Middlepiece

വിപ്ലവം ബംഗാളില്‍നിന്ന് കേരളത്തിലേക്ക്

വിപ്ലവം ബംഗാളില്‍നിന്ന് കേരളത്തിലേക്ക്
X
slug--indraprastham'ബംഗാളില്‍നിന്ന് ഒരു വാര്‍ത്തയുമില്ല' എന്നാണ് കെ ജി ശങ്കരപ്പിള്ളയുടെ പ്രഖ്യാതമായ കവിതയില്‍ അന്ധനായ ധൃതരാഷ്ട്രര്‍ ഉദ്വേഗത്തോടെ പറയുന്നത്. മഹാഭാരതയുദ്ധം നടക്കുകയാണ്. എന്താണ് ബംഗാളില്‍ നടക്കുന്നത് എന്നറിയാന്‍ ഇന്ദ്രപ്രസ്ഥത്തിലെ ചക്രവര്‍ത്തിക്ക് കൗതുകം.
എന്താണ് ബംഗാളില്‍ നടക്കുന്നത് എന്നറിയാന്‍ ഇന്ദ്രപ്രസ്ഥത്തില്‍ മാത്രമല്ല, അങ്ങ് തെക്ക് കേരളത്തിലും ജനങ്ങള്‍ ഒരുങ്ങുകയാണ്. ചെങ്കൊടിയുടെ നാടായിരുന്നു ബംഗാള്‍. വീരവിപ്ലവ വംഗഭൂമി എന്നാണ് സഖാക്കള്‍ ബംഗാളിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നത്. നാട്ടില്‍ മറ്റെല്ലാ പ്രദേശത്തും തിരഞ്ഞെടുപ്പുകളില്‍ സഖാക്കള്‍ എട്ടുനിലയില്‍ പൊട്ടിയ കാലത്തും ബംഗാള്‍ പിടിച്ചുനിന്നു.
പക്ഷേ, ബംഗാളിന്റെ തകര്‍ച്ചയും സഖാക്കള്‍ക്കു കാണേണ്ടിവന്നു. സത്യത്തില്‍ ബംഗാളില്‍ തങ്ങള്‍ തകര്‍ന്നതല്ല, നേതാക്കളും പാര്‍ട്ടി ഗുണ്ടകളും ചേര്‍ന്ന് തകര്‍ത്തതാണ് പ്രസ്ഥാനത്തെ എന്ന് ഇപ്പോള്‍ മിക്ക സഖാക്കള്‍ക്കുമറിയാം. കാരണം, ബംഗാളി ഇന്ന് മലയാളിക്ക് തമിഴനേക്കാള്‍ അടുപ്പമുള്ളവനാണ്, ചിരപരിചിതനാണ്, അയല്‍ക്കാരനാണ്.
ബംഗാളി യുവാക്കള്‍ തൊഴില്‍ തേടി കേരളത്തിലേക്കാണ് വന്നുകൊണ്ടിരിക്കുന്നത്. സകല ചായക്കടകളിലും പെട്ടിക്കടകളിലും ബാറിലും തൊഴില്‍ ചെയ്യുന്നത് ബംഗാളിയാണ്. പറമ്പില്‍ പണിക്കും റോഡ് പണിക്കും ബംഗാളിയാണ്. പണ്ട് തമിഴനാണ് ഇപ്പണിയൊക്കെ ചെയ്തുവന്നത്. പക്ഷേ, തമിഴ്‌നാട്ടില്‍ സ്ഥിതി മാറി. അവിടം പച്ചപിടിച്ചതോടെ അണ്ണാച്ചികള്‍ മലയാളനാട്ടിലെ പണി മതിയാക്കി നാട്ടിലേക്ക് വണ്ടികയറിയ ഒഴിവിലാണ് ബംഗാളികളും അസമികളും രംഗം കീഴടക്കിയത്.
ബംഗാളില്‍ സഖാക്കള്‍ ഭരണത്തിന്റെ പേരില്‍ സാധാരണ ജനങ്ങളോട് എന്താണു ചെയ്തത് എന്ന് ഈ പണിക്കാരില്‍നിന്ന് മലയാളത്തിലെ വിപ്ലവകാരികള്‍ക്കും മനസ്സിലായിട്ടുണ്ട്. പക്ഷേ, കേരളം ബംഗാളല്ല. അതിനാല്‍ ബംഗാളി തൊഴിലാളികള്‍ കേരളത്തില്‍ മാന്യമായി സ്വീകരിക്കപ്പെട്ടു. കോഴിക്കോട്ട് ഈയിടെ ഒരു ബംഗാളി തൊഴിലാളിയുടെ ചിത്രപ്രദര്‍ശനം ആര്‍ട്ട് ഗാലറിയില്‍ നടന്നു. ചിത്രപ്രദര്‍ശനം കാണാന്‍ ധാരാളം ആളുകള്‍ എത്തി. വിവിധ മാധ്യമങ്ങളില്‍ അതു വാര്‍ത്തയായി.
