wayanad local

വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകള്‍; നവീകരണപ്രവൃത്തികള്‍ വൈകുന്നു

പുല്‍പ്പള്ളി: ജില്ലയിലെ പ്രധാനപ്പെട്ട രണ്ടു ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ നവീകരണം വൈകുന്നതു കേന്ദ്രങ്ങളുടെ വികസനത്തിനു തടസ്സമായി.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കുറുവാദ്വീപിനെയും പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്ന മാവിലാംതോടിനെയും ബന്ധിപ്പിക്കുന്ന കുറുവ-പാക്കം-പുല്‍പ്പള്ളി, കാപ്പിസെറ്റ്- വണ്ടിക്കടവ്- മാവിലാംതോട് റോഡ് നവീകരണമാണ് വൈകുന്നത്.
പനമരം- ബീനാച്ചി റോഡിലെ പുഞ്ചവയല്‍ മുതല്‍ മാനന്തവാടി-പുല്‍പ്പള്ളി റോഡിലെ കുറുവ ജങ്ഷന്‍ വരെയും ടൂറിസംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നല്ല റോഡ് നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍, കുറുവ ജങ്ഷനില്‍ നിന്നു കുറുവാദ്വീപിലേക്കും അവിടെനിന്നു മാവിലാംതോട്ടിലേക്കുമുള്ള റോഡിന്റെ അവസ്ഥ പരിതാപകരമാണെന്നു നാട്ടുകാ ര്‍ പരാതിപ്പെടുന്നു.
കുറുവാദ്വീപിന്റെ വനത്തിലൂടെയുള്ള മനോഹാരിത ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ അധികവുമെത്തുന്നത് ഇതുവഴിയാണ്. എന്നാല്‍, റോഡ് വികസിപ്പിക്കാനും നവീകരണ പ്രവൃത്തികള്‍ നടത്താനും അധികൃതര്‍ താല്‍പര്യം കാണിക്കുന്നില്ല.
റോഡില്‍ വണ്ടിക്കടവ് മുതല്‍ ദാസനക്കര വരെയുള്ള ഭാഗം നേരത്തെ തന്നെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതാണ്.
ഒരു കോടിയിലധികം രൂപ ചെലവഴിച്ച് വിനോദസഞ്ചാര വികസന വകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് മാവിലാംതോട് ടൂറിസം വികസന പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഈ പദ്ധതി പൂര്‍ത്തിയാവുന്നതോടെ കുറുവയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മാവിലാംതോട്ടില്‍ എത്തണമെങ്കില്‍ മികച്ച റോഡ് അത്യാവശ്യമാണ്.
Next Story

RELATED STORIES

Share it