കണ്ണൂര്‍ കോര്‍പറേഷന്‍ : വിമതന്റെ പിന്തുണ- ചര്‍ച്ച തുടരുന്നു

കണ്ണൂര്‍: കോര്‍പറേഷനില്‍ ഇരു മുന്നണികള്‍ക്കും തുല്യസീറ്റുകള്‍ ലഭിച്ചതിനാല്‍ വിമതന്റെ പിന്തുണ തേടുന്നതു സംബന്ധിച്ച് യുഡിഎഫിലും കോണ്‍ഗ്രസ്സിലും ചര്‍ച്ചകള്‍ തുടരുന്നു. കോണ്‍ഗ്രസ് വിമതന്റെ പിന്തുണ തേടാന്‍ കെപിസിസിയില്‍ ധാരണയായിരുന്നു. തുടര്‍ന്ന് കെപിസിസി നിയമിച്ച ഉപസമിതി രണ്ടു ദിവസങ്ങളിലായി യോഗം ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല.
ഇന്നലെ ഉച്ചയ്ക്കു പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ ഉപസമിതി യോഗം ചേര്‍ന്ന് വിമതന്റെ ആവശ്യങ്ങളിന്‍മേല്‍ കൈക്കൊള്ളാവുന്ന നടപടികള്‍ ആസൂത്രണം ചെയ്തു. പഞ്ഞിക്കീല്‍ വാര്‍ഡില്‍നിന്ന് കോണ്‍ഗ്രസ് വിമതനായി ജയിച്ച പി കെ രാഗേഷ് പ്രധാനമായും ആവശ്യപ്പെടുന്നത് ഡിസിസി നേതൃമാറ്റവും തന്നെയും തന്നോടൊപ്പം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയവരെയും തിരിച്ചെടുക്കണമെന്നുമാണ്. സംസ്ഥാനതലത്തില്‍ തന്നെ വിമതരോടുള്ള നിലപാട് ഇക്കാര്യത്തില്‍ ആവശ്യമാണ്. അതുകൊണ്ടു തന്നെ വിമതന്റെ പിന്തുണയില്‍ ഭരണം നടത്താനാണു കെപിസിസി ആദ്യം നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കെ സി ജോസഫ് ഉള്‍പ്പെട്ട സമിതി കഴിഞ്ഞ ദിവസം പി കെ രാഗേഷുമായും എ ഗ്രൂപ്പ് നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു.
ഇന്നലെ വീണ്ടും ഉപസമിതി യോഗം ചേര്‍ന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണു സൂചന. കോണ്‍ഗ്രസ് നേതാവിന്റെ പിതാവ് മരണപ്പെട്ടതിനാലും ഡിസിസി യോഗമുള്ളതിനാലും ഉപസമിതി യോഗം കാര്യമായ ചര്‍ച്ചകളിലേക്കു കടന്നിട്ടില്ല.
പി കെ രാഗേഷിനെ പാര്‍ട്ടിയിലെടുക്കേണ്ടതു സംബന്ധിച്ച് കെപിസിസിയാണു തീരുമാനമെടുക്കേണ്ടത്. വരുംദിവസങ്ങളിലും വിമതന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കും. കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 18നകം അന്തിമരൂപം നല്‍കാനുള്ള തീവ്രശ്രമത്തിലാണ് ഉപസമിതി.
Next Story

RELATED STORIES

Share it