ernakulam local

വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം; ചങ്കിടിപ്പോടെ സ്ഥാനാര്‍ഥികള്‍

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാന്‍ ഒരു ദിനം മാത്രം ബാക്കി നില്‍ക്കെ ചങ്കിടിപ്പോടെ മണിക്കുറുകള്‍ തള്ളിനീക്കുകയാണ് സ്ഥാനാര്‍ഥികളും മുന്നണികളും.
2011 ലെ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 14 സീറ്റില്‍ 11 നേടി യുഡിഎഫ് ആധിപത്യം ഉറപ്പിച്ചെങ്കിലും ഇത്തവണ ഇതില്‍ മാറ്റമുണ്ടാവുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തുന്നത്. ജില്ലയില്‍ ഒമ്പത് സീറ്റ് വരെ ഇത്തവണ നേടുമെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളിലും എല്‍ഡിഎഫിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നതാണ്. യുഡിഎഫ് ഇത്തവണ മൂന്നു മുതല്‍ നാലുവരെ സീറ്റുകളില്‍ ഒതുങ്ങുമെന്നും എല്‍ഡിഎഫ് ഒമ്പതു മുതല്‍ 10 വരെ സീറ്റുകള്‍ നേടുമെന്നുമാണ് എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ കെ ബാബു, വി കെ ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ് എന്നിവര്‍ പരാജയപ്പെടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. എന്നാല്‍ ഈ എക്‌സിറ്റ് പോള്‍ ഫലം ഒരിക്കലും ശരിയാവാന്‍ സാധ്യതയില്ലെന്നാണ് തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ കെ ബാബു പറയുന്നത്. ഇത് ശരിയാവുകയാണെങ്കില്‍ ബിജെപി സിപിഎമ്മിന് വോട്ടു ചെയ്തുവെന്നാണ് വ്യക്തമാവുന്നതെന്നും ബാബു പറഞ്ഞു. എന്നാല്‍ ഇത്തവണ ജില്ലയില്‍ വന്‍ മുന്നേറ്റം നടത്തുമെന്നു തന്നെയാണ് എല്‍ഡിഎഫിന്റ വിലയിരുത്തല്‍. പുറത്തുവന്നിരിക്കുന്ന എക്‌സിറ്റ് പോള്‍ ഫലം യാഥാര്‍ഥ്യമായി മാറുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നു.
അങ്കമാലി, പെരുമ്പാവൂര്‍, ആലുവ, കളമശ്ശേരി, കുന്നത്ത് നാട്, കൊച്ചി, തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കോതമംഗലം എന്നീ മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടമാണ് നട—ന്നത്. ഇത് ശരിവയ്ക്കുന്ന വിധത്തിലുളള പോളിങ് ശതമാനമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2011ല്‍ പോളിങ് ശതമാനം 81.13 ആയിരുന്ന പെരുമ്പാവൂരില്‍ ഇക്കുറിയത് 83.80 ആയി. അങ്കമാലിയില്‍ 82.84 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞതവണയിത് 81.24 ശതമാനമായിരുന്നു. ആലുവയില്‍ 2011നെ അപേക്ഷിച്ച് പോളിങ് ശതമാനത്തില്‍ വര്‍ധനയുണ്ട്. അന്ന് 80.25 ആയിരുന്നത് ഇക്കുറി 82.97 ആയി. കളമശ്ശേരിയില്‍ 81.24 ശതമാനമാണ് പോളിങ്. 2011 ലിത് 79.55 ശതമാനമായിരുന്നു. കഴിഞ്ഞതവണ ജില്ലയില്‍ ഏറ്റവും കുറവ് പോളിങ് ശതമാനം രേഖപ്പെടുത്തിയ കൊച്ചിയില്‍ ഇക്കുറി നല്ല മാറ്റമാണുണ്ടായിട്ടുള്ളത്. 2011ല്‍ പോളിങ് ശതമാനം 66.91 ആയിരുന്നത് ഇക്കുറി 72.09 ആയി ഉയര്‍ന്നു. തൃക്കാക്കരയില്‍ 2011ല്‍ 73.62 ശതമാനമായിരുന്ന പോളിങ് ശതമാനം ഇക്കുറി 74.47 ആയി ഉയര്‍ന്നു.
