kannur local

വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള പ്രദേശമായ കല്ലേരിക്കരയില്‍ നിരവധി വീട്ടുകിണറുകള്‍ പൊടിപടലങ്ങള്‍ നിറഞ്ഞ് മലിനമായി കുടിവെള്ളത്തിന് ബുദ്ധിമുട്ട് നേരിട്ടതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞു. ഇന്നലെ രാവിലെ കല്ലേരിക്കരയിലാണു സംഭവം.
വാഹനങ്ങള്‍ തടഞ്ഞ് സംഘര്‍ഷം രൂപപ്പെട്ടതിനേ തുടര്‍ന്ന് ഇരിട്ടി ഡിവൈഎസ്പി കെ സുദര്‍ശനന്‍, മട്ടന്നൂര്‍ എസ്‌ഐ വിനീഷ് കുമാര്‍, മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍, ഇടതു മുന്നണി സ്ഥാനാര്‍ഥി ഇ പി ജയരാജന്‍, എന്‍ഡിഎ സ്ഥാനാര്‍ഥി ബിജു ഏളക്കുഴി, സിപിഎം ജില്ലാ കമ്മിറ്റി അംഗം പി പുരുഷോത്തമന്‍, മുന്‍ കൗ ണ്‍സിലര്‍ എ ബി പ്രമോദ് എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. വിമാനത്താവളത്തിലേക്ക് അമിതഭാരം വഹിച്ചുള്ള കൂറ്റന്‍ വാഹനങ്ങള്‍ നിരന്തരം സഞ്ചരിക്കുന്നതു കാരണം വാഴാന്തോട് കാര റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. റോഡ് നന്നാക്കല്‍ പ്രവൃത്തിയാണെങ്കില്‍ ഇഴഞ്ഞുനീങ്ങുകയാണ്.
റോഡ് പൊട്ടിപ്പൊളിഞ്ഞതു കാരണം സമീപത്തെ മുഴുവന്‍ വീടുകളും സ്ഥാപനങ്ങളും പൊടിപടലങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. ഇതിനുപുറമേയാണ് പദ്ധതി പ്രദേശത്തുനിന്ന് വന്‍തോതില്‍ പൊടിപടലങ്ങള്‍ താഴ്‌വാര പ്രദേശമായ വയലാട്ടില്‍, കല്ലേരിക്കര തുടങ്ങിയ പ്രദേശങ്ങളിലെ വീട്ടുകിണറുകളില്‍ അടിഞ്ഞു കൂടിയത്. പൊടിപടലങ്ങള്‍ നിറഞ്ഞ് ദുര്‍ഗന്ധം കാരണം കിണറുകള്‍ മലിനമായതിനാല്‍ കുടിവെള്ളത്തിന് ക്ഷാമം നേരിട്ട സാഹചര്യത്തിലാണ് രോഷാകുലരായ നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞത്. ഇതേത്തുടര്‍ന്ന് കിയാല്‍ പ്രൊജക്റ്റ് എന്‍ജിനീയര്‍ കെ പി ജോസ്, പിആര്‍ഒ കെ അജയകുമാര്‍ എന്നിവര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി. മഴക്കാലം വരെ പ്രദേശവാസികള്‍ക്ക് ടാങ്കര്‍ ലോറിയില്‍ കിയാലിന്റെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ ചര്‍ച്ചയില്‍ ധാരണയായി. ഓരോ പുനരധിവാസ കേന്ദ്രത്തിലും കുഴല്‍ക്കിണര്‍ കുഴിക്കാനും നാട്ടുകാര്‍ക്ക് വിമാനത്താവളം വഴി എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അത് അടിയന്തിരമായി പരിഹരിക്കാന്‍ ഒരു സേനയെ രൂപീകരിക്കാനും തീരുമാനമായതോടെ ഉച്ചയ്ക്ക് 12.20ഓടെ ഉപരോധം പിന്‍വലിച്ചു.
Next Story

RELATED STORIES

Share it