വിദ്യാര്‍ഥി സമരം: ഹെല്‍ത്ത് സയന്‍സ് പഠനവിഭാഗം പൂട്ടി

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്‌സിറ്റി കാംപസിലെ ഹെല്‍ത്ത് സയന്‍സ് പഠനവിഭാഗം വിദ്യാര്‍ഥി സമരം കാരണം അനിശ്ചിതകാലത്തേക്ക് പൂട്ടി. ഹോസ്റ്റല്‍-കെട്ടിട സൗകര്യങ്ങള്‍, കൃത്യസമയത്ത് പരീക്ഷകള്‍ നടത്തുക, സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ എന്നീ ആവശ്യങ്ങളുന്നയിച്ച് വിദ്യാര്‍ഥികള്‍ ഇന്നലെ സെന്ററിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുകയായിരുന്നു. എന്നാല്‍, ഉച്ചയോടെ പ്രൊ വൈസ് ചാന്‍സലര്‍ പ്രഫ. മോഹനന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കുകയും ആവശ്യങ്ങളില്‍ ഒപ്പുവച്ച് നല്‍കുകയും ചെയ്തിരുന്നു.
ചര്‍ച്ച കഴിഞ്ഞു പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ വീണ്ടും സമരത്തിനിറങ്ങിയതിന്റെ പേരില്‍ ഹെല്‍ത്ത്‌സയന്‍സ് പഠനവിഭാഗം അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടാന്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. സി ഡി സെബാസ്റ്റിയന്‍ ശുപാര്‍ശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഠനവിഭാഗം അടച്ചുപൂട്ടാന്‍ അധികൃതര്‍ ഉത്തരവിട്ടത്.
ഒരാഴ്ചയ്ക്കുള്ളില്‍ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കും, വൈകിയ പരീക്ഷകള്‍ ഉടന്‍ നടത്തും, ഇന്റേണല്‍ മാര്‍ക്ക് സംബന്ധിച്ച പരാതി ലഭിച്ചാല്‍ പരിഹരിക്കും, സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകാര്യത്തില്‍ സിന്‍ഡിക്കേറ്റ് പരിഹാരം കാണും എന്നിവയായിരുന്നു ചര്‍ച്ചയിലെ തീരുമാനങ്ങള്‍. മനുഷ്യാവകാശ കമ്മീഷന് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ ഡയരക്ടര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കിയിരുന്നു. ഭീമമായ ഫീസ് ഈടാക്കിയിട്ടും സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.
വിദ്യാര്‍ഥി സംഘര്‍ഷത്താല്‍ അടച്ചുപൂട്ടിയ വാഴ്‌സിറ്റി എന്‍ജിനീയറിങ് കോളജ് ഇന്നു തുറക്കുമെന്നറിയിച്ചിരുന്നുവെങ്കിലും വീണ്ടും സംഘട്ടനസാധ്യത കണക്കിലെടുത്ത് ക്ലാസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Next Story

RELATED STORIES

Share it