wayanad local

വിഭവശേഖരണത്തിന് തടസ്സം നില്‍ക്കരുതെന്നു നിര്‍ദേശം

കല്‍പ്പറ്റ: വനാവകാശ പ്രകാരം ആദിവാസികള്‍ക്ക് ലഭിച്ച വനഭൂമിയില്‍ വനാവകാശ നിയമ പ്രകാരം ഉപജീവനത്തിനായി വിഭവങ്ങള്‍ ശേഖരിക്കുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കരുതെന്നു സബ് കലക്ടര്‍ ശീറാം സാംബശിവ റാവു അറിയിച്ചു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര വനാവകാശ നിയമം-2006 എന്ന വിഷയത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പദ്ധതിയുടെ നടപടി ക്രമങ്ങള്‍ ദ്രുതഗതിയിലാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. 2007 ഡിസംബര്‍ ഏഴിനു നിലവില്‍ വന്ന വനാവകാശ നിയമത്തില്‍ 2005 ഡിസംബര്‍ 13 വരെയുള്ള കാലയളവില്‍ തലമുറകളായി വനത്തില്‍ ജീവിച്ചു വരുന്ന ആദിവാസി കുടുംബങ്ങളാണ് ഉള്‍പ്പെടുന്നത്.  തുടര്‍ച്ചയായി മൂന്നു തലമുറകള്‍ വനത്തെ ആശ്രയിച്ച് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അവരെ നിയമത്തില്‍ ഉള്‍പ്പെടുത്തും. ജില്ലയില്‍ 236 കോളനികളിലായി 6,239 ആദിവാസി കുടുംബങ്ങളാണ് വനത്തില്‍ താമസിക്കുന്നത്. ഇവരില്‍ 4,430 കുടുംബങ്ങള്‍ക്ക് വ്യക്തിഗത അവകാശവും 100 കുടുംബങ്ങള്‍ക്ക് പൊതു-സമൂഹ അവകാശവും നല്‍കിയതായി സബ് കലക്ടര്‍ അറിയിച്ചു. വനത്തിനകത്ത് താമസിക്കുന്ന അര്‍ഹരായ കുടുംബങ്ങള്‍ക്ക് വനാവകാശ രേഖ നല്‍കാനുള്ള നടപടികള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. വനാവകാശ പ്രകാരം മൂന്നു തരത്തിലാണ് നിയമം പ്രതിപാദിക്കുന്നത്. വ്യക്തിഗത- പൊതു-സമൂഹ വികസന അവകാശങ്ങളാണ് അവ. ഓരോ കുടുംബവും താമസിക്കുന്ന വനഭൂമി 2005 ഡിസംബര്‍ 13 മുതല്‍ ആര്‍ക്കാണോ കുടുംബം/ സമൂഹം അവരുടെ പേരില്‍ കൈവശാവകാശം ലഭിക്കും. പരമാവധി 10 ഏക്കര്‍ ഭൂമിയാണ് അവകാശം ലഭിക്കുക. ഈ ഭൂമിയില്‍ താമസിച്ച് കൃഷി ചെയ്ത് ആദായം എടുക്കാം. തദ്ദേശ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവ മുഖേന വനഭൂമിയിമേല്‍ നല്‍കിയ പട്ടയം, ഗ്രാന്റ് എന്നീ അവകാശ പ്രമാണങ്ങളായി മാറ്റാനും അവകാശമുണ്ട്. ചെറുകിട വനവിഭവ ശേഖരണങ്ങളുടെ വിപണനം, മല്‍സ്യം, ജലലഭ്യ വിഭവ ശേഖരണം, കന്നുകാലി മേയ്ക്കല്‍, തുടങ്ങിയ പൊതുവായ അവകാശങ്ങളാണ് സമൂഹ-പൊതു അവകാശത്തില്‍ വരുന്നത്. പ്രാക്തന ഗ്രോത്രവിഭാഗങ്ങള്‍ക്കും മറ്റ് പൂര്‍വകാല കാര്‍ഷിക സമൂഹങ്ങള്‍ക്കും വനമേഖലയില്‍ സ്വന്തമായി വ്യാപരിക്കുന്നതിനുള്ള അവകാശമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഏതുതരം അവകാശങ്ങളും വനാവകാശ നിയമ പ്രകാരം വനവാസികള്‍ക്ക് ലഭ്യമാണ്.  