കുന്നത്തുനാട്ടില്‍ കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടുശതമാനത്തോളം വോട്ടാണ് കൂടുതലായി രേഖപ്പെടുതത്തിയത്. 2011ല്‍ 83.36 ശതമാനമായിരുന്ന പോളിങ് ശതമാനം ഇക്കുറി 85.36 ആയി. പിറവത്ത് പോളിങ് കഴിഞ്ഞതവണ 79.08 ആയിരുന്നത് ഇക്കുറി 80.40 ശതമാനമായി ഉയര്‍ന്നു.
കഴിഞ്ഞതവണ 74.12 പോളിങ് ശതമാനം രേഖപ്പെടുത്തിയ കോതമംഗലത്ത് മൂന്നുശതമാനത്തിലേറെ വോട്ടുകളാണ് ഇക്കുറി കൂടുതലായി പോള്‍ ചെയ്തത്. ഇക്കുറി പോളിങ് ശതമാനം 77.38 ആയാണ് ഉയര്‍ന്നത്. ശക്തമായ പോരാട്ടം നടന്ന തൃപ്പൂണിത്തുറയില്‍ ഇത്തവണ പോളിങ് ശതമാനത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട് 2011ല്‍ 76.25 ആയിരുന്നു പോളിംഗ് ശതമാനം. ഇത്തവണ 76.20 ശതമാനമായി കുറഞ്ഞു.
പറവൂരില്‍ 83.43 ശതമാനമാണ് പോളിങ്. വൈപ്പിനില്‍ ഇക്കുറി പോളിങ് ശതമാനം 79.43 ആയിട്ടുണ്ട്. കഴിഞ്ഞതവണത്തേക്കാള്‍ അല്‍പ്പം കൂടി. 2011ല്‍ ഇവിടെ 79.26 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. എറണാകുളത്തും പോളിങ് ശതമാനം ഭേദപ്പെട്ടു. കഴിഞ്ഞതവണ 71.64 ആയിരുന്നത് ഇക്കുറി 72 ശതമാനമായിട്ടുണ്ട്.
മൂവാറ്റുപുഴയിലും മികച്ച പോളിങ്ങാണ് നടന്നത്. 79.04 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ കഴിഞ്ഞതവണയിത് 75.03 ആയിരുന്നു.
ഉയര്‍ന്ന പോളിങ് ശതമാനം തങ്ങള്‍ക്കനുകൂലമാവുമെന്നാണ് ഇരുമുന്നണികളും കരുതുന്നത്. സിപിഎമ്മിന്റെ രണ്ടു സിറ്റിങ് സീറ്റുകളിലൊന്നായ പെരുമ്പാവൂരില്‍ ഇത്തവണ വിജയിയെ നിശ്ചയിക്കുന്നതില്‍ ജിഷ കൊലപാതകം നിര്‍ണായകമാവും.
സിറ്റിങ് എംഎല്‍എയായ സാജുപോള്‍ തന്നെ വീണ്ടും വിജയിക്കുമെന്നു തന്നെയായിരുന്നു തുടക്കം മുതലുണ്ടായിരുന്ന കണക്കുകൂട്ടലെങ്കിലും ജിഷയുടെ കൊലപാതകവും സാജുപോളിനെതിരേ ജിഷയുടെ മാതാവ് രാജേശ്വരി രംഗത്തുവന്നതും സാജുപോളിനെ ഒരു പരിധിവരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ജില്ലയിലെ മറ്റുമണ്ഡലങ്ങളിലെ സത്രീ വോട്ടര്‍മാര്‍ക്കിടയിലും ജിഷയുടെ കൊലപാതകം സ്വാധീനം ചെലുത്തിയിട്ടുണ്ട്. കളമശ്ശേരി, ആലുവ, പെരുമ്പാവൂര്‍, കൊച്ചി, പെരുമ്പാവൂര്‍, കുന്നത്തുനാട്, തൃക്കാക്കര, കോതമംഗലം, മൂവാറ്റുപുഴ എന്നിങ്ങനെ ഒമ്പതു മണ്ഡലങ്ങളില്‍ എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥികള്‍ പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാവും. ആലുവ, കളമശ്ശേരി, കൊച്ചി, തൃപ്പൂണിത്തുറ, തൃക്കാക്കര മണ്ഡലങ്ങളില്‍ അടിയൊഴുക്കുകള്‍ ഉണ്ടായതായും സൂചനയുണ്ട്.
ശക്തമായ പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ പെടുന്നതാണ് ഈ മണ്ഡലങ്ങള്‍. അതിനാല്‍ തന്നെ വിജയിക്കുന്നവര്‍ക്ക് വലിയ ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നത്.
തൃപ്പൂണിത്തുറ, കളമശ്ശേരി, പറവൂര്‍ എന്നിവടങ്ങളില്‍ ബിജെപി-ബിഡിജെഎസ് പിടിക്കുന്ന വോട്ടുകളും നിര്‍ണായകമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Next Story

RELATED STORIES

Share it