malappuram local

വിധിയെഴുതി; ഇനി കാത്തിരിപ്പ്

മലപ്പുറം: പതിനാലാം നിയമസഭയിലേയ്ക്കുള്ള വോട്ടിങ് ജില്ലയില്‍ സമാധാനപരം. മൂന്നിടങ്ങളില്‍ നേരിയ സംഘര്‍ഷമുണ്ടായി. ജില്ലയില്‍ 75.78 ശതമാനമാണ് പോളിങ്. ഏറ്റവും കൂടുതല്‍ പോളിങ് താനൂര്‍ മണ്ഡലത്തിലാണ്. കുറവ് വേങ്ങരയിലും. ചന്തക്കുന്ന് ജിഎല്‍പിഎസ് ബൂത്തിലാണ് ഇടത്-വലത് മുന്നണികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ചാരങ്കുളം കുണ്ടുകുഴി ഷബീറിനെ(24) അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു. നിലമ്പൂര്‍ സിഐ എത്തിയാണ് സംഘര്‍ഷം നിയന്ത്രണവിധേയമാക്കിയത്.
ഇതേ ബൂത്തില്‍ ബൂത്ത്‌ലെവല്‍ ഓഫിസര്‍ വോട്ടര്‍മാരെ സ്വാധീനിച്ചുവെന്ന പരാതിയില്‍ തൊട്ടടുത്ത ബൂത്തിലെ ഓഫിസര്‍ക്ക് അധിക ചാര്‍ജ്ജ് നല്‍കിയും പ്രശ്‌നം അവസാനിപ്പിച്ചു. വോട്ടിങ്ങിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. പൊന്നാനി കോട്ടത്തറ ഐടിസി ബൂത്തില്‍ വോട്ട് ചെയ്യാന്‍ പോയ കോട്ടത്തറ സ്വദേശി വേലായുധനാണ് (75) കുഴഞ്ഞുവീണു മരിച്ചത്. എടപ്പാള്‍ തുയ്യത്ത് അവശനായ വോട്ടറെ ഓപണ്‍ വോട്ട് ചെയ്യിക്കാനെത്തിയത് പോലിസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. കോട്ടക്കല്‍ ജിഎംയുപി സ്‌കൂള്‍ ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാരോപണത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇതേ തുടര്‍ന്ന് കേന്ദ്ര സേന ഇരുമുന്നണി പ്രവര്‍ത്തകരെയും ലാത്തി വീശി ഓടിച്ചു. വേങ്ങര, ഒതുക്കുങ്ങല്‍, ആതവനാട് കൂടശ്ശേരിപ്പാറ ജിയുപിഎസ്, തിരൂര്‍ കുറുമ്പത്തൂര്‍ കുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ, വഴിക്കടവ് വെള്ളക്കെട്ട്, ചുങ്കത്തറ എരുമമുണ്ട ബൂത്തുകളില്‍ വോട്ടിങ് മെഷീന്‍ കേടായതിനെ തുടര്‍ന്ന് അല്‍പനേരം വോട്ടിങ് തടസപ്പെട്ടു. ചിലയിടങ്ങളില്‍ വൈദ്യുതി നിലച്ചതും പ്രശ്‌നമായി. ഇവിടങ്ങളില്‍ അരമണിക്കൂറിനകം മെഷീന്‍ നന്നാക്കി പ്രശ്‌നം പരിഹരിച്ചു. നിലമ്പൂരിലെ മാവോവാദി ഭീഷണി പ്രദേശങ്ങളില്‍ കേന്ദ്രസേനയുടെ സാന്നിധ്യത്തില്‍ സമാധാനപരമായി പോളിങ് പൂര്‍ത്തിയാക്കി. കൊണ്ടോട്ടി അരൂര്‍ ബൂത്തിലും മഞ്ചേരി കാരക്കുന്ന് 32 മാനവേദന്‍ സ്‌കൂള്‍ ബൂത്തിലും ആറുമണിക്കും പോളിങ് പൂര്‍ത്തിയാവാത്തതിനെ തുടര്‍ന്ന് വരിയിലുള്ളവര്‍ക്കെല്ലാം സ്ലിപ്പ് നല്‍കി രാത്രിയാണ് വോട്ടിങ് പൂര്‍ത്തിയാക്കിയത്. നിലമ്പൂര്‍ ചെട്ടിയങ്ങാടി ജിഎംയുപി സ്‌കൂളില്‍ കല്ലേമ്പാടം രാജേശ്വരിയുടെ വോട്ട് മറ്റാരോ ചെയ്തതിനാല്‍ ഇവര്‍ക്ക് വോട്ട് ചെയ്യാനായില്ല.
Next Story

RELATED STORIES

Share it