വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയുമായെത്തിയ യുവാവ് പിടിയില്‍

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാവോവാദികള്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണിയുമായെത്തിയ മാനസികാസ്വാസ്ഥ്യമുളള യുവാവ് പിടിയില്‍. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് പള്ളിക്കല്‍ ബസാറില്‍ താമസിക്കുന്ന നല്ലളം കൊളത്തറ യൂനുസ് (35) ബോംബ് ഭീഷണിയുമായി കരിപ്പൂരിലെത്തിയത്.
പുലര്‍ച്ചെ പോലിസിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച ബൈക്കിലാണ് ഇയാള്‍ വിമാനത്താവളത്തിെലത്തുന്നത്. സിഐഎസ്എഫ് എയ്ഡ് പോസ്റ്റിലെത്തിയ ഇയാള്‍ മാവോവാദികള്‍ ഏഴ് മണിക്കുളള വിമാനത്തില്‍ ബോംബ് വച്ചതായി സുരക്ഷാ ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഇതോടെ യുവാവിനെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ചോദ്യംചെയ്യലില്‍ ഇയാള്‍ ആദ്യം തന്റെ നിലപാടില്‍ ഉറച്ചുനിന്നതോടെ കേന്ദ്ര സുരക്ഷാസേന മറ്റു സുരക്ഷാ ഏജന്‍സികളെ വിവരം അറിയിച്ചു. തുടര്‍ന്ന് ബിടിഎസി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി.
ബോംബ് സ്വക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. എന്നാല്‍, യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്തതോടെ ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുളളതായി വ്യക്തമായി. പിന്നീട് ബന്ധുക്കളുമായി ബന്ധപ്പെട്ടതോടെയാണ് കോഴിക്കോട് ഡോക്ടറുടെ ചികിത്സ തേടുന്നതടക്കമുളള വിവരങ്ങള്‍ പോലിസിനു ലഭിച്ചത്. ഇയാളെ പിന്നീട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ടിവി ചാനലുകളില്‍ രാത്രിയില്‍ വരുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ചുളള വാര്‍ത്തകളാണ് ഇയാള്‍ സ്ഥിരമായി കാണാറുളളതെന്ന് പോലിസ് പറഞ്ഞു. മണിക്കൂറുകളാണ് യുവാവിന്റെ ഭീഷണിമൂലം വിമാനത്താവള പ്രവര്‍ത്തനം മുള്‍മുനയിലായത്.
Next Story

RELATED STORIES

Share it