wayanad local

വിദ്വേഷം ജനിപ്പിക്കുന്ന പ്രവര്‍ത്തനം അരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

കല്‍പ്പറ്റ: വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ യാതൊരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയപ്പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടാന്‍ പാടില്ലെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍. മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളെക്കുറിച്ചുള്ള വിമര്‍ശനം അവരുടെ നയങ്ങളിലും പരിപാടികളിലും പൂര്‍വകാല ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും മാത്രമായി ഒതുക്കിനിര്‍ത്തണം. മറ്റു പാര്‍ട്ടികളുടെ നേതാക്കളുടെയോ പ്രവര്‍ത്തകരുടെയോ പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വിമര്‍ശിക്കരുത്.
അടിസ്ഥാനരഹിതമോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റു പാര്‍ട്ടികളെയും പ്രവര്‍ത്തകരെയും വിമര്‍ശിക്കരുത്. ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കരുത്. ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുത്. സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, അവരെ ഭീഷണിപ്പെടുത്തുക, ആള്‍മാറാട്ടം നടത്തുക, പോളിങ് സ്റ്റേഷന്റെ 100 മീറ്ററിനുള്ളില്‍ വോട്ട് പിടിക്കുക, പോളിങ് അവസാനിക്കുന്നതിന് നിശ്ചയിച്ച സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ സമയത്ത് പൊതുയോഗങ്ങള്‍ നടത്തുക, പോളിങ് സ്‌റ്റേഷനില്‍ നിന്നും പോളിങ് സ്‌റ്റേഷനിലേക്കും സമ്മതിദായകരെ വാഹനത്തില്‍ കൊണ്ടുപോവുക തുടങ്ങി തിരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള കുറ്റങ്ങളും അഴിമതി പ്രവര്‍ത്തനങ്ങളും എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഒഴിവാക്കേണ്ടതാണ്.
ഒരു വ്യക്തിയുടെ രാഷ്ട്രീയാഭിപ്രായങ്ങളോടും പ്രവര്‍ത്തനങ്ങളോടും എത്രതന്നെ വെറുപ്പുണ്ടായിരുന്നാലും സമാധാനപരമായും അലട്ടില്ലാതെയും സ്വകാര്യജീവിതം നയിക്കുന്നതിനുള്ള വ്യക്തികളുടെ അവകാശത്തെ മാനിക്കണം. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിന് അവരുടെ വീടിനു മുന്നില്‍ പ്രകടനം നടത്തുക, പിക്കറ്റ് ചെയ്യുക തുടങ്ങിയവ പാടില്ല. ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവയില്‍ ആ വ്യക്തിയുടെ അനുവാദം കൂടാതെ കൊടിമരം നാട്ടാനോ ബാനറുകള്‍ കെട്ടാനോ പരസ്യങ്ങള്‍ പതിക്കാനോ മുദ്രാവാക്യമെഴുതനോ പാടില്ല. മറ്റു പാര്‍ട്ടികളുടെ യോഗങ്ങളെയോ ജാഥകളെയോ തങ്ങളുടെ അനുയായികള്‍ തടസ്സപ്പെടുത്തുകയോ അവയില്‍ ഛിദ്രമുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് രാഷ്ട്രീയപ്പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഉറപ്പുവരുത്തണം. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രവര്‍ത്തകരോ അനുഭാവികളോ തങ്ങളുടെ പാര്‍ട്ടികളുടെ ലഘുലേഖകള്‍ വിതരണം ചെയ്‌തോ നേരിട്ടോ രേഖാമൂലമോ ചോദ്യങ്ങള്‍ ഉന്നയിച്ചോ മറ്റൊരു പാര്‍ട്ടിയുടെ യോഗങ്ങളില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല. ഒരു പാര്‍ട്ടിയുടെ ചുമര്‍ പരസ്യങ്ങള്‍ മറ്റൊരു പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യാന്‍ പാടില്ലെന്നും മാതൃകാ പെരുമാറ്റച്ചട്ടം നിര്‍ദേശിക്കുന്നു.
Next Story

RELATED STORIES

Share it