വിദ്യാര്‍ഥി മര്‍ദ്ദനം: പോലിസ് ആസ്ഥാനത്തേക്ക് മാര്‍ച്ച്

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ആര്‍എസ്എസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളെ ഡല്‍ഹി പോലിസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹി പോലിസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. രാവിലെ 11 മണിക്കു ശേഷം ഐടിഒ മെട്രോ സ്‌റ്റേഷന് സമീപത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് പോലിസ് ആസ്ഥാനത്തിന് തൊട്ടുമുമ്പുള്ള പിഡബ്ല്യൂഡി കാര്യാലയത്തിനു മുന്നില്‍ പോലിസ് തടഞ്ഞു. എന്നാല്‍, പോലിസ് ബാരിക്കേഡുകള്‍ക്കു മുകളില്‍ കയറി ഡല്‍ഹി പോലിസിനും ആര്‍എസ്എസിനും എതിരേ മുദ്രാവാക്യം വിളി തുടര്‍ന്ന പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ പിന്നീട് മാര്‍ച്ചിന്റെ റൂട്ട് മാറ്റുകയും റോഡിലേക്കിറങ്ങുകയും ചെയ്തു.
തുടര്‍ന്ന് അരമണിക്കൂറോളം റോഡില്‍ സമരം തുടര്‍ന്ന വിദ്യാര്‍ഥികള്‍ വീണ്ടും പോലിസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചെങ്കിലും തടഞ്ഞു.
മാര്‍ച്ച് തുടങ്ങുന്നതിനു മുമ്പ് ദേശീയമാധ്യമങ്ങളുടെ വന്‍ സംഘം തന്നെ സ്ഥലത്തെത്തിയിരുന്നു. നിരവധി വനിതാ പോലിസുകാരെയും ഇന്നലെ വിന്യസിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന മാര്‍ച്ചിനിടെ മാധ്യമ പ്രവര്‍ത്തകരെയും പോലിസ് ആക്രമിച്ചു. കെവൈഎസ്, കാംപസ് ഫ്രണ്ട്, ഐസ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം മൂന്നു മണിക്കൂറോളം നീണ്ടു.
ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയും ദലിത് വിദ്യാര്‍ഥി നേതാവുമായ രോഹിത് വെമുലയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസമാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്. എന്നാല്‍, സമാധാനപരമായി നടന്ന മാര്‍ച്ചിനിടെ പുരുഷന്മാരായ പോലിസുകാര്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it