Kannur

വിമതശല്യവും അപരന്മാരും; കണ്ണൂരില്‍ മുന്നണികള്‍ അങ്കലാപ്പില്‍

കണ്ണൂര്‍:  തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മുഖ്യധാരാ പാര്‍ട്ടികളുടെ പല സ്ഥാനാര്‍ഥികള്‍ക്കും ഭീഷണിയായി വിമതപ്പടയും അപരന്മാരും. യുഡിഎഫിലാണ് വിമതരുടെ ശല്യമേറെ. ജില്ലാ പഞ്ചായത്ത് തലം മുതല്‍ ഗ്രാമപ്പഞ്ചായത്ത് വരെ ഇതു പ്രകടമാണ്. ത്രിതല തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ പേര് അക്ഷരമാലാ ക്രമത്തിലായിരിക്കും.

വോട്ടിങ് യന്ത്രത്തില്‍ ഒരേ പേരിലുള്ള പല സ്ഥാനാര്‍ഥികള്‍ വരുന്നത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കും. ചില്ലറ വോട്ടുകള്‍ക്ക് ജയപരാജയ സാധ്യത മാറിമറയുന്നതാണ് മിക്ക വാര്‍ഡുകളുടെയും സ്ഥിതി. വാശിയേറിയ പോരാട്ടം കൂടിയാവുമ്പോള്‍ പലയിടത്തും പ്രവചനം അസാധ്യമാവും. അതിനാല്‍, വിതന്മാരും അപരന്മാരും പാര്‍ട്ടികള്‍ക്ക് സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ ഇവരുടെ ഭീഷണി എങ്ങനെ ചെറുക്കുമെന്ന അങ്കലാപ്പിലാണ് മുന്നണി നേതൃത്വം.

അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയും പാര്‍ട്ടി വോട്ടര്‍മാരെ ബോധവല്‍ക്കരിച്ചും മറ്റും വിമതരെ നിര്‍ജീവമാക്കാന്‍ ശ്രമം തുടരുന്നുണ്ടെങ്കിലും ഇത് പോളിങില്‍ എത്രമാതം ഫലിക്കുമെന്ന് കണ്ടറിയണം. മുന്നണി സ്ഥാനാര്‍ഥികളുടെ വോട്ടുകള്‍ പരമാവധി കൈക്കലാക്കി കരുത്ത് തെളിയിക്കുക എന്നതാണ് വിമതരുടെ ലക്ഷ്യം. പാര്‍ട്ടികളുടെ പിന്തുണയോടെ മല്‍സരിക്കുന്നവരും സീറ്റ് മോഹിച്ച് ഒടുവില്‍ ലഭിക്കാത്തവും ഇക്കൂട്ടത്തിലുണ്ട്. അതിനിടെ, പലയിടത്തും ഇരുമുന്നണികളും എതിര്‍സ്ഥാനാര്‍ഥികള്‍ക്കെതിരേ അപരന്മാരെ നിര്‍ത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ അവസ്ഥയും മറ്റൊന്നല്ല.

ആകെയുള്ള 24 ഡിവിഷനുകളില്‍ ജനവിധി തേടുന്ന 86 സ്ഥാനാര്‍ഥികളില്‍ 15 പേര്‍ സ്വതന്ത്രന്മാരാണ്. എന്നാല്‍ ഒരിടത്തു മാത്രമാണ് അപരസാന്നിധ്യം. ഉളിക്കല്‍ ഡിവിഷനില്‍ എല്‍ഡിഎഫ് പിന്തുണയോടെ മല്‍സരിക്കുന്ന സിഎംപിയിലെ കെ എന്‍ ചന്ദ്രനെതിരേ സതീശ് ചന്ദ്രന്‍ എന്ന പേരില്‍ മറ്റൊരാള്‍ രംഗത്തുണ്ട്. 55 ഡിവിഷനുള്ള കണ്ണൂര്‍ കോര്‍പറേഷനിലേക്ക്്് ജനവിധി തേടുന്ന 224 പേരില്‍ 37 പര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്. ആദ്യം കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഇടംനേടി അവസാനം തഴയപ്പെട്ട പി കെ രാഗേഷ് ഉള്‍പ്പെടെയുള്ള ഏഴുപേരും വിമതരുടെ പട്ടികയില്‍ ഉള്‍പ്പെടും. അതേസമയം, കോര്‍പറേഷനിലെ ആറു ഡിവിഷനില്‍ ഇരുമുന്നണികളും അപരന്മാരെ ഇറക്കിയിട്ടുണ്ട്.

കസാനക്കോട്ട, ചൊവ്വ, അറക്കല്‍, ആറ്റടപ്പ, മേലെ ചൊവ്വ, അതിരകം ഡിവിഷനുകളിലാണ് സ്ഥാനാര്‍ഥികളുടെ പേരിനോട് സാദൃശ്യമുള്ള അപരന്മാര്‍ ഉള്ളത്. കസാനക്കോട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും നിലവിലെ നഗരസഭാ ലീഗ് കൗണ്‍സിലറുമായ സി സീനത്തിന് ഭീഷണിയായുള്ളത് മറ്റൊരു സി സീനത്ത്. ചൊവ്വ ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം പി അനില്‍കുമാറിന് പി കെ അനില്‍കുമാറാണ് അപരന്‍. അറക്കല്‍ വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി റഷീദയ്ക്ക് കെ റഷീദയാണ് അപര. ആറ്റടപ്പയിലെ എല്‍ഡിഫ് സാരഥി ടി പ്രേമിക്കെതിരേ വി വി പ്രേമി മല്‍സരിക്കുന്നു. മേലെചൊവ്വ ഡിവിഷനിലെ യുഡിഎഫ് സ്ഥാരഥിഎം ഉഷയ്‌ക്കെതിരേ യു കെ ഉഷയും അതിരകത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുസ്തഫയെ വീഴ്ത്താന്‍ എം മുസ്തഫയും രംഗത്തുണ്ട്.
Next Story

RELATED STORIES

Share it