ernakulam local

വിമതനായി ജയിച്ചുവന്നവരെ കൂട്ടി ഭരണം: അന്തിമ തീരുമാനം കെപിസിസി നിര്‍വാഹകസമിതിക്കു ശേഷം

കാക്കനാട്: തൃക്കാക്കരയില്‍ യുഡിഎഫില്‍ വിമതനായി ജയിച്ചുവന്നവരെ കൂട്ടി ഭരണം ഏറ്റെടുക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനം കെപിസിസി നിര്‍വാഹകസമിതിക്കു ശേഷമായിരിക്കും. ഇവിടെ കോണ്‍ഗ്രസ് റിബലായി മല്‍സരിച്ചു വിജയിച്ച സാബു ഫ്രാന്‍സിസ് ഏതു മുന്നണിയിലേക്ക് പോവുമെന്ന് ഉറപ്പിക്കാനായിട്ടില്ല. കോണ്‍ഗ്രസ് ഔദ്യോഗിക നേതാക്കളാരും സാബു ഫ്രാന്‍സിസിനെ സമീപിച്ചതായിട്ട് അറിവായിട്ടില്ല. വിമതനായി മല്‍സരിച്ച സാബു ഫ്രാന്‍സിസ് തൃക്കാക്കര വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്നു. അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുകയും ചെയ്തു. പാര്‍ട്ടി റിബലായി മല്‍സരിച്ച് വിജയിച്ചവരെ തദ്ദേശസ്ഥാപനഭരണത്തില്‍ യുഡിഎഫില്‍ പങ്കാളിയാക്കരുതെന്ന് കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശം ഉള്ളതാണ് ഇവിടെ സാബുവിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം അറച്ചു നില്‍ക്കുന്നത്. ഇന്നും നാളെയുമായി നടക്കുന്ന കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ ഏതെങ്കിലും ഇളവുണ്ടാവുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് പല തദ്ദേശസ്ഥാപനങ്ങളിലും ഇത്തരത്തില്‍ റിബലിനെ ഭരണത്തില്‍ ഉള്‍പ്പെടുത്തേണ്ട സ്ഥിതിയിലാണുള്ളത്. അതുകൊണ്ട് തന്നെ ഇന്നോ നാളെയോ തീരുമാനം ഉണ്ടാവും. അതിനുശേഷമാവും തൃക്കാക്കരയില്‍ സാബു ഫ്രാന്‍സിസിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്തുന്നകാര്യം തീരുമാനിക്കുകയും സാബുവിനെ നേതാക്കള്‍ സമീപിക്കുകയും ഉണ്ടാവുകയുള്ളൂ.
തൃക്കാക്കരയില്‍ 43 സീറ്റില്‍ 21 യുഡിഎഫിനും 20 എല്‍ഡിഎഫിനും രണ്ടു വിമതരുമാണ്. അതില്‍ ഒരാള്‍ സാബു ഫ്രാന്‍സീസും മറ്റൊന്ന് സിപിഎം റിബല്‍ എം എം നാസറുമാണ്. നാസര്‍ ഇടതുപക്ഷം വിട്ട് പോവേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ്. എന്നാല്‍ സാബു ഫ്രാന്‍സിസ് ഒരു ഉറച്ച തീരുമാനത്തില്‍ എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇടതുനേതാക്കള്‍ പല വാഗ്ദാനങ്ങളുമായി സാബു ഫ്രാന്‍സിസിനെ സമീപിക്കുന്നതായി പറയുന്നു. സാബു ഫ്രാന്‍സിസിന്റെ ഭാര്യ വീട്ടുകാരേയും സിപിഎം നേതാക്കള്‍ സമീപിച്ച് ഇടതുപാളയത്തിലെത്തിക്കാനുള്ള കഠിനശ്രമവും നടക്കുന്നുണ്ട്.
അതിനിടയില്‍ സമുദായാചാര്യന്മാരും സാബുവിനെ യുഡിഎഫ് മുന്നണിയിലേക്ക് എത്തിക്കാനുള്ള ഉപദേശങ്ങളും നടത്തുന്നുണ്ട്. ആര്‍ക്കും പിടികൊടുക്കാതെ സാബു ഫ്രാന്‍സീസ് ഒഴിഞ്ഞുമാറുകയാണ്. സാബു ഫ്രാന്‍സീസിന് തൃക്കാക്കര മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനമാണ് വാഗ്ദാനങ്ങളുമായി സമീപിക്കുന്നത്.
യുഡിഎഫിനാണ് മുനിസിപ്പല്‍ ഭരണമെങ്കില്‍ വൈസ് ചെയര്‍മാന്‍ മുസ്‌ലിം ലീഗിനാവാനാണ് സാധ്യത. എന്നാല്‍ ഭരണം നിലനിര്‍ത്താന്‍ ആ സ്ഥാനം സാബു ഫ്രാന്‍സീസിന് വിട്ടുകൊടുക്കാന്‍ ലീഗും തയ്യാറാണ്. പകരം സ്റ്റാന്റിങ് കമ്മിറ്റി ലഭിച്ചാല്‍ മതിയെന്നുള്ള അഭിപ്രായമാണവര്‍ക്കുള്ളത്. ഏതായാലും ഈ ആഴ്ച്ച തന്നെ സാബുവിന്റെ കാര്യത്തീല്‍ തീരുമാനമാവും. ഈ മാസം 30നാണ് തൃക്കാക്കരയില്‍ സത്യപ്രതിജ്ഞ.
Next Story

RELATED STORIES

Share it