malappuram local

വിമാനത്തില്‍ മൃതദേഹം കയറ്റിയില്ല; കാത്തിരുന്ന ബന്ധുക്കള്‍ ആധിയിലായി

കൊണ്ടോട്ടി: ജിദ്ദയില്‍ മരിച്ചയാളുടെ മൃതദേഹം അബുദാബി വഴി കരിപ്പൂരിലേക്ക് കൊണ്ടുവരുന്നതിനിടെ കണക്ഷന്‍ വിമാനത്തില്‍ കയറ്റാന്‍ മറന്നു.കരിപ്പൂരില്‍ കാത്തിരുന്ന ബന്ധുക്കളും നാട്ടുകാരും ആശങ്കയിലായി.
വേങ്ങര കണ്ണമംഗലം സ്വദേശി മേമാട്ടുപാറ ഉമ്മര്‍ കല്ലായി (55)ന്റെ മൃതദേഹമാണ് അബുദാബിയില്‍ നിന്നും കരിപ്പൂരിലേക്കുള്ള വിമാനത്തില്‍ കയറ്റാന്‍ മറന്നത്.
ജിദ്ദയില്‍ ഹൃദയാഘാത മൂലം മരിച്ച ഉമ്മറിന്റെ മൃതദേഹം ജിദ്ദയില്‍ നിന്ന് ഇത്തിഹാദ് എയര്‍ വിമാനത്തില്‍ അബുദാബി വഴിയാണ് കൊണ്ടുവരാന്‍ തീരുമാനിച്ചത്.
രാവിലെ വിമാനം കരിപ്പൂരിലെത്തുന്ന വിമാനമായതിനാല്‍ ബന്ധുക്കള്‍ ഒമ്പതു മണിക്ക് ഖബറടക്കത്തിനുളള സമയവും നിശ്ചയിച്ചു.
തുടര്‍ന്ന് ബന്ധുക്കള്‍ ആമ്പുലന്‍സുമായി കരിപ്പൂരിലെത്തി.ജിദ്ദയില്‍ നിന്ന് മകന്‍, രണ്ട് സുഹൃത്തുക്കളും മൃതദേഹത്തെ അനുഗമിച്ചിരുന്നു.
ജിദ്ദയില്‍ നിന്ന് അബൂദാബിയിലേക്ക് വിമാനത്തില്‍ മൃതദേഹം കയറ്റിയെങ്കിലും കരിപ്പൂരിലേക്കുളള കണക്ഷന്‍ വിമാനത്തില്‍ മൃതദേഹം കയറ്റാന്‍ മറന്നു.ഇതറിയാതെ മരിച്ചയാളുടെ രേഖകളും മറ്റുമായി മകനും സൂഹൃത്തുക്കളും കരിപ്പൂരിലെത്തുകയും ചെയ്തു.
ഇത്തിഹാദ് എയര്‍ വിമാനത്തില്‍ മൃതദേഹം എത്തുമെന്നറിഞ്ഞ് ബന്ധുക്കള്‍ രാവിലെ തന്നെ കരിപ്പൂരിലെത്തിയിരുന്നു. വിമാനക്കമ്പനി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ മൃതദേഹം വരുന്നത് സംബന്ധിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി.ഇതോടെ ബന്ധുക്കള്‍ വിമാനക്കമ്പനിക്കെതിരെ തിരിഞ്ഞു.
പിന്നീട് ഇ അഹമ്മദ് എംപി യുമായി ബന്ധപ്പെട്ടു.മൃതദേഹം ബുധനാഴ്ച എത്തിക്കാമെന്നായിരുന്നു വിമാനക്കമ്പനിയുടെ മറുപടി.
പിന്നീട് എംപി യുടെ ഓഫിസ് അബുദാബിയില്‍ ബന്ധപ്പെട്ട് വൈകീട്ടോടെ മൃതദേഹം നെടുമ്പാശ്ശേരിയില്‍ എത്തിച്ചു. അബുദാബിയില്‍ നിന്നു മൃതദേഹം ഇത്തിഹാദ് വിമാനത്തില്‍ കയറ്റാന്‍ മറന്നതാണു പ്രശ്‌നമായത്.
രാത്രി എട്ടരക്ക് എടക്കാ പറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Next Story

RELATED STORIES

Share it