വിമതര്‍ ജയിച്ചാലും നടപടി പിന്‍വലിക്കില്ല: സുധീരന്‍

തിരുവനന്തപുരം: കെപിസിസി തയ്യാറാക്കിയ മാര്‍ഗനിര്‍ദേശത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി അച്ചടക്ക നടപടിക്കു വിധേയരായവരെ തിരഞ്ഞെടുപ്പുകാലത്ത് വീണ്ടും പാര്‍ട്ടിയിലെടുക്കുന്ന സ്ഥിതി നേരത്തേയുണ്ടായിരുന്നു. എന്നാല്‍, ഇനി അതുണ്ടാവില്ല. നഗരസഭാ ചെയര്‍മാന്മാര്‍, പാര്‍ട്ടിയുടെ ഉന്നതസ്ഥാനത്ത് ഇരിക്കുന്നവര്‍ എന്നിവര്‍ക്കെതിരേ പോലും നടപടി എടുത്തിട്ടുണ്ട്. വിമതരായി മല്‍സരിക്കുന്നവര്‍ക്കെതിരായ നടപടി പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്നു സുധീരന്‍ ആവര്‍ത്തിച്ചു. തിരഞ്ഞെടുപ്പില്‍ വിമതസ്ഥാനാര്‍ഥികള്‍ ജയിച്ചാലും അവരുമായി സഹകരിക്കേണ്ടെന്ന പൊതുനിലപാടാണ് യുഡിഎഫ് എടുത്തിട്ടുള്ളത്. ഇത് എല്ലാ തലത്തിലും ചര്‍ച്ചചെയ്ത് എടുത്ത തീരുമാനമാണ്. വിമതര്‍ വിമതരായി തന്നെ തുടരുമെന്നും സുധീരന്‍ പറഞ്ഞു.
ചിലയിടങ്ങളില്‍ കോലീബി സഖ്യമുണ്ടെന്നു പറയുന്നത് പ്രചാരണം മാത്രമാണ്. യുഡിഎഫില്‍ നല്ല ഐക്യമുണ്ട്. മലപ്പുറത്ത് ചില ഒറ്റപ്പെട്ട പ്രശ്‌നങ്ങളുണ്ട്. ലീഗുമായുള്ള സൗഹൃദമല്‍സരങ്ങള്‍ മുന്നണിയെ ബാധിക്കില്ല. കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശം ഗൗരവമായി കാണും. മുസ്‌ലിംലീഗിന്റെ നിലപാട് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമായി പറഞ്ഞുകഴിഞ്ഞു. ലീഗുമായി സംവല്‍സരങ്ങള്‍ നീണ്ട ബന്ധമാണ് കോണ്‍ഗ്രസ്സിനുള്ളത്. ബാഫഖി തങ്ങളുടെ കാലം മുതല്‍ പരീക്ഷണങ്ങളെ അതിജീവിച്ച ബന്ധമാണതെന്നും സുധീരന്‍ വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിലെ താഴ്ന്ന തസ്തികകളില്‍ നിയമനത്തിന് ഇന്റര്‍വ്യൂ ഒഴിവാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ സര്‍വീസുകളില്‍ ആര്‍എസ്എസുകാരെ കുത്തിത്തിരുകുന്നതിനു വേണ്ടിയാണ്. ഇന്റര്‍വ്യൂ നടക്കുമ്പോള്‍ സംവരണതത്ത്വം പാലിക്കപ്പെടേണ്ടിവരും. അങ്ങനെ വന്നാല്‍ ആര്‍എസ്എസുകാരെ കുത്തിനിറയ്ക്കാന്‍ പ്രയാസം നേരിടും. വിദ്യാഭ്യാസ ചരിത്ര ഗവേഷണസ്ഥാപനങ്ങളില്‍ ആര്‍എസ്എസിനെ പ്രതിഷ്ഠിക്കാനുള്ള ഗൂഢനീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരേ കോണ്‍ഗ്രസ്സില്‍ അച്ചടക്കനടപടിയെടുത്തു. മലപ്പുറം ഡിസിസി സെക്രട്ടറി വി മധുസൂദനന്‍, വേങ്ങര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി പി സഫീര്‍ബാബു എന്നിവരെ തല്‍സ്ഥാനങ്ങളില്‍നിന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നീക്കംചെയ്തതായി കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. വേങ്ങര നിയമസഭാ നിയോജകമണ്ഡലത്തിലെ കണ്ണമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കെപിസിസി പ്രസിഡന്റ് പിരിച്ചുവിട്ടു.
Next Story

RELATED STORIES

Share it