വിമാനം വെടിവച്ചിട്ട സംഭവം: കടുത്ത നടപടികളുമായി റഷ്യ

മോസ്‌കോ: റഷ്യന്‍ യുദ്ധവിമാനം സിറിയന്‍ അതിര്‍ത്തിയില്‍ തുര്‍ക്കി വെടിവച്ചുവീഴ്ത്തിയ സംഭവത്തില്‍ റഷ്യ കടുത്ത നടപടിയിലേക്ക്. തുര്‍ക്കിയുമായുള്ള സൈനിക ഉടമ്പടികള്‍ അവസാനിപ്പിക്കുന്നതായും സിറിയയിലെ റഷ്യന്‍ ദൗത്യത്തിനു തടസ്സമുണ്ടാക്കുന്ന എന്തും നേരിടാന്‍ വ്യോമപ്രതിരോധസംവിധാനങ്ങളുള്ള പടക്കപ്പല്‍ മധ്യധരണ്യാഴിയില്‍ വിന്യസിച്ചതായും റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഐഎസ് സായുധസംഘത്തിനെതിരായ പടനീക്കത്തില്‍ റഷ്യന്‍ ദൗത്യത്തിന് തടസ്സം സൃഷ്ടിക്കുന്ന എന്തും തകര്‍ക്കുന്നതിന് തങ്ങള്‍ക്ക് മടിയുണ്ടാവില്ലെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
ഇനിമുതല്‍ സിറിയയില്‍ വ്യോമാക്രമണം നടത്തുന്ന റഷ്യന്‍ വിമാനങ്ങള്‍ക്ക് അകമ്പടി വിമാനങ്ങളും ഉണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു.നാറ്റോ അംഗരാജ്യം റഷ്യന്‍ വിമാനം വെടിവച്ചുവീഴ്ത്തുന്നത് അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ്. ഐഎസിനോട് കൂട്ടുകൂടിയുള്ള പ്രവര്‍ത്തനമാണ് തുര്‍ക്കി നടത്തിയിരിക്കുന്നതെന്നാണ് പുടിന്‍ വിമാനം തകര്‍ത്തതിനെപ്പറ്റി പ്രതികരിച്ചത്.
ഐഎസുമായി തുര്‍ക്കി എണ്ണ വ്യാപാരം നടത്തുന്നുണ്ടെന്നും തുര്‍ക്കിക്ക് റഷ്യ ഒരു ഭീഷണിയല്ലാതിരുന്നിട്ടും ഭീകരവിരുദ്ധ യുദ്ധത്തിലെ ധാരണകള്‍ ലംഘിച്ച് വിമാനം തകര്‍ത്തതിന്റെ പിന്നില്‍ ഐഎസ് സ്‌നേഹമാണെന്നും പുടിന്‍ പറഞ്ഞു.
റഷ്യയുടെ സുഖോയ് എസ് യു24 യുദ്ധവിമാനം കഴിഞ്ഞ ദിവസമാണ് തുര്‍ക്കിയുടെ എഫ് 16 യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടത്. അതിനിടെ, വെടിവെച്ചിട്ട റഷ്യന്‍ യുദ്ധവിമാനത്തിലെ പൈലറ്റുമാര്‍ക്കായി തിരിച്ചില്‍ നടത്തുന്ന റഷ്യന്‍ ഹെലികോപ്റ്ററിന് നേരെ വിമത സേന നടത്തിയ ആക്രമണത്തില്‍ ഒരു റഷ്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
വിമാനം തകര്‍ന്നുവീണയിടത്ത് തിരച്ചില്‍ നടത്തുകയായിരുന്ന റഷ്യന്‍ ഹെലികോപ്റ്ററിന് നേരെയാണ് സിറിയന്‍ വിമത സേന വെടിയുതിര്‍ത്തത്. തിരച്ചിലിനിടെ റഷ്യയുടെ എംഐ8 ഹെലികോപ്റ്ററിന് നേരെയാണ് വിമത സേന വെടിയുതിര്‍ത്തത്. ഹെലികോപ്റ്റര്‍ വിജനമായ സ്ഥലത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയെങ്കിലും മോര്‍ട്ടാര്‍ ആക്രമണത്തില്‍ അത് തകര്‍ന്നതായും ഒരു സൈനികന്‍ കൊല്ലപ്പെട്ടതായും റഷ്യന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്ന രണ്ട് ഹെലികോപ്റ്ററുകളും പ്രദേശത്തു നിന്ന് പിന്‍വലിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it