kasaragod local

വിനോദയാത്ര കൂട്ടുകാരുടെ അന്ത്യയാത്രയായി; ദുഃഖം സഹിക്കാനാവാതെ നാട്ടുകാര്‍

മഞ്ചേശ്വരം: അവധിക്കാലം ആഘോഷിക്കാന്‍ വിനോദയാത്രക്ക് പുറപ്പെട്ട രണ്ട് വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ചത് നാടിന്റെ ദുഖമായി. എട്ട് പേരടങ്ങുന്ന സംഘം പഠനമില്ലാത്തപ്പോഴൊക്കെ വിനോദയാത്ര പോവുന്നത് പതിവാണെന്ന് വീട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം എട്ട് പേരും യാത്ര പോകാനിറങ്ങിയപ്പോള്‍ വീട്ടുകാര്‍ വിലക്കിയിരുന്നു. എന്നാല്‍ ഞങ്ങളുടെ പഠന കാലം അവസാനിക്കാറായെന്നും ഇനി ഒന്നിച്ച് ഒരു യാത്ര പോകാന്‍ കഴിയില്ലെന്നും ഇത് ഞങ്ങളുടെ അവസാന യാത്രയാണെന്നും പറഞ്ഞതോടെ വീട്ടുകാര്‍ സമ്മതം മൂളുകയായിരുന്നു. നേരത്തേ യാത്ര പോവാന്‍ ഉദ്ദേശിച്ച വാഹനം ലഭിച്ചില്ല. പിന്നീട് മറ്റൊരു വാഹനം രാത്രി തന്നെ ഏര്‍പ്പാടാക്കുകയായിരുന്നു. ഏഴ് പേര്‍ കുഞ്ചത്തൂര്‍, ഉപ്പള ഭാഗത്ത് നിന്നുള്ളവരും ഒരാള്‍ മംഗളുരുവില്‍ നിന്നുമാണ് യാത്ര പുറപ്പെട്ടത്. ഏഴ് പേരും ഒരാളെ കയറ്റാനായി മംഗളരുവില്‍ പോയി. അവിടെ നിന്നും കയറിയ സുഹൃത്താണ് വണ്ടിയോടിച്ചത്. നല്ല മഴയും അപകടം നടന്ന റോഡിലെ കുഴിയില്‍ വെള്ളം നിറഞ്ഞതും കുഴി കാണാത്തതുമാണ് വാഹനത്തിന്റെ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും മരത്തിലും ഇടിച്ച് മറിയാന്‍ കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. '
വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയറുകള്‍ക്ക് തേയ്മാനം സംഭവിച്ചിരുന്നതായും വാഹനം പരിശോധിച്ച പോലിസ് പറഞ്ഞു. അപകടം നടന്ന ഉടന്‍ തന്നെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. അസമയവും വെളിച്ച കുറവും മഴയും രക്ഷാപ്രവര്‍ത്തനത്തെ ഏറെ ബാധിച്ചു. പിന്നീടെത്തിയ പോലിസും വാഹനം വെട്ടി പൊളിച്ച് കുടുങ്ങി കിടന്നവരെ കിട്ടിയ വാഹനങ്ങളില്‍ മംഗളൂരുവിലേക്ക് എത്തിച്ചെങ്കിലും ഇതില്‍ മുന്‍സാറിന്റെയും ഫര്‍ഹാന്റെയും ജീവന്‍ രക്ഷിക്കാനായില്ല. മറ്റുള്ള കൂട്ടുകാര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഫര്‍ഹാന്റെ മയ്യിത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുഞ്ചത്തൂരിലെ വീട്ടിലെക്കെത്തിച്ചപ്പോള്‍ ദുഃഖം അണപൊട്ടി. പലരും മയ്യിത്ത് കണ്ട് വിങ്ങിപ്പൊട്ടി. മുന്‍സാറിന്റെ മയ്യിത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉപ്പള ഹീറോ ഗല്ലിയിലെ വീട്ടിലെത്തിച്ചപ്പോള്‍ സ്ത്രീകളടക്കമുള്ളവര്‍ വാവിട്ട് കരയുന്നത് കണ്ട് കൂടി നിന്നവരേയും കണ്ണീരണിയിപ്പിച്ചു.
മംഗളൂരു മിലാഗ്രേസ് കോളജില്‍ ബിബിഎം വിദ്യാര്‍ഥികളായ ഇവര്‍ മംഗളൂരുവിലെ ഒരു ഫഌറ്റില്‍ താമസിച്ചാണ് പഠിക്കുന്നത്. അവധിയായതിനാല്‍ പാലക്കാട്, കൊച്ചി ഭാഗങ്ങള്‍ സന്ദര്‍ശിക്കാനാണ് ബുധനാഴ്ച രാത്രിയോടെ യാത്ര പുറപ്പെട്ടത്. എന്നാല്‍ ഈ യാത്ര ഫര്‍ഹാന്റെയും മുന്‍സാറിന്റെയും അവസാനയാത്രയാകുമെന്ന് നിനച്ചിരുന്നില്ലെന്ന് ആശുപത്രിയില്‍ കഴിയുന്ന കൂട്ടുകാര്‍ പറഞ്ഞു. ഫര്‍ഹാന്റെ മയ്യിത്ത് ഉദ്യാവര്‍ ആയിരം ജുമാമസ്ജിദ് അങ്കണത്തിലും മുന്‍സാറിന്റെ മയ്യിത്ത് ഉപ്പള ഫക്രാജ ജുമാമസ്ജിദ് അങ്കണത്തിലും ഖബറടക്കി.
Next Story

RELATED STORIES

Share it