thiruvananthapuram local

വിധി പ്രഖ്യാപിച്ചപ്പോഴും കുറ്റബോധമില്ലാതെ പ്രതികള്‍

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ വിധി പുറത്തുവന്നപ്പോള്‍ യാതൊരു ഭാവഭേദവുമില്ലാതെയാണ് രണ്ടു പ്രതികളും കോടതിക്കു മുന്നില്‍ നിന്നത്. രണ്ടു പേരും ചെയ്ത തെറ്റില്‍ പശ്ചാത്തപിച്ച് കരയുകയോ വിതുമ്പുകയോ ചെയ്തില്ല. ഭാവവ്യത്യാസമില്ലാതെയാണ് ഒന്നാം പ്രതി നിനോ മാത്യു കോടതിയില്‍ നിന്നത്.
നിനോയുടെ പിതാവും മകളും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. പ്രതിയുടെ മകളുടെ പ്രായം പോലുമില്ലാത്ത കുഞ്ഞിനെയാണ് അതിക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയിരിക്കുന്നതെന്നും നിഷ്ഠൂരമായ കൊല നടത്തിയ നിനോ മാത്യുവിന് ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ലെന്നും കോടതി പറഞ്ഞു. തലകുനിച്ചുനിന്ന് വിധി കേള്‍ക്കുക മാത്രമാണ് നിനോ ചെയ്തത്.
രണ്ടാം പ്രതിയായ അനുശാന്തി തല ഉയര്‍ത്തിപ്പിടിച്ചുനിന്നുതന്നെയാണ് വിധി ഏറ്റുവാങ്ങിയത്. മകളെ കൊല്ലാന്‍ കൂട്ടുനിന്ന അമ്മ എന്നു വിധിക്കരുതെന്ന് നേരത്തെ അനുശാന്തി കോടതിയോട് അപേക്ഷിച്ചിരുന്നു.
എന്നാല്‍, കോടതി ഈ അപേക്ഷ തള്ളുകയാണ് ചെയ്തത്. വിധി കേട്ട ശേഷം വാറന്റ് ഒപ്പിടുന്നതിനായി ഇരുവരെയും മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. ഒപ്പിടുന്നതിനായി പുറത്തു കാത്തിരിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന വനിതാപോലിസുകാരോട് അനുശാന്തി എന്തൊക്കെയോ പറഞ്ഞു ചിരിക്കുകയും ചെയ്തു.
മകനെ തൂക്കിക്കൊല്ലാന്‍ വിധിച്ചതറിഞ്ഞ് കോടതിമുറിയില്‍ നിനോ മാത്യുവിന്റെ പിതാവ് പ്രഫ. ടി ജെ മാത്യു കണ്ണീര്‍ വാര്‍ത്തു. അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷും പിതാവ് തങ്കപ്പന്‍ ചെട്ടിയാരും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. ശിക്ഷാവിധിയില്‍ സംതൃപ്തി അറിയിച്ച ലിജീഷ് ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി അറിയിച്ചു.
Next Story

RELATED STORIES

Share it