വിമത പ്രവര്‍ത്തനം; പി കെ രാഗേഷ് ഉള്‍പ്പെടെ നാലു പേര്‍ പുറത്ത്

കണ്ണൂര്‍: യുഡിഎഫിന് വിമത ഭീഷണി ഉയര്‍ത്തിയ നാലുപേരെ കോണ്‍ഗ്രസ് പുറത്താക്കി. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസ്സിന് തലവേദന സൃഷ്ടിച്ച പള്ളിക്കുന്ന് പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമായ പി കെ രാഗേഷ്, ഇരിക്കൂര്‍ മുന്‍ മണ്ഡലം പ്രസിഡന്റ് കെ ആര്‍ അബ്ദുല്‍ഖാദര്‍, യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് മണ്ഡലം പ്രസിഡന്റ് കായക്കൂല്‍ രാഹുല്‍, പ്രദീപ്കുമാര്‍ എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കിയതെന്ന് ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യുഡിഎഫിനെയും പാര്‍ട്ടിയെയും വെല്ലുവിളിക്കുകയാണ് ഇവരെന്നും ഇതനുവദിക്കാനാവില്ലെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
പി കെ രാഗേഷിനെ അനുനയിപ്പിക്കുന്നതിന് ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ ഇടപെട്ടു. കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയുമായി പി കെ രാഗേഷ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയെങ്കിലും ഡെപ്യൂട്ടി മേയര്‍ സ്ഥാനമടക്കം അംഗീകരിക്കാന്‍ കഴിയാത്ത ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഇനി ഇവരോട് ചര്‍ച്ചയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പി കെ രാഗേഷ് ജനാധിത്യ സംരക്ഷണ മുന്നണി രൂപീകരിച്ച് കഴിഞ്ഞയാഴ്ച്ച കണ്‍വന്‍ഷന്‍ ചേരുകയും കണ്ണൂരും അഴീക്കോട്ടും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിക്കുകയും ചെയ്തിരുന്നു.
ഇരിക്കൂറില്‍ കെ ആര്‍ അബ്ദുല്‍ഖാദറിന്റെ നേതൃത്വത്തിലാണ് സേവ് കോണ്‍ഗ്രസ് ഫോറം കെ സി ജോസഫിനെ മാറ്റണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. അതേസമയം, പി കെ രാഗേഷിനെ പുറത്താക്കിയത് അഴീക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിന് തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്ന് വിലയിരുത്തലുണ്ട്.
Next Story

RELATED STORIES

Share it