malappuram local

വിധിയെഴുതാന്‍ ഇനി മൂന്ന് നാള്‍ മാത്രം; നാടാകെ ഇളക്കിമറിച്ച് പ്രചാരണത്തിന് മുന്നണികള്‍

പൊന്നാനി: മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫും മണ്ഡലം തിരിച്ചുപിടിക്കാന്‍ യുഡിഎഫും പതിനെട്ടടവും പയറ്റുന്ന പതിവു തിരഞ്ഞെടുപ്പുകള്‍ക്ക് അപ്പുറം ചെറുപാര്‍ട്ടികള്‍കൂടി കളം നിറയുന്ന കാഴ്ചയാണ് പൊന്നാനിയിലെ പ്രചാരണ വേദികളില്‍ കാണുന്നത്.
രണ്ടുമാസം നീണ്ട പ്രചാരണ കോലാഹലങ്ങള്‍ക്ക് തിരശ്ശീല വീഴാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജനമനസ് കീഴടക്കാനുള്ള അവസാന പോരാട്ടത്തിലാണ് മുന്നണികള്‍. സര്‍വപ്രവര്‍ത്തകരേയും കളത്തിലിറക്കിയുള്ള റോഡ്‌ഷോകളാണ് അവസാന ലാപ്പിനെ നിറമുള്ളതാക്കുന്നത്.
ദേശീയ നേതാക്കളെ കളത്തിലിറക്കി രണ്ട് മുന്നണികളും അങ്കം കൊഴുപ്പിക്കുന്നു.സോണിയ ഗാന്ധി-നരേന്ദ്രമോദി വാക്‌പോരിലൂടെ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണത്തിലേയ്‌ക്കെത്തിയതോടെ പൊന്നാനിയിലെ പ്രധാന തിരഞ്ഞെടുപ്പ് പ്രചരണ വിഷയങ്ങളും ഇതൊക്കെത്തന്നെയായിമാറി.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ആഞ്ഞടിക്കുന്ന വി എസാണ് ഇടതു പ്രചാരണത്തിന്റെ കുന്തമുന. പ്രകാശ് കാരാട്ട് മുതലുള്ള മുതിര്‍ന്ന നേതാക്കളാണ് ഇടത് സ്ഥാനാര്‍ഥി പി ശ്രീരാമകൃഷ്ണന് വേണ്ടി പ്രചരണത്തിനെത്തിയത്.
ആദ്യഘട്ടത്തിലെ വികസനവും അഴിമതിയും മാറി സ്ത്രീസുരക്ഷയും വോട്ടുമറിക്കലുമായി അവസാനറൗണ്ടിലെ ചര്‍ച്ച. യുഡിഎഫും എല്‍ഡിഎഫും പരസ്പരം ബിജെപി ബന്ധം ആരോപിക്കുമ്പോള്‍ പശ്ചിമ ബംഗാളിനെ ഉദാഹരിച്ച് ഇരുമുന്നണികളേയും ആക്രമിക്കുകയാണ് ബിജെപി.
ആളെയിറക്കിയുള്ള പ്രചാരണത്തിനപ്പുറത്ത് നവമാധ്യങ്ങളിലും പോര്‍മുഖം തുറന്ന് മുന്നണികള്‍ കടന്നാക്രമിക്കുന്നു. പഴുതടയ്ക്കാനുള്ള ശ്രമങ്ങളാണ് ശേഷിക്കുന്നത്. പൊന്നാനി മണ്ഡലത്തിലെ ആളുകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന രണ്ട് പ്രധാന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഇ വോട്ടെടുപ്പ് തന്നെ നടന്ന് കഴിഞ്ഞു.
ഒരാള്‍ക്ക് ഒരിക്കല്‍ മാത്രം കമന്റ് നല്‍കി സ്വന്തം പാര്‍ട്ടിയുടെ പേര് പറയുന്ന ഈ തിരഞ്ഞെടുപ്പ് ഫലം അടുത്ത ദിവസമാണ് പുറത്തുവിടുക. മണ്ഡലത്തില്‍ ബിജെപി വോട്ട് മറിക്കുന്നതിനെച്ചൊലി ഇരു മുന്നണികളും പരസ്പരം ആരോപണം ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗിലെ സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീറിന് യുഡിഎഫ് സ്ഥാനാര്‍ഥി അജയ് മോഹന്റെ വാര്‍ഡില്‍ വോട്ടുകള്‍ ചോര്‍ന്നതും ചര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.
