wayanad local

വിമന്‍സ് ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധ: കൂടുതല്‍ പേര്‍ ചികില്‍സ തേടി

കല്‍പ്പറ്റ: കെഎസ്ആര്‍ടിസി ഗാരേജിനടുത്ത പ്രിയദര്‍ശിനി വിമന്‍സ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 15ഓളം വിദ്യാര്‍ഥിനികളെ കല്‍പ്പറ്റ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായാണ് ഇവര്‍ ചികില്‍സ തേടിയത്. ഹോസ്റ്റലിലെ മറ്റുള്ളവര്‍ക്കും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം കമലത്തിന്റെയും ബന്ധുക്കളുടെയും സ്ഥാപനമാണ് ഈ ഹോസ്റ്റല്‍. വിവിധ പദ്ധതികളിലൂടെ ഹോസ്റ്റലിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നുമുണ്ട്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഒരു ബാച്ചിനാണ് ആദ്യം ഭക്ഷണം വിളമ്പിയത്.
ഭക്ഷണം കഴിച്ച് അല്‍പ സമയത്തിനകം തന്നെ ഇവര്‍ക്ക് ഛര്‍ദ്ദിയും തലവേദനയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. ആരോഗ്യസ്ഥിതി വഷളായതോടെ ഒരോരുത്തരെയായി കല്‍പ്പറ്റ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ആരോഗ്യവകുപ്പ് അധികൃതര്‍ ഹോസ്റ്റലിലെത്തി പരിശോധന നടത്തി.
വിതരണം ചെയ്ത ഭക്ഷണത്തിന്റെ സാംപിളുകള്‍ ശേഖരിച്ചു. രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ ദുര്‍ഗന്ധമുണ്ടായിരുന്നതായി ആശുപത്രിയിലുള്ള വിദ്യാര്‍ഥികള്‍ പറഞ്ഞു. കറിയും മോശമായിരുന്നു. ഇത് അധികൃതരെ അറിയിച്ചെങ്കിലും ഗൗനിച്ചില്ല. മറ്റ് ഭക്ഷണം ഇല്ലാത്ത അവസ്ഥയില്‍ ഇതു കഴിക്കുകയായിരുന്നു. മുമ്പും ഹോസ്റ്റലില്‍ നിന്നു മോശമായതും പഴകിയതുമായ ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. ഇതിനെതിരേ പരാതി നല്‍കിയിരുന്നതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഹോസ്റ്റലില്‍ ഭക്ഷണകാര്യത്തില്‍ വിവേചനം നടക്കുന്നതായും ആരോപണമുണ്ട്. ഗ്രാമീണ യുവജന പ്രോല്‍സാഹനത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഡിഡിയുജികെവൈ (ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗസല്യ യോജന) യുടെ ഭാഗമായി ട്രാവല്‍ ആന്റ് ടൂറിസം കോഴസിന് പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഭക്ഷ്യവിഷബാധയ്ക്ക് ഇരയായത്. സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഇവര്‍ക്ക് ഭക്ഷണവും മറ്റും വിതരണം ചെയ്യുന്നത്.
ഭൂരിഭാഗവും ആദിവാസി വിദ്യാര്‍ഥികളാണ് ഡിഡിയുജികെവൈക്ക് പഠിക്കുന്നത്. എന്നാല്‍, ഇവര്‍ക്ക് ഒരുതരത്തിലുള്ള ഭക്ഷണവും ഇതേ ഹോസ്റ്റലില്‍ താമസിക്കുന്ന പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ മികച്ച ഭക്ഷണവുമാണ് നല്‍കുന്നതെന്നും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it