kannur local

വിധിയോട് പൊരുതിക്കയറുമ്പോഴും റംലയ്ക്കു കൂട്ട് മാറാരോഗങ്ങള്‍

കൂത്തുപറമ്പ്: വിധിയോട് പൊരുതിക്കയറുമ്പോഴും കൂട്ടിനു മാറാരോഗങ്ങള്‍ പിന്തുടരുന്നതിനാല്‍ റംലയുടെ ദുരിതത്തിന് അറുതിയില്ല. കൂത്തുപറമ്പ് നഗരസഭയിലെ മൂര്യാടിനടുത്ത പുഞ്ചക്കലായി ലക്ഷം വീട് കോളനിയിലെ എന്‍ പി റംലയാണ് രോഗങ്ങളോട് മല്ലടിച്ചുകഴിയുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ രണ്ട് മക്കളെ പോറ്റാന്‍ വിധിയോട് പോരാടിയപ്പോള്‍ അനുഭവിക്കാത്ത തളര്‍ച്ചയാണ് ഇന്ന് മനസ്സിനുള്ളതെന്ന റംലയുടെ ദയനീയവാക്കുകള്‍ ആരുടെയും കരളലിയിക്കും.
പറക്കമുറ്റാത്ത രണ്ട് മക്കളുള്ളപ്പോള്‍ 19ാം വയസ്സിലാണ് ഭര്‍ത്താവ് ഉപേക്ഷിച്ചത്. പിന്നീട് മക്കളെ വളര്‍ത്തി വലുതാക്കാനായി വിവിധ ജോലികള്‍ ചെയ്തു. 21ാം വയസ്സുമുതല്‍ രോഗം റംലയെ പിടികൂടി. ഇതിനകം നാല് ശസ്ത്രക്രിയകള്‍ ചെയ്തു. ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന മുഴ ഇപ്പോള്‍ ആരോഗ്യത്തിന് ഭീഷണിയായി മാറിയിരിക്കുകയാണ്. 16 മുഴകള്‍ നീക്കം ചെയ്തു. ഇതിനിടെ മാറാവേദനയായി നടുവേദനയുമെത്തി. വിദഗ്ധ പരിശോധനയില്‍ ഡിസ്‌കിനു തകരാറാണന്നും ഡിസ്‌ക് നാല് വശത്തും എല്ല് ദ്രവിച്ച് തീരുകയാണെന്നും മനസ്സിലായി. കാല്‍ഞരമ്പുകളിലെ രക്തയോട്ടം കുറഞ്ഞതിനാല്‍ എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയാണ്. വിവിധ ആശുപത്രികളില്‍ മാറി മാറി ചികില്‍സിച്ചെങ്കിലും ഫലമുണ്ടായില്ല. ഇപ്പോള്‍ പാപ്പിനിശ്ശേരി അരോളിയിലെ ആയുര്‍വേദ വൈദ്യന്റെ ചികില്‍സയിലാണുള്ളത്.
പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത റംലയെ സഹോദരനാണ് സഹായിക്കുന്നത്. കൂലിപ്പണിക്കാരനായ സഹോദരന്‍ രാവിലെ ജോലിക്ക് പോവുന്നതിന് മുമ്പ് ഭക്ഷണമെല്ലാം പാകംചെയ്ത് നല്‍കും. വൈകീട്ട് ജോലി കഴിഞ്ഞുവന്ന് വീണ്ടും റംലയെ ശുശ്രൂഷിക്കും. നിത്യരോഗിയായ റംലയുടെ ദുരിതജീവിതം ഏഴ് വര്‍ഷം മുമ്പ് പത്രങ്ങളില്‍ വാര്‍ത്തയായി വന്നതിനെ തുടര്‍ന്ന് നാട്ടുകാരും സുമനസ്സുകളും ചേര്‍ന്നാണ് വീട് നിര്‍മിച്ച് നല്‍കിയത്. തുടര്‍ന്ന് രണ്ട് മക്കളുടെയും വിവാഹം കഴിഞ്ഞതും നാട്ടുകാരുടെ സഹായത്തോടെയാണ്. റംലക്ക് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ മറ്റുള്ളവരുടെ കൈത്താങ്ങ് കൂടിയേ തീരൂവെന്ന അവസ്ഥയാണ്. ദുരിതമനുഭവിക്കുന്ന നിരവധി പേരെ സഹായിക്കാന്‍ രംഗത്തെത്തിയ സുമനസ്സുകളില്‍ തന്നെയാണ് ഇവരുടെ പ്രതീക്ഷ. കൂത്തുപറമ്പ് തൊക്കിലങ്ങാടി എസ്ബിടിയിലെ 67324968193 എന്ന അക്കൗണ്ട്(കഎടഇ നമ്പര്‍ ടആഠഞ 0000842) തുടങ്ങി സഹായം പ്രതീക്ഷിക്കുകയാണിവര്‍.
Next Story

RELATED STORIES

Share it