കൊടും ചൂട് മാറി വന്ന മഴ കൊട്ടിക്കലാശത്തിന് തടസ്സമാകുമോയെന്ന ആശങ്കയും ബാക്കി. പൊന്നാനി, പെരുമ്പടപ്പ് സ്‌റ്റേഷന്‍ പരിധികളില്‍ കലാശക്കൊട്ട് വേണ്ടെന്ന് വച്ചതിനാല്‍ പൊന്നാനി മണ്ഡലത്തില്‍ കലാശക്കൊട്ട് ഉണ്ടാകില്ല.
അടിയൊഴുക്കിന് സാധ്യതയുള്ള ഈ അവസാന മണിക്കൂറുകളാണ് കേരളരാഷ്ട്രീയത്തിന്റെ വിധി നിര്‍ണ്ണയിക്കുക. കഴിഞ്ഞ തവണത്തേതില്‍ നിന്ന് ഭിന്നമായി പ്രവചനാതീതമായ മല്‍സരമാണ് പൊന്നാനി മണ്ഡലത്തില്‍.പൊന്നാനി നഗരസഭയില്‍ സിപിഐ- സിപിഎം ഭിന്നത ഇടതിന്റെ കെട്ടുറപ്പിനെ കാര്യമായി ബാധിക്കുന്നുണ്ട്. സിപിഐ രഹസ്യമായി യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് പിടിക്കുന്നതായി സിപിഎം ആരോപിക്കുന്നു.
മാറഞ്ചേരിയിലെ അനൈക്യവും സിപിഎമ്മിനെ വേട്ടയാടുന്നുണ്ട്.കഴിഞ്ഞ തവണത്തേതില്‍ നിന്ന് ഭിന്നമായി ജമാഅത്തെ ഇസ്‌ലാമിയുടെയും പിഡിപിയുടെ പിന്തുണയില്ലെങ്കിലും മികച്ച വിജയം നേടാനാകുമെന്ന് തന്നെയാണ് ഇടത് കണക്ക് കൂട്ടല്‍.
യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് മുഖ്യമന്ത്രി, വി എം സുധീരന്‍ കുഞ്ഞാലിക്കുട്ടി എന്നിവര്‍ എത്തിയിരുന്നു. ഗ്രൂപ്പ് വഴക്കുകള്‍ ഒഴിവാക്കി ചരിത്രത്തിലില്ലാത്ത കെട്ടുറപ്പാണ് കോണ്‍ഗ്രസ് ഇത്തവണ കാണിക്കുന്നത്.ചില പഞ്ചായത്തുകളില്‍ പ്രചാരണ രംഗത്ത് ലീഗിന്റെ അസാന്നിധ്യമാണ് യുഡിഎഫിനെ അസ്വസ്ഥമാക്കുന്നത്.
1350 കോടിയുടെ വികസനങ്ങള്‍ നടപ്പാക്കിയെന്നാണ് ഇടതുസ്ഥാനാര്‍ഥിയുടെ അവകാശവാദം. എന്നാല്‍, ഇതിന്റെ പൊള്ളത്തരങ്ങള്‍ തുറന്ന് കാണിച്ചുള്ള പ്രചാരണമാണ് യുഡിഎഫ് നടത്തുന്നത്. 1,90,703 വോട്ടര്‍മാരുള്ള പൊന്നാനിയില്‍ പതിനൊന്ന് സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്ത്.
യുഡിഎഫ്,എല്‍ഡിഎഫ്, ബിജെപി,എസ്ഡിപിഐ ,വെ ല്‍ഫെയര്‍ പാര്‍ട്ടി,പിഡിപി സ്ഥാനാര്‍ഥികള്‍ക്ക് പുറമെ അഞ്ച് സ്വതന്ത്രന്മാരും മല്‍സരരംഗത്തുണ്ട്. പൊന്നാനി മണ്ഡലത്തില്‍ 99,808 സ്ത്രീ വോട്ടര്‍മാരും 90,898 പുരുഷ വോട്ടര്‍മാരുമാണുമുള്ളത്.ഇതില്‍ 24,000 പേര്‍ പുതിയ വോട്ടര്‍മാരാണ്.
Next Story

RELATED STORIES

Share it