ബംഗ്ലാദേശില്‍നിന്ന് തട്ടിക്കൊണ്ടുവന്ന് കോഴിക്കോട്ട് പാര്‍പ്പിച്ച ഒരു പെണ്‍കുട്ടിയുടെ ജീവിതം മറ്റൊരു കഥ. അവള്‍ ലൈംഗിക അടിമയായാണ് മലയാളനാട്ടില്‍ കഴിഞ്ഞത്. പക്ഷേ, അവളുടെ അനുഭവങ്ങള്‍ ചിത്രങ്ങളായും കവിതയായും ഒഴുകി. അതും സഹര്‍ഷം സ്വീകരിച്ചത് മലയാളികള്‍.
അങ്ങനെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ മനുഷ്യരുടെ ജീവിതാനുഭവങ്ങള്‍ ഇന്നു മലയാളിക്ക് സ്വന്തം ജീവിതംപോലെ അറിയാം. വിപ്ലവത്തിന്റെയും സോഷ്യലിസത്തിന്റെയും മധുരമനോഹര വ്യാമോഹങ്ങള്‍ക്കപ്പുറം യാഥാര്‍ഥ്യത്തിന്റെ കൊടുംചൂടുള്ള ലോകം എന്താണെന്നും എങ്ങനെയാണെന്നും അവര്‍ക്കറിയാം.
അങ്ങനെയുള്ള ഒരു നാട്ടിലേക്കാണ് ബംഗാളില്‍നിന്ന് ഇനി നേതാക്കളും പ്രാസംഗികരും എത്തുന്നത്. മമതാദീദിയുടെ നാട്ടില്‍ തിരഞ്ഞെടുപ്പ് അഞ്ചുഘട്ടം കഴിഞ്ഞു. ഇനി ഒരുഘട്ടം മാത്രം ബാക്കി. അവിടെ സഖാക്കളും കോണ്‍ഗ്രസ്സും ഭായിഭായി എന്ന മട്ടിലാണ് തിരഞ്ഞെടുപ്പുരംഗത്ത് പെരുമാറിയത്. പഴയ വൈര്യമൊക്കെ മറന്ന് എല്ലാവരും ഏകോദരസഹോദരങ്ങള്‍.
എന്നാല്‍, കേരളത്തില്‍ സ്ഥിതി വേറെയാണ്. ഇവിടെ ദീദിയല്ല മുഖ്യശത്രു സഖാക്കള്‍ക്ക്. ചാണ്ടിയാണ്. അതിനാല്‍ ബംഗാളില്‍നിന്ന് കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ കേരളത്തിലേക്കു വരുമ്പോള്‍ പഴയ വേഷങ്ങള്‍ അഴിച്ചുമാറ്റണം. ലാസ്യഭാവം മാറ്റി രൗദ്രഭാവം കൈവരുത്തണം.
രാഷ്ട്രീയക്കാര്‍ക്കാണോ സന്ദര്‍ഭം നോക്കിയുള്ള ഭാവാഭിനയത്തിനു പ്രയാസം? കേരളത്തില്‍ ആര് വിജയിച്ചാലും വരുന്നവര്‍ക്ക് സന്തോഷം. കാരണം, ബംഗാളില്‍ ജയിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി മന്ത്രിസഭയുണ്ടാക്കും എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറഞ്ഞിരിക്കുന്നത്.
ഒരുനിലയ്ക്ക് നന്നായി. മുന്‍കാലത്തെ വിപ്ലവഭരണം ഒഴിവാക്കി ജനക്ഷേമം നോക്കി ഭരിക്കാന്‍ അത് സഖാക്കളെ പ്രാപ്തരാക്കിയേക്കും. കാരണം, ബംഗാളികള്‍ കേരളത്തില്‍ വന്നു കണ്ടുപഠിച്ച ഒരു പാഠം അതാണ്. ജനക്ഷേമം നോക്കി ഭരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ആയാലും സിപിഎം ആയാലും ജനം തിരഞ്ഞെടുപ്പില്‍ തൂക്കിയെടുത്ത് പുറത്തുകളയും.
Next Story

RELATED STORIES

Share it