വിമാനവും സൈക്കിളും കണ്ണടയും മോഹിച്ചവര്‍ക്കു നിരാശ

റസാഖ് മഞ്ചേരി

മലപ്പുറം: കുഞ്ഞാലിക്കുട്ടിയെ മലര്‍ത്തിയടിച്ച് കെ ടി ജലീലും എം കെ മുനീറിനെ തറപറ്റിച്ച് മഞ്ഞളാകുഴി അലിയും അട്ടിമറി വിജയത്തിന്റെ ആകാശം തൊട്ടു പറന്ന 'വിമാന ചിഹ്നം' മോഹിച്ചവരെ തിരഞ്ഞടുപ്പ് കമ്മീഷന്റെ ഉത്തരവു പൊല്ലാപ്പിലാക്കി. അക്ഷരമാല ക്രമത്തില്‍ വോട്ടിങ് യന്ത്രത്തില്‍ ആദ്യം പേരുവരാന്‍ ഇനീഷ്യല്‍ ചേര്‍ത്തവരും നിരാശയില്‍. വിമാന ചിഹ്നം സിഎംപിക്കു മാത്രമായി റിസര്‍വ് ചെയ്ത് കഴിഞ്ഞ ആഗസ്ത് 10ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതറിയാതെ പഞ്ചായത്തുകളില്‍ വരണാധികാരികള്‍ ചിഹ്നം അനുവദിച്ചതാണു പൊല്ലാപ്പായത്. ആദ്യം അനുവദിച്ച ചിഹ്നങ്ങള്‍ വരാണാധികാരികള്‍ ഇന്നലെ മാറ്റിനല്‍കിയത് സ്ഥാനാര്‍ഥികളെ നിരാശയിലാക്കി. ജനപ്രിയ ചിഹ്നങ്ങളെന്ന നിലയ്ക്കാണ് പലരും വിമാനം, സൈക്കിള്‍, കണ്ണട തുടങ്ങിയവ ആവശ്യപ്പെടാറ്. നാല് വിഭാഗങ്ങളിലായി 114 ചിഹ്നങ്ങളാണ് ആകെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചവ. ഇതില്‍ ആന, താമര, ധാന്യക്കതിരും അരിവാളും, ചുറ്റികയും അരിവാളും നക്ഷത്രവും, കൈ, നാഴികമണി എന്നീ ആറെണം ദേശീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളാണ്. ഏണി (മുസ്‌ലിം ലീഗ് സ്‌റ്റേറ്റ് കമ്മിറ്റി), നെല്‍ക്കതിരേന്തിയ കര്‍ഷക സ്ത്രീ(ജനതാദള്‍ സെക്കുലര്‍), രണ്ടില(കേരളാ കോണ്‍ഗ്രസ്-എം), മണ്‍വെട്ടിയും മണ്‍കോരിയും(ആര്‍എസ്പി) എന്നീ നാലെണ്ണം സംസ്ഥാന പാര്‍ട്ടികളുടേതുമാണ്. ഇതര സംസ്ഥാനങ്ങളിലെ പാര്‍ട്ടികളുടെ ചിഹ്നങ്ങളും ത്രിതല പഞ്ചായത്തുകളിലോ നിയമസഭയിലോ പാര്‍ലമെന്റിലോ അംഗങ്ങളുള്ള പാര്‍ട്ടികള്‍ക്ക് അനുവദിക്കപ്പെട്ട ചിഹ്നങ്ങളുമാണ് മൂന്നാമത്തെ വിഭാഗം. 20 ചിഹ്നങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ബാക്കി 84 ചിഹ്നങ്ങളില്‍ നിന്നേ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കാന്‍ പാടുള്ളൂ. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് വരണാധികാരികളാണ് ചിഹ്നം അനുവദിക്കുക. അതതു പഞ്ചായത്തുകളിലെ വരാണാധികാരിയുടെ ചിഹ്നം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിനുപുറത്ത് ജില്ലാ കലക്ടര്‍ ഒപ്പു വയ്ക്കണമെന്നാണ് ഇതുവരെ ഉണ്ടായിരുന്ന നിയമം. എന്നാല്‍, ഇത്തവണ അതിന്റെ ആവശ്യമില്ലെന്ന് തിരഞ്ഞടുപ്പ് കമ്മീഷന്റെ നിര്‍ദേശം വന്നു. ഇതുമൂലം ഏതൊക്കെ ചിഹ്നങ്ങളാണ് അനുവദിച്ചതെന്ന് ജില്ലാ കലക്ടറുടെ നിയന്ത്രണത്തിലുള്ള ജില്ലാ തിരഞ്ഞെടുപ്പു വിഭാഗത്തിന് കൃത്യമായ ധാരണയില്ലാതായി. വരണാധികാരികള്‍ക്കു നല്‍കുന്ന കൈപുസ്തകം വായിച്ചുനോക്കാത്തതാണ് വിമാനം, സൈക്കിള്‍ തുടങ്ങിയ ചിഹ്നങ്ങള്‍ അനുവദിക്കാനിടയാക്കിയത്. വിമാന ചിഹ്നം മരവിപ്പിച്ചതും സമാജ്‌വാദി പാര്‍ട്ടിക്ക് നേരത്തെ അനുവദിച്ച കാര്‍ ചിഹ്നം മാറ്റി സൈക്കിള്‍ ചിഹ്നമാക്കിയതും പുതിയ ചിഹ്നങ്ങളുടെ പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ സ്വതന്ത്ര ചിഹ്നമായിരുന്ന കണ്ണട ഇത്തവണ എസ്ഡിപിഐക്ക് പ്രത്യേകമായി അനുവദിച്ചു. ശംഖ്(കേരള ജനപക്ഷം), കൊടി(എംസിപി), എരിയുന്ന പന്തം(ആര്‍എസ്പി- ബി), പുഷ്പങ്ങളും പുല്ലും(പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ്), ഗ്യാസ് സിലിണ്ടര്‍(വെല്‍ഫെയര്‍ പാര്‍ട്ടി), തീവണ്ടി എന്‍ജിന്‍(സോഷ്യല്‍ ആക്ഷന്‍ പാര്‍ട്ടി), നക്ഷത്രം(കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് സെന്‍ട്രല്‍ കൗണ്‍സില്‍ സി പി ജോണ്‍ വിഭാഗം), ടെലിഫോണ്‍(ബിജെഎസ്), ടെലിവിഷന്‍(സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം), കുട(സെക്കുലര്‍ നാഷണല്‍ ദ്രാവിഡ പാര്‍ട്ടി) എന്നിവയും മുന്‍ഗണനാ ക്രമത്തില്‍ റിസര്‍വ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ചിഹ്നങ്ങളില്‍ മേല്‍ സൂചിപ്പിച്ച പാര്‍ട്ടികളുടെ അംഗങ്ങള്‍ മല്‍സരരംഗത്തില്ലെങ്കില്‍ ചിഹ്നം മറ്റുള്ളവര്‍ക്ക് നല്‍കുന്നതിനു വിരോധമില്ല. ജനപ്രിയ ചിഹ്നങ്ങളായ കുട, കൊടി, പന്തം എന്നിവ ലഭിച്ചവര്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ആശയക്കുഴപ്പത്തിലായെങ്കിലും പ്രശ്‌നമില്ലെന്ന് പിന്നീട് ഉറപ്പായി. വോട്ടിങ് യന്ത്രത്തില്‍ അക്ഷരമാല ക്രമത്തിലാണ് പേരുകള്‍ നല്‍കുക. പലരും ഇനീഷ്യലിന്റെ ചുരുക്കം ആദ്യം നല്‍കിയതിനാല്‍ വരണാധികാരികള്‍ അക്ഷരമാല ക്രമം ഇതിനനുസരിച്ചാണു ചിട്ടപ്പെടുത്തിയത്. എന്നാല്‍, ഇനീഷ്യലിന്റെ ചുരുക്കം കൊടുക്കാന്‍ പാടില്ലെന്നാണു നിയമം. നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് ചിഹ്നം അനുവദിക്കുന്നതിലും പേര് ക്രമീകരിക്കുന്നതിലും അപാകത ഉണ്ടാവാന്‍ കാരണം. വരണാധികാരികള്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താതിരുന്നതാണ്  പ്രതിസന്ധി സൃഷ്ടിച്ചതെന്ന് തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പറയുന്നു.
Next Story

RELATED STORIES

Share it