വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടുകിലോ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: ദുബയില്‍ നിന്ന് കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ എയര്‍ വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്ന് രണ്ടു കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് കണ്ടെത്തി. ഇന്നലെ രാവിലെ 10ന് കരിപ്പൂരിലെത്തിയ വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ പുറത്തിറങ്ങിയ സമയത്ത് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്.
വിമാനത്തിന്റെ സീറ്റിനടയില്‍ രണ്ടു സ്വര്‍ണബാറുകള്‍ എട്ട് കഷ്ണങ്ങളായാണ് ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഈ വിമാനം മുംബൈയിലേക്ക് തുടര്‍ന്ന് സര്‍വീസ് നടത്തുന്നതാണ്.
വിമാനത്താവളത്തിലെ ജീവനക്കാരെ ഉപയോഗിച്ച് സ്വര്‍ണം പുറത്ത് കടത്താനോ, മുംബൈയിലേക്കുള്ള ആഭ്യന്തര സെക്ടറില്‍ സ്വര്‍ണം പുറത്തിറക്കാനോ ലക്ഷ്യമിട്ടതാണെന്ന് കരുതുന്നു. ആഭ്യന്തര സെക്ടറില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് കസ്റ്റംസ് പരിശോധന ഇല്ലാത്തതാണ്. ഗള്‍ഫില്‍ നിന്നുള്ള യാത്രക്കാരന്‍ സ്വര്‍ണം വിമാന സീറ്റില്‍ ഒളിപ്പിച്ച് പുറത്തിറങ്ങി, തുടര്‍ സര്‍വീസിന് ഇതേ സീറ്റിലെത്തുന്ന യാത്രക്കാരന്‍ ആഭ്യന്തര സെക്ടറില്‍ സ്വര്‍ണം പുറത്തിറക്കുന്ന രീതി നേരത്തെ പിടിക്കപ്പെട്ടതാണ്.
വിമാനത്തിന്റെ സീറ്റിനടിയില്‍ സ്വര്‍ണം ഒളിപ്പിച്ച യാത്രക്കാരനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സ്വര്‍ണം ലഭിച്ച സീറ്റില്‍ ഇരുന്ന യാത്രക്കാരനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്. പിടികൂടിയ സ്വര്‍ണത്തിന് 60.86 ലക്ഷം രൂപ വില ലഭിക്കും.
കരിപ്പൂരില്‍ കഴിഞ്ഞയാഴ്ചയാണ് ഒരു കോടിയുടെ മൂന്നര കിലോ സ്വര്‍ണം പിടികൂടിയിരുന്നത്. കരിപ്പൂരില്‍ വിമാന സീറ്റിനടിയില്‍ ഒളിപ്പിച്ച് മാലിന്യങ്ങള്‍ വഴി സ്വര്‍ണം പുറത്തു കടത്തുന്ന രീതി നേരത്തെ പിടിക്കപ്പെട്ടിട്ടുള്ളതാണ്. വിമാന ശുചീകരണ തൊഴിലാളികളടക്കം കരിപ്പൂരില്‍ നിരീക്ഷണത്തിലാണ്.
Next Story

RELATED STORIES

Share it