വിദ്വേഷപ്രചാരണത്തിനെതിരേ വിശാലസഖ്യത്തിന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : രാജ്യത്ത് വിദ്വേഷം പരത്തുന്നവര്‍ക്കെതിരേ സമാനചിന്താഗതിയുള്ള പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കും. വിദ്വേഷം പരത്തുന്നവര്‍ക്കെതിരെ യാതൊരു നടപടിയും നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ ആരോപിച്ചു. മോദി സര്‍ക്കാരിന്റെ നീച പദ്ധതിക്കെതിരേ എല്ലാ ജനാധിപത്യ മതേതര പുരോഗമനശക്തികളെയും അണിനിരത്തും. ഫലപ്രദമായ നടപടിയെടുക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുകയാണ് ലക്ഷ്യം. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രാജ്യത്ത് നടന്ന സംഭവങ്ങള്‍ അങ്ങേയറ്റം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നിന്ദ്യമായ പല നടപടികളും ലോകത്ത് ഇന്ത്യയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്നും ആനന്ദ് ശര്‍മ പറഞ്ഞു. രാജ്യത്ത് കടുത്ത അസ്വാരസ്യമുണ്ടാക്കുന്നവര്‍ക്കെതിരേ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നടത്തിയ പ്രസ്താവനയില്‍ കോണ്‍ഗ്രസ് തൃപ്തരല്ലെന്നും ശര്‍മ പറഞ്ഞു. ഇത്തരം ശക്തികള്‍ക്കെതിരായ നടപടികളെപ്പറ്റി ജെയ്റ്റ്‌ലി ഒന്നും പറഞ്ഞിട്ടില്ല. വാസ്തവത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ട ഒരു സംഭവം മാത്രമല്ല നടന്നത്. ഓരോ സംഭവങ്ങളെപ്പറ്റിയും ഭരണകക്ഷി നേതാക്കള്‍ വിവാദപരമായ പ്രസ്താവനകളാണിറക്കുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്തവും ധാര്‍മികതയും നിര്‍വഹിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടിരിക്കുകയാണെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it