടെ സംഘടന അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.
യാത്ര മുടങ്ങുന്നതിനും വൈകുന്നതിനുമനുസരിച്ച് നിലവില്‍ 2,000 മുതല്‍ 4,000 വരെയാണ് നഷ്ടപരിഹാരം നല്‍കുന്നത്. ഇത് ഏകീകരിക്കാനും പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരാനുമാണ് സര്‍ക്കാര്‍ നീക്കം. സര്‍ക്കാരിന്റെ പുതിയ നീക്കങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും കണക്ഷന്‍ വിമാനം നഷ്ടപ്പെടുന്ന യാത്രക്കാരന് തീര്‍ച്ചയായും നഷ്ടപരിഹാരം കിട്ടണമെന്നും വിമാനയാത്രക്കാരുടെ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ഇക്കഴിഞ്ഞ ഏപ്രിലില്‍ മാത്രം മൂന്നില്‍ രണ്ടുഭാഗം വിമാന സര്‍വീസുകളും തടസ്സപെട്ടതായി സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് (സിജിസിഎ) ജനറല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it