വിമര്‍ശനം ഫേസ്ബുക്ക് പോസ്റ്റില്‍: രാഹുല്‍ പശുപാലനെ പോലുള്ള ക്രിമിനലുകളെ തിരിച്ചറിയണം: ആഷിഖ് അബു

കൊച്ചി: ചുംബനസമരത്തെ പിന്തുണച്ച് രംഗത്തെത്തിയതിന്റെ പേരില്‍ വിമര്‍ശനങ്ങളേറ്റു വാങ്ങിയ ആഷിഖ് അബു രാഹുല്‍ പശുപാലനെതിരേ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനവുമായി ആഷിഖ് അബു എത്തിയത്. ചുംബനസമരം പോലുള്ള യുവജന സമരങ്ങള്‍ക്കു പിന്തുണയുമായെത്തിയ ആഷിഖ് ഓണ്‍ലൈന്‍ പെണ്‍വാണിഭ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല.
ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്: 'ദേശീയതലത്തില്‍ ഇടതുപക്ഷത്തിനു സംഭവിച്ച തളര്‍ച്ചയും, തീവ്രവലതുപക്ഷ ശക്തികള്‍ക്കു സംഭവിച്ച വളര്‍ച്ചയും, വാര്‍ത്താമാധ്യമങ്ങളുടെ വലിയ രീതിയിലുള്ള കോര്‍പറേറ്റുവല്‍ക്കരണവും, എന്നും അധികാരിവര്‍ഗത്തിന്റെ ശത്രുക്കളായ കലാകാരന്മാര്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന അക്രമങ്ങളും, സ്ത്രീകള്‍ക്ക് നേരെ ശക്തിയാര്‍ജിക്കുന്ന ഗുണ്ടാസംസ്‌കാരവും നമ്മുടെ നാട്ടിലെ ചിന്തിക്കുന്ന യുവതലമുറയില്‍ സൃഷ്ടിച്ച ജാഗ്രതയാണ് ഇപ്പോള്‍ ഒരു പേരിലും അറിയപ്പെടാത്ത 'യുവതയുടെ ചെറുത്തുനില്‍പ്പ് രാഷ്ട്രീയം'. അത് നില്‍പുസമരപ്പന്തല്‍ മുതല്‍ ചങ്കുറപ്പുള്ള മാധ്യമപ്രവര്‍ത്തകരുടെ നിലപാടില്‍ വരെ കാണാം.
ഈ ഓര്‍ഗനൈസ്ഡ് അല്ലാത്ത ചെറുത്തുനില്‍പ് സമരത്തില്‍ രാഹുല്‍ പശുപാലനെ പോലെയുള്ള ക്രിമിനലുകള്‍ കയറിക്കൂടുകയും നമ്മളെ പാളയത്തില്‍ തന്നെ ആക്രമിക്കുകയും ചെയ്യും. ഈ ക്രിമിനലുകളെ എത്രയും പെട്ടെന്ന് തന്നെ തിരിച്ചറിയുക എന്നതാണ് ഏകവഴി. വില കുറഞ്ഞ സൈബര്‍ ആക്രമണങ്ങള്‍ ഈ പറഞ്ഞ ആരുടെയും മനസ്സ് മാറ്റില്ല'- ആഷിഖ് അബു പറയുന്നു.
Next Story

RELATED STORIES

Share it