thiruvananthapuram local

വിധി നിര്‍ണയത്തിലെ തിരിമറികള്‍  അവതരിപ്പിച്ച ആകാശ് ആഞ്ചനൈക്ക്  മോണോ ആക്ടില്‍ ഒന്നാം സ്ഥാനം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂ ള്‍ കലോല്‍സവ വേദിയിലെ വിധി നിര്‍ണയ മാഫിയയുടെ കാണാപ്പുറങ്ങള്‍ തുറന്നു കാട്ടിയ മോണോ ആക്ടിന് ഹയര്‍ സെക്കന്‍ഡറി വിഭാഗം മല്‍സരത്തില്‍ ഒന്നാം സ്ഥാനം. മൂത്തുകുന്നം എസ്എന്‍എംഎച്ച്എസ്എസിലെ ആകാശ് ആഞ്ചനൈ ആണ് ഇത്തവണയും ഈ ഇനത്തില്‍ മികവ് തെളിയിച്ച് ഒന്നാം സ്ഥാനം നേടിയത്.
മൂന്നുവര്‍ഷമായി ഈ വിദ്യാര്‍ഥിക്ക് തന്നെയാണ് മോണോ ആക്ടില്‍ ഒന്നാം സ്ഥാനം. കലോല്‍സവ മല്‍സര വേദിയിലെ പിന്നാമ്പുറങ്ങളില്‍ കോഴ കൊണ്ടും അനഭിലഷണീയ പ്രവണതകള്‍ കൊണ്ടും ബുദ്ധിമുട്ടുന്ന മല്‍സരാര്‍ഥിയുടെ മാനസികാവസ്ഥയാണ് നിറഞ്ഞ സദസിനു മുന്നില്‍ ഗാംഭീര്യത്തോടെ ഈ കലാ പ്രതിഭ അവതരിപ്പിച്ചത്. കാശുമുടക്കി മകന്റെ ഒന്നാം സ്ഥാനത്തിനായി ഓടിനടക്കുന്ന രക്ഷിതാവായും അതിന് ഓശാന പാടുന്ന നൃത്താധ്യാപകനായും റോളില്‍ ഈ 11ാം ക്ലാസുകാരന്‍ കസറുകയായിരുന്നു.
എനിക്ക് നൃത്തം പഠിച്ചാല്‍ മതി. മല്‍സരം വേണ്ടെന്ന് പറയുന്ന കുട്ടിയുടെ രംഗം വന്നപ്പോള്‍ സദസ് ഒന്നടങ്കം കയ്യടിക്കുകയായിരുന്നു. വിധി നിര്‍ണയ മാഫിയയെ ഭൂതത്തെ പോലെ മിത്തായാണ് ആകാശ് ആഞ്ചനൈ വേദിയില്‍ അവതരിപ്പിച്ചത്. ആരു നടത്തും കലോല്‍സവമെന്ന അധികാരിവര്‍ഗത്തിന്റെ ചോദ്യത്തിന് തൃശൂര്‍ പൂരവും ആറ്റുകാല്‍ പൊങ്കാലയും വളരെ നന്നായ് നടത്തുന്നത് വിദ്യഭ്യാസ വകുപ്പാണോ എന്ന കുറിക്ക് കൊള്ളുന്ന ചോദ്യമാണ് മോണോ ആക്ടിലൂടെ ഈ വിദ്യാര്‍ഥി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എടുത്തെറിഞ്ഞത്. ഒരു കലോല്‍സവമെങ്കിലും ജഡ്ജിങ് മാഫിയയുടെ ഇടപെടലില്ലാതെ നടന്നാല്‍ ആറ്റുകാലമ്മയ്ക്ക് ആയിരം പൊങ്കാല ഇടാമെന്ന നേര്‍ച്ച നേര്‍ന്നു കൊണ്ടാണ് മോണോ ആക്ട് അവസാനിച്ചത്. വിധി നിര്‍ണയത്തിലെ കള്ള കളികള്‍ക്കെതിരേ ആഞ്ഞടിച്ചു കൊണ്ടുള്ള മോണോ ആക്ടിനെ എല്ലാവരും പ്രശംസിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. വേദിയിലെ ആഞ്ചനയയുടെ ഉജ്വലമായ ഏകാഭിനയം കണ്ട് എല്ലാവരും അമ്പരക്കുകയായിരുന്നു. കലാഭവന്‍ നൗഷാദിന്റെ ശിക്ഷണത്തിലാണ് മോണോ ആക്ട് അഭ്യസിക്കുന്നത്.
ആകാശിന്റെ സഹോദരി സമൂഹം ഹൈസ്‌കൂളിലെ അമൃത വര്‍ഷക്കാണ് എച്ച്എസ് വിഭാഗം മോണോ ആക്ടില്‍ ഒന്നാം സ്ഥാനം.
Next Story

RELATED STORIES

Share it