വ്യക്തി-സമൂഹപരമായ അവകാശത്തിന് പുറമെ വിദ്യാലയം, ചികില്‍സാലയം, റോഡ്, ജലസംഭരണികള്‍, ന്യായവില കടകള്‍, കുടിവെള്ള വിതരണ പദ്ധതികള്‍, ചെറുകിട ജലസേചന വഴികള്‍, വൈദ്യുതി, അങ്കണവാടി, തൊഴില്‍ പരിശീലന കേന്ദ്രം, സാമൂഹിക കേന്ദ്രങ്ങള്‍ എന്നീ വികസന ആവശ്യങ്ങള്‍ക്ക് വനഭുമിയില്‍ രണ്ടര ഏക്കര്‍ ഭുമി വരെ ഉപയോഗിക്കാം. എന്നാല്‍, അതാതു പ്രദേശത്തെ 12 അംഗ വനാവകാശ കമ്മിറ്റി പ്രതിനിധികള്‍ ഉള്‍പ്പെട്ട ഗ്രാമസഭയുടെ ശുപാര്‍ശയോടെ മാത്രമാണ് വികസനാവകാശം നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ. വനഭൂമിയില്‍ നിന്നു ശേഖരിക്കുന്ന ഉല്‍പന്നങ്ങളുടെ വിപണനം, മുല്യവര്‍ധിത പ്രക്രിയ, ഉടമസ്ഥാവകാശം എന്നിവയും ഗ്രാമസഭയുടെ ചുമതലയാണ്. വനവിഭവങ്ങളുടെ നിലനില്‍പ്പില്‍ ഹാനികരമല്ലാത്ത ശേഖരണമാണ് നിയമം പ്രതിപാദിക്കുന്നത്. പൊതുവിഭവമായതിനാല്‍ വസ്തുക്കളുടെ ശേഖരണത്തിന്റെയും വിഭവ പരിപാലനത്തിന്റെയും കൃത്യത ഉറപ്പാക്കാന്‍ നിയമം അനുശാസിക്കുന്നു. പാരമ്പര്യ വനപ്രദേശങ്ങളില്‍ നിന്നു മാത്രമാണ് വിഭവശേഖരണം ഉറപ്പാക്കുന്നത്. സെമിനാറില്‍ ഡോ. കെ എച്ച് അമിതാ ബച്ചന്‍, കിര്‍ത്താട്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ക്ലാസെടുത്തു.  വനം-വന്യജീവി സംരക്ഷണം, ജൈവവൈവിധ്യ പരിപാലനം, വനാതിര്‍ത്തിയിലെ നീര്‍ത്തടങ്ങള്‍, പരിസ്ഥിതി പ്രദേശങ്ങള്‍, സാംസ്‌കാരിക പൈതൃക വാസസ്ഥലങ്ങള്‍ സംരക്ഷിക്കുക, തടി-വന വിഭവശേഖരണം എന്നിവയുടെ സംരക്ഷണം ഗ്രാമസഭ വഴി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നീ ചുമതലകള്‍ വനാവകാശം ലഭിച്ചവരില്‍ ഉത്തരവാദിത്വപ്പെട്ടിരിക്കുകയും വനം-വന്യജീവി ജൈവവൈവിധ്യം എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന വനാശ്രിത സമൂഹത്തിന്റെ പ്രവൃത്തികള്‍ തടയാന്‍ ഗ്രാമസഭകള്‍ക്ക് അധികാരമുണ്ടെന്നും സെമിനാറില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it