Alappuzha local

വിധി ആര്‍ക്ക് അനുകൂലമാവുമെന്ന ആശങ്കയില്‍ സ്ഥാനാര്‍ഥികള്‍

അമ്പപ്പുഴ: വാനോളമുയര്‍ന്ന പ്രചാരണത്തിനൊടുവില്‍ ഇന്ന് വോട്ടര്‍മാരുടെ വിരല്‍തുമ്പില്‍ പതിയുന്ന അടയാളം ആര്‍ക്ക് അനുകൂലമാവുമെന്ന ആശങ്കയിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും.
നിലവില്‍ ഇടതുമുന്നണി ഭരിക്കുന്ന അമ്പലപ്പുഴ മണ്ഡലം കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കൊപ്പമായിരുന്നു. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകലായ അമ്പലപ്പുഴ, പുന്നപ്ര എന്നിവിടങ്ങളിലും ശക്തമായ പ്രചാരണമാണ് ഇരുമുന്നണിയും കാഴ്ചവച്ചത്. പ്രചാരണത്തില്‍ ബിജെപിയും പിന്നിലായിരുന്നില്ല.
നിലവില്‍ യുഡിഎഫ് ഭരിച്ചിരുന്ന ബ്ലോക്ക് പഞ്ചായത്ത് നിലനിര്‍ത്താന്‍ യുഡിഎഫും കൈവിട്ട ഭരണം തിരികെപ്പിടിക്കാന്‍ എല്‍ഡിഎഫും ശക്തമായ പ്രചാരണമാണ് അഴിച്ചുവിട്ടത്. ആകെയുള്ള 13 ഡിവിഷനിലും ചൂടേറിയ പ്രചരണമാണ് സ്ഥാനാര്‍ഥികള്‍ നടത്തിയത്. ഇടതുമുന്നണിയുടെ കൈയില്‍ ഉണ്ടായിരുന്ന പുറക്കാട് മുന്നണികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് മല്‍സരമാണ് നടന്നത്. പൊതുവെ യുഡിഎഫ് പഞ്ചായത്ത് എന്നവകാശപ്പെട്ടിരുന്ന പുറക്കാട് എന്നാല്‍ കഴിഞ്ഞ രണ്ട് തവണയായി ഇടതുമുന്നണിയുടെ കൈകളിലായിരുന്നു. വാശിയേറിയ മല്‍സരം നടന്ന ഇവിടെ ഭരണം ആര് കൈപ്പിടിയില്‍ ഒതുക്കുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് വിമതയായി മല്‍സരിക്കുന്ന അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്തിലും പ്രചാരണം ആവേശമുയര്‍ത്തി. നിലവില്‍ ഒരംഗം മാത്രമുള്ള ബിജെപി കരുത്ത് തെളിയിക്കുമെന്നാണ് അവകാശപ്പെടുന്നത്. കൈവിട്ട ഭരണം തിരിച്ചുപിടിക്കാന്‍ ഇടതുമുന്നണിയും ശക്തമായി രംഗത്തുണ്ട്.
വിശ്വസാഹിത്യകാരന്‍ അന്തിയുറങ്ങുന്ന തകഴിയുടെ മണ്ണിലും വിധി പ്രവചനാതീതമാണ്. ഇവിടെ പല വാര്‍ഡിലും ത്രികോണ മല്‍സരമാണ് നടക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം യുഡിഎഫിന്റെ കൈകളിലായിരുന്നു ഇവിടെ ഭരണം. 11 അംഗങ്ങള്‍ ഉണ്ടായിട്ടും പ്രസിഡന്റ് പദവിയെച്ചൊല്ലി നടന്ന തര്‍ക്കത്തിനൊടുവില്‍ ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസ്സിന് ഇത് അഗ്നിപരീക്ഷണമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തിനിടയില്‍ വിപ്പ് ലംഘിച്ചവര്‍ക്ക് സീറ്റ് നല്‍കാതിരുന്ന പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് ഏതാനും ചില അംഗങ്ങള്‍ ഇത്തവണയും തലവേദനയായി രംഗത്തെത്തിയിട്ടുണ്ട്. ഇത് മുതലെടുക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫും ബിജെപിയും. സിപിഎം വിമതനായി വിജയിച്ച് അഞ്ച് വര്‍ഷം പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച വി ധ്യാനസുതന്‍ ഇത്തവണ ബ്ലോക്ക് പഞ്ചായത്തിലേക്കാണ് അങ്കം കുറിക്കുന്നത്.
രൂപവല്‍ക്കരിച്ച നാള്‍ മുതല്‍ ഇടതിന് അനുകൂലമായ നിലപാട് സ്വീകരിച്ച പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്തില്‍ ഇത്തവണ വോട്ടര്‍മാര്‍ എന്ത് നിലപാട് സ്വീകരിക്കും. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും എല്‍ഡിഎഫിനൊപ്പം ആവേശകരമായ പ്രചാരണമാണ് നടത്തിയത്. നിലവിലെ ഭരണ സമിതിയില്‍ സിപിഎം വിമതരും വിജയിച്ചിരുന്നു. രക്തസാക്ഷികളുടെ ചോരകൊണ്ട് ചുവന്ന സമരഭൂമി ഉള്‍പ്പെടുന്ന പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്തും എന്നും ഇടതിന് ഒപ്പമായിരുന്നു. കഴിഞ്ഞ ഭരണസമിതിയുടെ അവസാന നാളില്‍ പ്രസിഡന്റിനെ മാറ്റേണ്ടിവന്നത് സിപിഎമ്മിന് ക്ഷീണം സംഭവിച്ചിരുന്നു.
വി എസിന്റെയും ജി സുധാകരന്റെയുമൊക്കെ തട്ടകത്തില്‍ കരുത്ത് തെളിയിക്കാന്‍ കോണ്‍ഗ്രസ്സും ഒപ്പം ബിജെപിയും ശക്തമായി രംഗത്തുണ്ട്.
Next Story

RELATED STORIES

Share it